
മുംബൈ: ലോക്‌പാല്‍ പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ സംഘം പ്രഖ്യാപിച്ച പ്രതിഷേധപരിപാടികള്‍ മറ്റുള്ളവര്‍ക്കു ചിലപ്പോള്‍ ശല്യമായേക്കുമെന്നു മുംബൈ ഹൈക്കോടതി. സത്യഗ്രഹമെന്നു വിശേഷിപ്പിക്കുന്ന ഹസാരെയുടെ പ്രക്ഷോഭം പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ രാഷ്‌ട്രീയലക്ഷ്യത്തോടെയാണോ എന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്ലിനോടുള്ള പ്രതിഷേധമറിയിച്ച് 27 മുതല്‍ മൂന്നുദിവസം നടത്തുന്ന സത്യഗ്രഹത്തിനായി മുംബൈയിലെ എം.എം.ആര്‍.ഡി.എ. മൈതാനം സൗജന്യമായോ സൗജന്യനിരക്കിലോ വിട്ടുതരാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസുമാരായ പി.ബി. മജുംദാര്‍, മൃദുല ഭട്‌കര്‍ എന്നിവരുടെ നിരീക്ഷണം. മൈതാനത്തിന്റെ വാടക കുറയ്‌ക്കണമെന്ന് ഉത്തരവിടാന്‍ നിയമം അനുവദിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. സത്യഗ്രഹവേദി മാറ്റില്ലെന്നും മൈതാനവാടകയായി അധികൃതര്‍ ആവശ്യപ്പെട്ട ഭീമമായ തുക കണ്ടെത്താന്‍ ജനങ്ങളില്‍നിന്നു പിരിവെടുക്കുമെന്നും അണ്ണാ ഹസാരെ റലേഗാവ് സിദ്ധിയില്‍ വ്യക്‌തമാക്കി. അതേസമയം, ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കേ സമാന്തരപ്രചാരണം നടത്തുന്നതിനെ കോടതി നിശിതമായി വിമര്‍ശിച്ചതു ഹസാരെ സംഘത്തിനു കനത്ത പ്രഹരമായി. ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതു ചര്‍ച്ച ചെയ്യട്ടെ. ഏതു രൂപത്തിലാകും പാര്‍ലമെന്റ് അതിന് അംഗീകാരം നല്‍കുകയെന്നു പ്രവചിക്കാന്‍ കഴിയില്ല. അതിനിടെ പൊതുസംവാദം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എം.എം.ആര്‍.ഡി.എ. മൈതാനത്തിന് അധികൃതര്‍ പ്രതിദിനം 3.5 ലക്ഷം രൂപയാണു വാടക ആവശ്യപ്പെട്ടത്. മുംബൈയിലെതന്നെ ആസാദ് മൈതാനത്തു ക്രിക്കറ്റ് പിച്ചുകള്‍ നിര്‍മിച്ചിരിക്കുന്ന ഭാഗം വിട്ടുകൊടുക്കാന്‍ തയാറല്ലെന്നും അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു. ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്‌ഥാനവുമായി ബന്ധപ്പെട്ട 'ജാഗ്രത് നാഗരിക് മഞ്ച്' എന്ന സംഘടനയാണ് ഇതിനെതിരേ കോടതിയെ സമീപിച്ചത്. ആസാദ് മൈതാനം മുഴുവന്‍ തുറന്നുതരണമെന്നു നിര്‍ദേശിക്കാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. എം.എം.ആര്‍.ഡി.എ. മൈതാനത്തിനു വാടക ഒഴിവാക്കി നല്‍കണമെന്ന് ഉത്തരവിടാന്‍ തക്കവണ്ണം ദേശീയപ്രാധാന്യമുള്ള പരിപാടിയാണു നടത്താനിരിക്കുന്നതെന്നു തോന്നുന്നില്ല. 'നിങ്ങള്‍ക്ക് അതു സത്യഗ്രഹസമരമായിരിക്കാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അതു ശല്യമായിരിക്കും'. ഹര്‍ജി അനുവദിച്ച് ഉത്തരവിടുന്നത് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലുള്ള ഇടപെടലായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. മൈതാനം സൗജന്യനിരക്കില്‍ കിട്ടാന്‍ രജിസ്‌ട്രേഡ് സംഘടന മുഖേന വീണ്ടും അപേക്ഷ നല്‍കുമെന്നു ഹര്‍ജിക്കാര്‍ അറിയിച്ചു. എന്നാല്‍, വാടക ഇളവിനായി അനുയായികള്‍ കോടതിയെ സമീപിച്ചതു തന്റെ അറിവോടെയായിരുന്നില്ലെന്നു ഹസാരെ പറഞ്ഞു. വാടകത്തുക കണ്ടെത്താന്‍ ചെക്കായും ഡ്രാഫ്‌റ്റായും സംഭാവന സ്വീകരിക്കും. സംഭാവനകളുടെ സുതാര്യത ഉറപ്പാക്കും. ഹസാരെ മുംബൈയില്‍ ഉപവസിക്കുമ്പോള്‍ സംഘാംഗങ്ങളായ കിരണ്‍ ബേദിയും അരവിന്ദ് കെജ്രിവാളും ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. പൊതുസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്‍ തീര്‍ത്തും ഏകപക്ഷീയമാണെന്നു ഹസാരെ കുറ്റപ്പെടുത്തി. പഞ്ചായത്തീരാജ് ബില്‍ കൊണ്ടുവരുന്നതിനുമുമ്പു രാജീവ് ഗാന്ധി അഞ്ചരലക്ഷത്തോളം ഗ്രാമമുഖ്യന്മാരുടെ അഭിപ്രായം തേടിയിരുന്നു. ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തന്നിഷ്‌ടമാണു കാട്ടുന്നത്. അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എം.പിമാരുടെ വസതികള്‍ക്കു മുന്നില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹസാരെ അറിയിച്ചു. ഡല്‍ഹിയില്‍ സമരം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും അതിശൈത്യം കണക്കിലെടുത്താണു ഹസാരെയുടെ സത്യഗ്രഹം മുംബൈയിലേക്കു മാറ്റിയതെന്നു കിരണ്‍ ബേദി പറഞ്ഞു. വൃദ്ധനായ ഹസാരെയ്‌ക്കും അദ്ദേഹത്തോടൊപ്പം സമരത്തിനെത്തുന്നവര്‍ക്കും അതിശൈത്യത്തില്‍ നിരാഹാരമിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. രാംലീലാ മൈതാനത്ത് അഞ്ചുദിവസം സമരം അനുവദിക്കാന്‍ ഡല്‍ഹി പോലീസ് സമ്മതമറിയിച്ച സാഹചര്യത്തിലാണു കിരണ്‍ ബേദി നിലപാട് വ്യക്‌തമാക്കിയത്. |
No comments:
Post a Comment
please make the cooments and share