Wednesday 21 December 2011

കോളജുകളില്‍ ജീവികളെ കീറിമുറിച്ചുള്ള പഠനം തീരുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മിഷന്റെ കീഴിലുള്ള എല്ലാ കോളജിലും വന്യജീവി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം. അതിന്റെ ഭാഗമായി 90 വര്‍ഷത്തിലധികമായി കോളജുകളില്‍ തുടരുന്ന ചെറുജീവികളെ കീറിമുറിച്ചുള്ള പഠനം (അനിമല്‍ ഡിസക്ഷന്‍) അവസാനിക്കും. പാഠ്യപദ്ധതിയിലുള്ള ചെറുജീവികളെ അവയുടെ ആവാസവ്യവസ്‌ഥയില്‍ നേരിട്ടുകണ്ടും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെയും മാത്രം പഠിക്കാനും യു.ജി.സി. നിര്‍ദേശം നല്‍കി. 

ബി.എസ്സി. ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അനിമല്‍ ഡിസക്ഷന്‍ പൂര്‍ണമായി അവസാനിപ്പിക്കാനാണു യു.ജി.സി. നിര്‍ദേശം നല്‍കിയത്‌. പഠിപ്പിക്കുന്ന അധ്യാപകനു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച്‌ ഒരുപ്രാവശ്യം എക്‌സ്പെരിമെന്റ്‌ നടത്താം. ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കു പഠനകാലയളവിനുള്ളില്‍ രണ്ടു പ്രാവശ്യം മാത്രമേ എക്‌സ്പെരിമെന്റ്‌ നടത്താനാകൂ.

ഭൂരിഭാഗം കോളജുകളിലെ വിദ്യാര്‍ഥികളും യു.ജി.സി. നിര്‍ദേശം സ്വാഗതം ചെയ്യുന്നുണ്ട്‌. പുതിയ നിര്‍ദേശം നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങളാണു അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്‌. ചെറുജീവികളെ അവയുടെ ആവാസവ്യവസ്‌ഥയില്‍ നേരിട്ടുകണ്ടു പഠിക്കുകയെന്നതു ബുദ്ധിമുട്ടാണ്‌.

ഈ ക്ലാസുകളില്‍ കുട്ടികളെയും കൊണ്ടു പുറത്തുപോകേണ്ടിവരും. കൂടാതെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പഠിപ്പിക്കാന്‍ കൂടുതല്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ലാബുകളില്‍ ഒരുക്കണം.

എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ സോഫ്‌റ്റ്വേര്‍ ലോഡ്‌ ചെയ്‌ത കമ്പ്യൂട്ടര്‍ നല്‍കണം. തവളകളെ കീറിമുറിച്ചു പഠിക്കാന്‍ അമേരിക്കന്‍ കമ്പനി പുറത്തിറക്കിയ പ്രോ ഡിസക്‌ടര്‍ ഫ്രോഗ്‌ എന്ന പുതിയ സോഫ്‌റ്റ്വേറിനു 4500 രൂപയാണു വില. അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ സോഫ്‌റ്റ്വേര്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കോ യു.ജി.സി. പ്രത്യേകഫണ്ട്‌ നല്‍കില്ലെന്നതും പോരായ്‌മയായി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

പരിസ്‌ഥിതി പ്രവര്‍ത്തകരുടെ പരാതി പരിഗണിച്ചാണു കോളജുകളില്‍ വന്യജീവി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ യു.ജി.സി. തീരുമാനിച്ചത്‌. നിയമത്തിന്റെ ഭാഗമായി ചെറുജീവികളോടുള്ള ക്രൂരത തടയാനും യു.ജി.സി. നിര്‍ദേശം നല്‍കി. അനിമല്‍ ഡിസക്ഷനു വേണ്ടി ചെറുജീവികളെ വളര്‍ത്തുന്ന നിരവധി കോളജുകളുണ്ട്‌. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളജുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും യു.ജി.സി. മുന്നറിയിപ്പു നല്‍കി. 

No comments:

Post a Comment

please make the cooments and share