Sunday, 11 December 2011

യിസ്രയേലില്‍ പ്രക്ഷോഭം ശക്തമാകുന്നു


യിസ്രയേലില്‍ പ്രക്ഷോഭം ശക്തമാകുന്നു
ക്രിസ്റ്റി പി ജോണ്‍
യിസ്രയേലിന് എന്താണ് സംഭവിക്കുന്നത്! നെതന്യാഹു ഗവണ്‍മെന്റിനോ, ജൂത സമൂഹത്തിനോ ഇക്കാര്യത്തില്‍ മറുപടിയില്ല. ഐക്യബോധവും സ്വരാജ്യ സ്‌നേഹവും കൊണ്ട് ലോകത്തിന് മാതൃക കാട്ടിയ യിസ്രയേല്‍ തല്‍ സ്ഥാനത്തു നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുന്നു. ഏക മനസ്സുക്കളായ ഈ ജനതക്കിടയില്‍ പല ചേരികള്‍ രൂപപ്പെട്ടു കഴിഞ്ഞു. മേലാള കീഴാള ബന്ധത്തിലമരുകയാണ് ജൂതവിഭാഗങ്ങള്‍. നിജസ്ഥിതികള്‍ ഏറെ കലുഷിതമാകവെ പ്രക്ഷോഭങ്ങള്‍ രാഷ്ട്രമൊട്ടാകെ അണപൊട്ടിയൊഴുകുന്നു. ക്രൂരതയുടെ മുഖത്തെ ജൂതന്‍ ഇത്രമേല്‍ സ്‌നേഹിക്കുന്നതെന്തുകൊണ്ട് എന്നതിന് ഉത്തരമില്ല. ചരിത്രത്തിന്റെ ഏടുകളിലെ അവശിഷ്ടങ്ങള്‍ ചികഞ്ഞ് വേദികളില്‍ വാഴ്ത്തിപ്പാടുന്ന പ്രസംഗകര്‍ മാത്രം യിസ്രയേലിനെ പിന്തുണക്കുന്നു. അബ്രഹാമും ദാവീദും മാത്രം തലയുയര്‍ത്തി നിന്ന ഭൂത കാലത്തിന്റെ ഗീതകങ്ങള്‍ ഇനി പാടുന്നതിന് മുമ്പ് സമകാലിക യിസ്രയേലിനെ സസൂക്ഷ്മം വീക്ഷിക്കണം. യിസ്രയേലെന്നു കേള്‍ക്കുമ്പോള്‍ (ക്രിസ്തുയേശു എന്നു കേള്‍ക്കുമ്പോള്‍  ഉള്ളതിനെക്കാള്‍ ഉപരി) പുളകിതരാവുന്ന ക്രിസ്ത്യാനികളും ആ തുള്ളല്‍ നിര്‍ത്തണം. യിസ്രയേല്‍ ക്രൂരതയുടെയും മാനുഷീക ധ്വംസനങ്ങളുടെ നഗ്ന യാഥാര്‍ത്ഥ്യങ്ങളില്‍ ചിലത് കഴിഞ്ഞ ലക്കങ്ങളില്‍ യുഗാന്ത്യ സന്ദേശം ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര നയങ്ങളില്‍ പേപിടിച്ച ഇസ്രായേല്‍ ആഭ്യന്തര മേഖലയിലും വ്യത്യസ്തരാവുന്നില്ല.
തെരുവു പ്രക്ഷോഭങ്ങള്‍
ലോക്പാല്‍ ബില്‍ സമരത്തില്‍ അണ്ണാ ഹസാരയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ ജനതയെ വേഗത്തില്‍ മറക്കാനാവുന്നില്ല. ലോക്പാല്‍ ബില്‍ പ്രക്ഷോഭത്തിലെ ജനസമ്മതിയോട് ഒത്തിണങ്ങുന്ന സമരമാണ് യിസ്രയേലില്‍ നടക്കുന്നത്. ജൂലൈ 14ന് ആരംഭിച്ച യിസ്രയേലിലെ ആഭ്യന്തര പ്രക്ഷോഭം ജൂലൈ 16ന് രണ്ടു ലക്ഷം പേരുടെ സമരമായി മാറി. യിസ്രയേലിന്റെ തലസ്ഥാന നഗരിയായ ടെല്‍-അവീവില്‍ ആഗസ്റ്റ് 6ന്  പ്രക്ഷോഭകാരികളുടെ എണ്ണം 3 ലക്ഷം ആയി ഉയര്‍ന്നു. യിസ്രയേലിലെ മൊത്തം ജനസംഖ്യ 70 ലക്ഷം ആണ് എന്നത് തിരിച്ചറിയുമ്പോള്‍, പ്രക്ഷോഭത്തിലെ ജനകരുത്ത് വ്യക്തമാകും. മിസ് കോള്‍.... പിന്തുണയും, ഫെയ്‌സ് ബുക്കിലെ പിന്‍താങ്ങലുകള്‍ക്കുമെല്ലാം പുറമെ, നിരത്തിലിറങ്ങിയുള്ള സമരമായിരുന്നു യിസ്രയേലില്‍ നടമാടിയത്. സെപ്റ്റംബര്‍പക്ഷോഭകാരികള്‍ വര്‍ദ്ധിച്ചു.
പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍
കേവലം എഴുപത് ലക്ഷം പേരടങ്ങുന്ന ചെറിയ ജനസംഖ്യയെ ഉള്ളൂ എങ്കിലും ജനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നടത്തി കൊടുക്കാനാവാത്ത ഭരണകൂടമാണ് ബെഞ്ചമിന്‍ നെത്യന്യാഹുവിന്റെ നേതൃത്വത്തില്‍ ഉളളത്. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ഇസ്രയേലിന്റെ ജീവിത ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. തന്മൂലം ദരിദ്ര ധനിക വിടവ് പെരുകുന്നു, വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര രേഖക്ക് താഴെയാണ്. സ്വന്തമായി ഒരു വീടില്ല എന്നത് ഭൂരിപക്ഷ യിസ്രയേല്യരുടെയും പ്രശ്‌നമാണ്. സ്വന്തം വേരുകള്‍ പടര്‍ന്നോടിയ നിലത്തില്‍ തലചായ്പ്പാനല്പ്പം മണ്ണ് എന്നത് നല്ല ശമ്പളക്കാരായ മദ്ധ്യ വയസ്സര്‍ക്കും സഫലമാകാത്ത സ്വപ്നമാണ്. അപ്പോള്‍ യഹൂദ യുവജനത്തിന്റെ വേദനകള്‍ സ്വഭാവികമായും മനസ്സിലാക്കാവുന്നതേയുള്ളു.
തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് വന്‍ അഴിമതികള്‍ നടത്തുകയും വ്യവസായ പ്രമുഖര്‍ക്കൊപ്പം ചങ്ങാത്തം കൂടി രാജ്യത്തിന്റെ പൊതുമുതല്‍ ദുര്‍വിനയോഗം ചെയ്യുകയുമാണ്. രാജ്യത്തിന്റെ വിലയേറിയ ഭൂസ്വത്തുക്കള്‍ അടക്കമുള്ളവ 20 കുടുംബങ്ങള്‍ക്കായി തീറെഴുതികൊടുക്കുകയും ചെയ്തു. ഇത് പ്രക്ഷോഭത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. രാജ്യത്തിന്റെ 40% ഈ ഇരുപത് കുടുംബങ്ങളുടെ കൈയ്യിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പൗരന്മാരുടെ ആവശ്യങ്ങള്‍ നടപ്പിലാകാതിരിക്കുമ്പോഴും ബജറ്റിലെ വലിയൊരു ഭാഗം തുകയും യുദ്ധത്തിനും സുരക്ഷക്കുമായി ചിലവിടുകയാണ് പ്രക്ഷോഭം തുടങ്ങി രണ്ടു മാസം പിന്നിട്ടിരിക്കുന്നു. എന്നിട്ടും ഭരണകൂടം നിശബ്ദത പാലിക്കുകയാണ്. മാത്രമല്ല സര്‍ക്കാരിന്റെ ദേശിയ സമ്പത്തിനുമേല്‍ വ്യവസായ പ്രഭുക്കളുടെ പിടിമുറുക്കുന്ന ബില്ലുകള്‍ അവതരിപ്പിച്ചു. പിന്നീട് പാര്‍ലമെന്റ് വാര്‍ഷിക അവധിക്ക് പിരിഞ്ഞു. ധനകാര്യ വകുപ്പ്, വൈദ്യുതി, ഗ്യാസ്സ്, വെള്ളം തുടങ്ങിയവയുടെ നിരക്കുകള്‍ കൂട്ടികൊണ്ടിരുന്നു. കൂടുതല്‍ വേതനം ആവശ്യപ്പെട്ട തൊഴിലാളികളുടെ ആവശ്യം നിരാകരിച്ചിരിക്കുകയാണ്.
സാമുഹ്യ നീതിയും, തന്മൂലം സാമ്പത്തിക പരിഷ്കാരങ്ങളും, ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ രാജിയും ആണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യങ്ങള്‍.
ദാഫ്‌നി ലിഫ് എന്ന സമരനായിക
ദാഫ്‌നി ലിഫ് എന്ന ഇരുപത്തഞ്ചുപകാരി പുതിയ തരം പ്രക്ഷോഭമാണ് നടത്തുന്നത്. വീടുകളുടെ വാടക കുത്തനെ കുതിച്ചുയര്‍ന്നതോടെ ദാഫ്‌നി ലിഫ് ടെല്‍ അവീവില്‍ റോത്‌ഷൈല്‍ഡ് ബുലെവര്‍ട്ടില്‍ ഒരു കൂടാരം പണിത് താമസം തുടങ്ങി. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവും വീട്ടുവാടകയും താങ്ങാനാവാത്ത അനേകം യുവതിയുവാക്കള്‍ ദാഫ്‌നിയുടെ പാത പിന്‍ തുടര്‍ന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതില്‍പ്പരം കൂടാര നഗരങ്ങള്‍ ഉയര്‍ന്നു. ദരിദ്രരരും ഭവന രഹിതരും കൂടാര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
കുട്ടികളെ വളര്‍ത്തുന്നതിനുളള ചിലവ് അസഹ്യമായതിനെതിരെ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടമ്മമാരും, ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിക്ഷേതിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരും ദുസ്സഹമായ ജോലി സാഹചര്യത്തിലും കുറഞ്ഞ ശമ്പളത്തിലും പ്രതിക്ഷേധിക്കുന്ന ഡോക്ടര്‍മാരും ഉയര്‍ന്ന ജീവിത ചെലവിനും മുതലാളിത്വത്തിനും എതിരെ പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമൊക്കെ കൂടാര സമരത്തില്‍ ഉള്‍പ്പെടുന്നു.
യിസ്രയേലില്‍ കമ്യൂണിസം വേരു പിടിക്കുമോ?
 തൊഴിലാളി മുതലാളി വ്യവസ്ഥിതി ശക്തമായതിനാല്‍ യിസ്രയേലില്‍ കമ്യൂണിസം ശക്തമാവുകയാണ്. ഇടതുപക്ഷം പാലസ്തീന്‍ രാഷ്ട്രസ്ഥാപനത്തെ അനുകൂലിക്കുന്നു. എന്നാല്‍ വലതു പക്ഷം വെസ്റ്റ് ബാങ്കിനുമേലുള്ള പൂര്‍ണ്ണ പരമാധികാരത്തെ പിന്തുണക്കുന്നു. മുതലാളിത്വത്തോടും അഴിമതിയോടും പൊരുതുവാനുള്ള യിസ്രയേല്യ ജനതയുടെ ആവേശം കമ്യൂണിസത്തിന്റെ മുഖം തന്നെയാണ്. കുഞ്ഞു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ വലയുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ യിസ്രയേല്‍ ആഭ്യന്തര മേഖലയില്‍ സ്വാതന്ത്രം നേടുവാനുള്ള സമരത്തിലാണ്.
പ്രവാസത്തില്‍ നിന്നും മോചിതരാകാതെ
അടിമ നുകത്തിന്‍ കീഴില്‍ വലയുവാന്‍ വിധിക്കപ്പെട്ട ശാപജന്മങ്ങളാണോ ജൂതന്മാര്‍? കാലം ഉണര്‍ത്തുന്ന ചോദ്യമാണിത്. മറ്റുളളവരുടെ കീഴില്‍ ഊഴിയവേല ചെയ്ത ജനസമൂഹം ആഭ്യന്തര രാജ്യത്ത് അടിമകളെപ്പോലെ കഴിയുന്നു. അന്യ നാട്ടിലെ കിടപ്പാടങ്ങള്‍ വിറ്റുപെറുക്കി ചെന്നിട്ടും ജന്മഭൂമിക്ക് യഹൂദനെന്ന ജനതയെ ഉള്‍ക്കൊള്ളുവാനാവുന്നില്ല. കാലത്തിന്റെ കടന്നാക്രമണത്തില്‍ കണ്ണീരൂറ്റികൊണ്ട് തെരുവില്‍ കിടക്കുന്ന ഒരു വിശേഷ ജാതി. ഭൂതകാല ധ്വംസനങ്ങളുടെ അഗ്നികളില്‍ പുകഞ്ഞും എരിഞ്ഞും ധൂളിയായ് അമര്‍ന്നിരിക്കാന്‍ എക്കാലവും ജൂതന് സാധ്യമല്ല. ആഭ്യന്തര ലോകത്തെ ഈ ഉയിര്‍ത്തെഴുന്നെല്‍പ്പ് സര്‍വ്വ അണക്കെട്ടുകളെയും തകര്‍ത്തൊരു പ്രളയ പ്രവാഹമായ് ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ പതിക്കുമോ? ആ മറുപടിക്കായ് അല്‍പനേരം കൂടി കാത്തിരിക്കാം.


No comments:

Post a Comment

please make the cooments and share