Saturday, 31 December 2011

സംവത്സരങ്ങള്‍ യാത്ര പറയുമ്പോള്‍

അവസരങ്ങള്‍ സര്‍വ്വര്‍ക്കും വേണ്ടി വന്നെത്തുന്നു. ചുണകുട്ടികള്‍ അതിനെ ഫലകരമായ് വിനയോഗിച്ച് പ്രതിഭകളാകുന്നു. മറ്റുചിലര്‍ അലസതയോടെ അവസരങ്ങളെ പാഴാക്കുന്നു. അങ്ങനെ ഇടിമുഴക്കങ്ങള്‍ ആകേണ്ടവര്‍ ഏറു പടക്കങ്ങളായ് പൊട്ടിയമരുന്നു. ജീവയുഗത്തിന്റെ അഗ്നിയെ കൈകൊണ്ട് വിസ്‌ഫോടനങ്ങളാക്കേണ്ടവര്‍ പുകച്ചുരുളുകളായ് അധപതിക്കുന്നു. നേട്ടങ്ങള്‍ കൊയ്ത മഹാന്മാരും പ്രതിഭാധനരും നമ്മെപ്പോലെ പച്ചമനുഷ്യര്‍ ആയിരുന്നു. അവസരങ്ങളുടെ ലോഹ കൂട്ടുകളുമായ് കാലം സമീപിച്ചപ്പോള്‍ അതിനെ ചാടിപിടിച്ച കാന്തങ്ങളായ് അവര്‍. സുവിശേഷത്തിന്റെ സമരവിളയില്‍ ആത്മാവിന്റെ അഗ്നിയില്‍ എരിഞ്ഞ് ഗമിക്കുന്നൊരു ആയുധമായ് നമ്മള്‍ക്ക് മാറാമായിരുന്നു. ജ്വാലകള്‍ പ്രഭാഷണ വേദിയില്‍ മാത്രം വെട്ടം കാട്ടി ജീവിതത്തില്‍ എരിഞ്ഞില്ല. പ്രത്യുത ഉണര്‍വ്വ് പിന്നെയും സംജാതമാകത്തൊരു സംഗതിയായ് തുടര്‍ന്നു.
 പിന്‍ കാലങ്ങളിലെന്ന പോലെ 2011 നെയും നാം കളിച്ച് ചിരിച്ച് യാത്രയാക്കി. ഒരു സംവത്സരത്തിന്റെ 356 ദിവസങ്ങളില്‍ 100 ദിവസങ്ങളിലധികം നാം ഉറങ്ങി തീര്‍ത്തു. യാത്ര പറഞ്ഞ ഗതകാലത്തെ നോക്കി നാം പാടി '' നടത്തിയ വിധങ്ങള്‍ ഓര്‍ത്താല്‍.." തന്നിഷ്ടത്തിന്റെ ഒറ്റയടി പാതകളിലൂടെ, സമര്‍പ്പണരഹിത ജീവിതാവസ്ഥകളിലൂടെ നാം നടന്നു. ഒരു ദിനം എങ്കിലും ദൈവത്തിനൊപ്പം നടക്കുന്നതില്‍ അലംഭാവം കാട്ടി. ഹാനോക്കിനെ മറക്കേണ്ട. ദൈവഹിതം കാലുകള്‍ക്ക് മാര്‍ഗ്ഗമാക്കിയ യേശുവും, ഏലിയാവുമൊക്കെ നമ്മെ അസ്വസ്ഥരാക്കട്ടെ. ഉഗ്രന്‍ പ്രസംഗങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇടയില്‍ മേല്‍ പറഞ്ഞവരെപ്പോലെ ഒരു നാഴികയെങ്കിലും ചുവടു വെയ്ക്കാത്തത് അപലപനീയം തന്നെ. കൂടെ നടക്കാന്‍ ദൈവം വരാത്തതല്ല നാം ദൈവത്തിനൊപ്പം നടക്കാത്തതായിരുന്നു കാരണം.
ഇനി നഷ്ടകാലത്തിന്റെ അപജയ കാരണങ്ങള്‍ ചികഞ്ഞെടുക്കുക. ശിഷ്ടകാലം വിജയാലംകൃതമാക്കുക. തന്നെതന്നെ തുരന്ന് നോക്കി ശൂന്യതകളെ മൂല്യങ്ങളാല്‍ നിറക്കുക. മര്‍ത്യ ജന്മത്തിന്റെ വേനല്‍ ഭുമിയില്‍ അവസാന ശ്വാസത്തിന്റെ ഇലയും പൊഴിയും മുമ്പേ.. സര്‍വ്വശക്തിയും സമാഹരിച്ച് തളിര്‍ക്കുക. നാളെകള്‍ നമ്മള്‍ക്കുള്ളതല്ല. ഇന്നിന്റെ അവസരങ്ങളെ ഫലകരമായ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. നാളെകള്‍ നിങ്ങള്‍ക്ക് വേണമോ വര്‍ത്തമാനകാലത്തില്‍ അത്യധ്വാനം ചെയ്യു.. നാളെകള്‍ നിങ്ങളെ തേടി സ്വതവേ വന്നു കൊള്ളും
സ്വന്തം കരുത്തും മികവും തിരിച്ചറിഞ്ഞ് അവസരങ്ങള്‍ക്കുമേല്‍ ചാടി വീഴുക. പല്ലും നഖവും ഉപയോഗിച്ച് അലസതകളെ ആക്രമിച്ച് കീഴ്‌പെടുത്തുക. പുതുവത്സരം തീരുമ്പോഴെങ്കിലും ആണത്തമുള്ളൊരു സാക്ഷം്യം നമ്മില്‍ നിന്നുരിത്തിരിയട്ടെ. നിങ്ങള്‍ സാക്ഷ്യങ്ങളെ ജനിപ്പിക മാത്രം ചെയ്യുക. ലോകം അത് വിളിച്ച് പറയട്ടെ. മഹത് ചരിത്ര മാലകള്‍ക്കിടയില്‍ പൊന്‍ മുത്താകുവാന്‍ ഇനിയും എന്തിന് മടിക്കുന്നു. ദൈവവും അവിടുത്തെ സര്‍വ്വ ശക്തിയും സഹയത്തിനായ് നിങ്ങള്‍ക്കൊപ്പമുണ്ട്. ഇനി മടിക്കരുത് ഉണരുക
ജീവകാലത്തിന്റെ തുടുപ്പുകളറിഞ്ഞ് കാലത്തിനൊപ്പം കാതലുള്ളൊരു യാത്ര തുടരുന്ന സമകാലീനരാവാന്‍ പുതുവത്സരം ഉതകട്ടെ.