Tuesday 20 December 2011

ഹസാരെ ലോക്‌പാല്‍ കരട്‌ തളളി: നിരാഹാരത്തിന്‌

റലേഗണ്‍ സിദ്ധി: ലോക്‌പാല്‍ വിഷയത്തില്‍ അണ്ണാ ഹസാരെ നിലപാട്‌ ശക്‌തമാക്കുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ കരട്‌ ലോക്‌പാല്‍ തളളുകയാണെന്നും ഡിസംബര്‍ 27 മുതല്‍ മൂന്ന്‌ ദിവസം ശക്‌തമായ ലോക്‌പാല്‍ ബില്ലിനു വേണ്ടി നിരാഹാരമിരിക്കുമെന്നും ഹസാരെ മാധ്യമങ്ങളെ അറിയിച്ചു. ലോക്‌പാല്‍ അടക്കം മൂന്ന്‌ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന്‌ 27 ന്‌ സമാപിക്കേണ്ട പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 29 വരെ ദീര്‍ഘിപ്പിച്ച അവസരത്തിലാണ്‌ ഹസാരെ വീണ്ടും പിടിമുറുക്കുന്നത്‌.

സര്‍ക്കാര്‍ തയ്യാറാക്കിയ ലോക്‌പാല്‍ റിപ്പോര്‍ട്ട്‌ കണ്ണില്‍പൊടിയിടാനുളളതാണ്‌. സര്‍ക്കാര്‍ അഴിമതിയെ ഗൗരവമായി കാണുന്നില്ല. ലോക്‌പാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തെന്ന്‌ വ്യക്‌തമല്ല എന്നും ഹസാരെ പറയുന്നു. ഡിസംബര്‍ 30 മുതല്‍ മൂന്ന്‌ ദിവസം ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും അതിനു ശേഷം തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്‌ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ ലോക്‌പാല്‍ ബില്ലിനെ കുറിച്ചും കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ചും സമ്മതിദായകരെ ബോധവല്‍ക്കരിക്കുമെന്നും ഹസാരെ വ്യക്‌തമാക്കി.

മുമ്പുളളതില്‍ നിന്നും കൂടുതല്‍ പിന്തുണ ജനങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നു എന്നും നടക്കാനിരിക്കുന്നത്‌ വലിയൊരു മുന്നേറ്റമായിരിക്കും എന്നും സര്‍ക്കാര്‍ ജനകീയ മുന്നേറ്റത്തില്‍ നിന്ന്‌ ഒരു പാഠം പഠിക്കുമെന്നും ശക്‌തമായ ലോക്‌പാലിനായി മരണം വരെ പോരാടുമെന്നും ഹസാരെ പറയുന്നു. 

No comments:

Post a Comment

please make the cooments and share