ഒന്‍പതാമത്തെ സന്താനമായി ഇറോം ശര്‍മ്മിളചാനു പിറന്നപ്പോഴേക്കും അമ്മ ഇറോം സഖീദേവിയുടെ അമ്മിഞ്ഞയില്‍ പാലൊഴിഞ്ഞിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൊച്ചു ശര്‍മ്മിള അമ്മയുടെ പലചരക്ക് കടയിലിരുന്ന് വാവിട്ടു കരയുമായിരുന്നു. ഒരു ദിവസം കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കൊച്ചുകുഞ്ഞിനെ ഒക്കത്തെടുത്ത് വന്ന സ്‌ത്രീയോട് ശര്‍മ്മിളയുടെ സഹോദരന്‍ ചോദിച്ചു. ''ഇവളെക്കൂടിയൊന്ന് മുലയുട്ടാമോ.'' കൊച്ചുശര്‍മ്മിളയ്‌ക്ക് ആദ്യമായി മുലപ്പാലിന്റെ രുചി സമ്മാനിച്ചത് ആ അമ്മയായിരുന്നു. പിന്നീട് ആ ഗ്രാമത്തിലെ ഓരോ അമ്മമാരുടെയും അടുത്തേക്ക് സഹോദരന്‍ അവളെ കൊണ്ടുപോയി. അങ്ങനെ ഒരുപാട് അമ്മമാരുടെ മകളായി ശര്‍മ്മിള വളര്‍ന്നു.
''അവള്‍ കടങ്ങള്‍ വീട്ടുകയാണ്: മുലയൂട്ടിയ അമ്മമാരോട്, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്‌തുകൊണ്ട് '' ഇറോം ശര്‍മ്മിളയുടെ സഹോദരന്‍ സിംഗ്‌ജിത്ത് പറയുന്നു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി മണിപ്പൂരിലെ ഇറോം ശര്‍മ്മിളയെന്ന കവി സമരത്തിലാണ്. തന്നെ മുലയൂട്ടിയ അമ്മമാര്‍ക്കുവേണ്ടി; അമ്മമാരെ തനിക്ക് പങ്കിട്ടുതന്ന മണിപ്പൂരിലെ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടി.
ഇറോം ശര്‍മ്മിള; മണിപ്പൂരിന്റെ ഉരുക്കുവനിത
ആഴ്‌ചതോറും തെറ്റാതെ നോല്‍ക്കുന്ന വ്രതത്തിലായിരുന്നു ശര്‍മ്മിള. നവംബര്‍ രണ്ട് വ്യാഴാഴ്‌ചയും. അന്നത്തെ വ്രതം പിന്നെ മുടക്കിയതേയില്ല. ''ചോരയില്‍ കുളിച്ചുകിടന്ന ശവശരീരങ്ങള്‍ കണ്ട് ഞാന്‍ തരിച്ചിരുന്നുപോയി. സായുധസൈന്യത്തിന്റെ നീതികേടുകള്‍ തുടരാതിരിക്കാന്‍ വേറൊരു വഴിയുമുണ്ടായിരുന്നില്ല.'' ഇറോം ശര്‍മ്മിള പറയുന്നു. നവംബര്‍ 4-ാം തീയതി വൈകുന്നേരം ശര്‍മ്മിള അമ്മയെ സന്ദര്‍ശിച്ചു. ''ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം.'' അമ്മ ഇറോം സഖീദേവി മകളെ അനുഗ്രഹിച്ചു. അന്നാണ് അമ്മയും മകളും അവസാനമായി കണ്ടത്. ''എന്റെ അമ്മയ്‌ക്ക് എന്റെ തീരുമാനങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. അവര്‍ വളരെ സാധാരണക്കാരിയാണ് എങ്കിലും ഞാന്‍ തെരഞ്ഞെടുത്ത വഴിയെ അവര്‍ക്ക് അംഗീകരിക്കാതിരിക്കാനാവില്ല... പക്ഷേ ഇപ്പോള്‍ അമ്മയെ കണ്ടുമുട്ടിയാല്‍ അത് താങ്ങാനാവാത്ത വിഷമമായിരിക്കു; എനിക്കും അവര്‍ക്കും.'' ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയായിട്ടേ അമ്മയെ കാണുന്നുള്ളൂ എന്നാണ് ശര്‍മ്മിളയുടെ തീരുമാനം.
അമ്മയുടെ അനുഗ്രഹവും മണിപ്പൂരിന്റെ പ്രാര്‍ത്ഥനയും നെഞ്ചിലേറ്റി ഇറോം നവംബര്‍ നാല് മുതല്‍ മരണംവരെ നിരാഹാരസത്യാഗ്രഹമാരംഭിച്ചു. മണിപ്പൂരിലെ സ്‌ത്രീകള്‍ അങ്ങനെയാണ്; മനോഹരമായ ഇംഫാല്‍ താഴ്‌വരകളും മലനിരകളും അവര്‍ക്കാസ്വദിക്കാന്‍ കഴിഞ്ഞതേയില്ല. വിടര്‍ന്ന കണ്ണുകളുമായി കാഴ്‌ചകാണാന്‍ കൗമാരക്കാരികള്‍ക്ക് തെരുവിലിറങ്ങാനാവില്ല. കാടന്‍ നിയമവും സൈന്യവും അവരുടെ പകല്‍സ്വപ്‌നങ്ങളില്‍പ്പോലും ഭയം വിതച്ചു.
സമരമാരംഭിച്ച നാള്‍ മുതല്‍ ഇന്നുവരെ ഇറോം ശര്‍മ്മിള മുടി കോതിയിട്ടില്ല. ഉലച്ചിട്ട ശപഥംപോലെ മുടി പാറിക്കളിക്കുകയാണ്. പല്ല് വൃത്തിയാക്കാന്‍ ഒരു പഞ്ഞിക്കഷ്‌ണമാണ് ഉപയോഗിക്കുന്നത്. ഒരു തുള്ളി ജലംപോലും അറിഞ്ഞുകൊണ്ട് അകത്ത് ചെല്ലരുതെന്ന് കഠിനമായ നിര്‍ബന്ധം.
കുട്ടിക്കാലം മുതല്‍ തന്നെ സംശയങ്ങളുമായി നടക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു ശര്‍മ്മിളയ്‌ക്ക് പ്രിയം. സാധാരണ പെണ്‍കുട്ടികളെപ്പോലെ വസ്‌ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ല. മേയ്‌ക്കപ്പ് സാധനങ്ങളോ പൗഡറോ ഉപയോഗിക്കുന്ന പ്രകൃതം തീരെയില്ല. കൗമാരം ചെലവിട്ടത് യോഗാഭ്യാസത്തിനും ഭഗവത് ഗീതാപഠനത്തിനുമായിരുന്നു. ഈ പഠനങ്ങള്‍ തന്ന ഉള്‍ക്കരുത്താണ് തന്നെ പൊരുതി ജീവിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സ്‌കൂള്‍ പഠനം പന്ത്രണ്ടാംക്ലാസുവരെ മാത്രം. ക്ലാസില്‍ ചെന്നു, പക്ഷേ പരീക്ഷയെഴുതിയില്ല. ''വായിക്കാനും എഴുതാനും പഠിക്കാനുമാണ് വിദ്യാലയം, ജീവിതം പഠിക്കാന്‍ പുറത്തിറങ്ങി നോക്കണം.'' ഇറോം ശര്‍മ്മിളയുടെ വേറിട്ട വാക്കുകള്‍.
ഇംഫാല്‍ താഴ്‌വരയും മലനിരകളും ചേര്‍ന്ന പ്രകൃതി വിസ്‌മയം. മനോഹരമായ മലയടിവാരങ്ങളിലൂടെ കൊച്ചു ശര്‍മ്മിള തന്റെ സൈക്കിളില്‍ യാത്ര ചെയ്‌തു. പക്ഷേ ഈ മനോഹരദൃശ്യങ്ങളെക്കാളും മനസില്‍ കൊണ്ടത് പട്ടാളത്തിന്റെ ക്രൂരതയില്‍ ഭയന്ന് ജീവിക്കുന്നവരുടെ അനുഭവങ്ങളാണ്. കൗമാരത്തില്‍ത്തന്നെ കവിതകളെഴുതാനാരംഭിച്ചു. എല്ലാം പ്രതിരോധത്തിന്റെ വഴികളായിരുന്നു.
മരണംവരെ നിരാഹാരമാരംഭിച്ച് മൂന്നു ദിവസത്തിനുശേഷം ഇറോം ശര്‍മ്മിളയെ ആത്മഹത്യാശ്രമത്തിന് പോലീസ് അറസ്‌റ്റുചെയ്‌തു. പക്ഷേ ജയിലിലും ആഹാരം കഴിക്കാതെ സമരം തുടര്‍ന്നുകൊണ്ടിരുന്നു. ആരോഗ്യം ദിനം ദിനം മോശമായി വന്നു. എന്നിട്ടും മണിപ്പൂര്‍ ജനത മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌തതേയില്ല.
ആരോഗ്യസ്‌ഥിതി നന്നേ വഷളായപ്പോള്‍ ജയിലില്‍നിന്ന് ശര്‍മ്മിളയെ ആശുപത്രിയിലെത്തിച്ചു. മൂക്കിലൂടെ ഒരു കുഴലില്‍ക്കൂടി ദ്രാവകരൂപത്തില്‍ നിര്‍ബന്ധിച്ച് ആഹാരം നല്‍കുകയാണ് പിന്നീട് ചെയ്‌തത്. ആത്മഹത്യാശ്രമം കുറ്റകരമല്ലേയെന്ന് ശര്‍മ്മിളയോട് ചോദിച്ചവരോട് അവര്‍ പറഞ്ഞു. ''സര്‍ക്കാര്‍ അങ്ങനെ ചിന്തിക്കുന്നുണ്ടാവും. എങ്ങനെയുള്ള സാഹചര്യത്തിലും ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിക്കില്ല.
എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്. ഇതല്ലാതെ ശക്‌തമായി പ്രതിഷേധം ഇറോം ശര്‍മ്മിള പറഞ്ഞു. ''സ്വന്തം കൈകൊണ്ടു തന്നെ തിന്നുകയും കുടിക്കുകയും ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ഇന്ന് മൂക്കിലൂടെ കയറ്റിയ ട്യൂബിലൂടെയാണ് എന്റെ ജീവതം നിലനില്‍ക്കുന്നത്. കൈകൊണ്ട് കഴിക്കുന്നതും ട്യൂബിലൂടെ ഉള്ളിലേക്ക് കടത്തിവിടുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, തുടര്‍ന്ന് ജീവിക്കണമെങ്കില്‍ ചെയ്യാവുന്ന കാര്യങ്ങളാണത്. പക്ഷേ ഈ ഘട്ടത്തില്‍ എനിക്ക് ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. എന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ എനിക്ക് ജീവിച്ചിരുന്നേ പറ്റൂ. അതിനുള്ള ധൈര്യവും ശക്‌തിയും എനിക്ക് ദൈവം തരുന്നു... സന്തോഷം നിറഞ്ഞ ലോകത്ത് എനിക്കും ജീവിക്കണം.''
ഒരു സമൂഹത്തിന്റെ മുഴുവന്‍ ദൈന്യതയും മനസിലേറ്റെടുത്ത് ഇറോം ശര്‍മ്മിളചാനു സമരം ചെയ്‌തുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും നീണ്ട നിരാഹാരസത്യാഗ്രഹം. ഓരോ വര്‍ഷവും അവരുടെ ശിക്ഷാകാലാവധി തീരും. അന്ന് മോചിപ്പിക്കുകയും ഉടനെതന്നെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌ത് തമാശ കാണിക്കുകയാണ് സര്‍ക്കാര്‍. തന്റെ അമ്മമാരുടെ കണ്ണീരൊപ്പി, അനുഗ്രഹിച്ച് അയച്ചു. അമ്മയുടെ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍ തിരിച്ചുപോകണം എന്നാണ് ശര്‍മ്മിളയുടെ ആഗ്രഹം. അതിനുവേണ്ടി കഠിനമായ പരീക്ഷണങ്ങളിലും തളരാതെ മരണംവരെ അവര്‍ ജീവിച്ചിരിക്കുകയാണ്.
No comments:
Post a Comment
please make the cooments and share