Tuesday, 20 December 2011

അത്ഭുത ശിശു വീട്ടിലേക്ക്‌

അതെ, മെലിന്ദ സ്‌റ്റാര്‍ ഗ്വിഡോ ഒരു അത്ഭുത ശിശു തന്നെയാണ്‌. പിറവിയെടുക്കേണ്ടതിന്‌ നാല്‌ മാസം മുമ്പ്‌ തന്നെ ഈ ലോകത്തേക്ക്‌ ധൃതിപിടിച്ചെത്തിയ ആളാണ്‌ കക്ഷി. യുഎസില്‍ ഈ സുന്ദരിക്കുഞ്ഞ്‌ ജനിച്ചപ്പോള്‍ വെറും 270 ഗ്രാം മാത്രമായിരുന്നു ഭാരം - അതായത്‌, ഒരു കോക്കിന്റെയത്രമാത്രം!

അമ്മ ഇബാരയ്‌ക്ക് ഗുരുതരമായ രക്‌തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ ഓഗസ്‌റ്റ് 30 ന്‌ 24 ആഴ്‌ച തികഞ്ഞപ്പോള്‍ മെലിന്ദയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. ഡിസംബര്‍ 16 ന്‌ ആയിരുന്നു ഇബാരയുടെ ഡേറ്റ്‌. ഇപ്പോള്‍ ആ തീയതി പിന്നിടുന്നതോടെ മെലിന്ദ സ്വന്തം വീട്ടിലേക്ക്‌ പോകാനുളള തയാറെടുപ്പിലാണ്‌. ലോകത്ത്‌ ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ മൂന്നാമത്തെ കുട്ടിയാണ്‌ മെലിന്ദ.

ജീവിച്ചിരിക്കുന്നതിനു വേണ്ടി മെലിന്ദ തന്നെയാണ്‌ ഏറ്റവും കൂടുതല്‍ പോരാട്ടം നടത്തിയതെന്നാണ്‌ ഇബാര പറയുന്നത്‌. ജനിച്ചപ്പോള്‍ ഡോക്‌ടറുടെ കൈവെളളയില്‍ ഒതുങ്ങാന്‍ മാത്രം വലിപ്പമേ മെലിന്ദക്കുണ്ടായിരുന്നുളളൂ. ഇങ്കുബേറ്ററിന്റെ സംരക്ഷണയില്‍ വളര്‍ന്ന സുന്ദരിക്ക്‌ പ്രത്യേക ട്യൂബിലൂടെയായിരുന്നു പോഷകാഹാരങ്ങള്‍ നല്‍കിയിരുന്നത്‌. ഇപ്പോള്‍ 1.87 കിലോഗ്രാം ഭാരമുളള മെലിന്ദ പുതുവര്‍ഷ ദിനത്തില്‍ വീട്ടിലെത്തിയേക്കും.

260 ഗ്രാം ഭാരവുമായി ജനിച്ച മെലിന്ദയുടെ ഒരു 'മുന്‍ഗാമി' ഇപ്പോള്‍ ഏഴ്‌ വയസ്സുളള സ്‌കൂള്‍ കുട്ടിയാണ്‌. 280.6 ഗ്രാം ഭാരവുമായി ജനിച്ച മറ്റൊരാള്‍ ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയും.

No comments:

Post a Comment

please make the cooments and share