Friday, 27 January 2012

നിശ്ശബ്ദമായ ഒരു സുനാമി

2004 ലെ ഇന്തോനേഷ്യന്‍ സുനാമി കേരളത്തിലും നാശം വിതറിയല്ലോ. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 170 പേരാണ് ഈ ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചത്. സുനാമിയെപ്പറ്റി ജനങ്ങളെ ബോധവല്‍കരിക്കാനും സുനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ഓരോ കടലോരഗ്രാമങ്ങളിലും സ്ഥാപിക്കാനും ഒക്കെയായി കോടിക്കണക്കിനു രൂപയുടെ പദ്ധതി ഗവണ്‍മെന്റ് നടപ്പിലാക്കി. നല്ലത്.

ഒരു വര്‍ഷം കേരളത്തില്‍ എത്രപേര്‍ മുങ്ങിമരിക്കുന്നുണ്ട്. ഒന്നും രണ്ടും ചിലപ്പോള്‍ അതില്‍ കൂടുതലായാലും ആളുകള്‍ മുങ്ങിമരിക്കുന്ന വാര്‍ത്ത നാം എപ്പോഴും വായിക്കുന്നുണ്ട്. പക്ഷെ അതിന്റെ സ്ഥിതി വിവരക്കണക്കുകള്‍ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടോ? ഏതു വകുപ്പാണ് കേരളത്തില്‍ മുങ്ങിമരണത്തെപ്പറ്റി പഠിക്കുന്നതും ഉത്തരവാദപ്പെട്ടതും?

കഴിഞ്ഞ രണ്ടുവര്‍ഷം ആയി ഞാന്‍ അന്വേഷിക്കുന്ന ഒരു വിവരമാണിത്. മിസ്റ്റര്‍ ഗൂഗിളിനു പോലും ഇതറിയില്ല എന്നു പറയുമ്പോള്‍ പിന്നെ അന്വേഷിച്ചിട്ടു കാര്യം ഇല്ല എന്നു എനിക്കു തോന്നി. മിക്കവാറും ദിവസം ഒരു മുങ്ങിമരണം എങ്കിലും കേള്‍ക്കാറുള്ളതുകൊണ്ടും ചിലപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് മരിക്കാറുള്ളതും കൊണ്ട് കേരളത്തില്‍ മുന്നൂറിനും അഞ്ഞൂറിനും ഇടക്ക് ആളുകള്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കാനും പ്രസംഗങ്ങളിലും ലേഖനങ്ങളിലും പ്രയോഗിക്കാനും തുടങ്ങി. ഇതു സുനാമി മരണത്തിന്റെ രണ്ടോ മൂന്നോ ഇരട്ടിയായതിനാല്‍ ഇതിനെ കേരളത്തിലെ 'നിശബ്ദസുനാമി' എന്നു ഞാന്‍ വിശേഷിപ്പിക്കാനും തുടങ്ങി.

കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ പത്തു ദിവസം ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അതിനിടക്ക് അതിദാരുണങ്ങളായ പല കൂട്ട മുങ്ങിമരണങ്ങള്‍ ഉണ്ടായി. അരുവിക്കരയിലെ മൂന്നു കൂട്ടുകാരുടേത്, മംഗലാപുരത്ത് നാലു മലയാളികളുടേത് എന്നിങ്ങനെ. ഇതിനിടക്ക് ഭാഗ്യത്തിന് എനിക്ക് കേരളത്തിലെ ഡി.ജി.പി. ജേക്കബ് പുന്നൂസിനെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു. ഈ മുങ്ങിമരണത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ഞാന്‍ പലയിടത്തും അന്വേഷിച്ചതായി ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ആശ്ചര്യകരം എന്നു പറയാം പത്തു സെക്കന്റിനകം സ്വന്തം ഷെല്‍ഫില്‍ നിന്നും ഒരു റിപ്പോര്‍ട്ട് എടുത്ത് അദ്ദേഹം എന്നെ കാണിച്ചു.. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2010 ലെ അപകടങ്ങളുടെയും ആത്മഹത്യകളുടെയും കണക്കായിരുന്നു അത്. മുങ്ങി മരണം ഉള്‍പ്പെടെയുള്ള എല്ലാ അപകടമരണത്തേയും പറ്റി ഇതില്‍ ഉണ്ട്. ഒരു സുരക്ഷാവിദഗ്ദന്‍ ആയ എനിക്ക് ഇതൊരു സ്വര്‍ണ ഖനിയാണ്. ജേക്കബ് പുന്നൂസിന് നന്ദി.

ഒരു വര്‍ഷത്തില്‍ കേരളത്തില്‍ എത്ര പേര്‍ മുങ്ങിമരിക്കുന്നു എന്നതിന് എനിക്കിനി പൊട്ടക്കമ്മിറ്റിയുടെ ആവശ്യം ഇല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആയിരത്തി എഴുന്നൂറ്റി മുപ്പത്തിരണ്ടുപേരാണ് കേരളത്തില്‍ 2010 ല്‍ മാത്രം മുങ്ങി മരിച്ചത്. ഇതൊരു ചെറിയ സുനാമിയല്ല എന്നും വ്യക്തമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് റോഡപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയും സുനാമി മുന്നറിയിപ്പിനും മറ്റു ദുരന്തനിവാരണപ്രവര്‍ത്തനത്തിനും അനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും കോടികള്‍ ചിലവിടുമ്പോഴും ഒരു ദിവസം ശരാശരി അഞ്ചാളുകളുടെ ജീവന്‍ എടുക്കുന്ന മുങ്ങിമരണങ്ങള്‍ കുറക്കാന്‍ നാം ഒന്നും ചെയ്യാത്തത് ?

ഇതിനു പല കാരണങ്ങള്‍ ഉണ്ട്. ഈ കാരണങ്ങള്‍ ശരിക്കും മനസിലാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് ഉപകരിക്കും എന്നതിനാല്‍ അതിനെപ്പറ്റി ആദ്യം പറയാം. ഇതൊരു മുന്‍ഗണനാക്രമത്തില്‍ ഉള്ള ലിസ്റ്റ് അല്ല എന്ന് ആദ്യമേ പറയട്ടെ.

(1)
ഭൂരിഭാഗം മുങ്ങിമരണങ്ങളും സംഭവിക്കുന്നത് ആളുകള്‍ സ്വയം വെള്ളത്തില്‍ ഇറങ്ങുകയോ മറ്റുള്ളവരെ രക്ഷിക്കാന്‍ എടുത്തു ചാടുകയോ ചെയ്യുമ്പോള്‍ ആണ്. 2010 ല്‍ ബോട്ടു മുങ്ങിമരിച്ചത് വെറും 21 പേരാണ്. അതായത് മൊത്തം മരണത്തിന്റെ രണ്ടുശതമാനത്തിലും കുറവ്. റോഡപകടങ്ങളില്‍ എപ്പോഴും ഒരു 'വില്ലന്‍' ഉണ്ടാകും. അതുകൊണ്ടുതന്നെ പോലീസ് കേസും ഇന്‍ഷൂറന്‍സും ഒക്കെയുണ്ട്. വണ്ടിയുണ്ടാക്കുന്നവര്‍ തുടങ്ങി ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്കുവരെ റോഡപകടങ്ങള്‍ കുറക്കാന്‍ താല്പര്യം ഉണ്ട്. ഭൂരിഭാഗം മുങ്ങി മരണത്തിലും വെള്ളം മാത്രം ആണ് വില്ലന്‍. അതുകൊണ്ട് കോടതിയോ നഷ്ടപരിഹാരമോ ഇല്ല. നഷ്ടപ്പെടുന്നവര്‍ സ്വയം സഹിക്കുക എന്നതല്ലാതെ ഇതു കുറക്കാന്‍ സംഘടിതമായ ഒരു സംവിധാനത്തിനും താല്പര്യം ഇല്ല.

(2)
. മുന്‍പ് പറഞ്ഞതുപോലെ മുങ്ങി മരണങ്ങളെപ്പറ്റിയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് എളുപ്പത്തില്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ മുങ്ങിമരണത്തെപറ്റിയുള്ള ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും 'അയ്യോ കഷ്ടം' എന്നു പറയുന്നതല്ലാതെ മൊത്തം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ അറിയുന്നില്ല. ഒറ്റപ്പെട്ട മുങ്ങി മരണങ്ങള്‍ പ്രാദേശിക വാര്‍ത്തകളായി ഒതുങ്ങുന്നതിനാല്‍ റോഡപകടത്തില്‍ മരിക്കുന്നതിന്റെ പകുതിയോളം ആളുകള്‍ മുങ്ങിമരിക്കുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇല്ല.

(3)
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് വാഹനം, ഡ്രൈവര്‍, റോഡുപയോഗിക്കുന്ന മറ്റുള്ളവര്‍ എന്നിവയില്‍ ശ്രദ്ധചെലുത്തണമെന്നും ഓരോരുത്തരിലും എന്തൊക്കെ ചെയ്യണം എന്നുമുള്ള അന്താരാഷ്ട്രമാര്‍ഗരേഖകള്‍ ഉണ്ട്. പക്ഷെ ഒറ്റക്കും തെറ്റക്കും ഉള്ള മുങ്ങി മരണങ്ങള്‍ ഒഴിവാക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ആര്‍ക്കും ഒരു രൂപവും ഇല്ല.

(4)
മുങ്ങി മരണങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളും ചര്‍ച്ചകളും ഒക്കെ ഒറ്റപ്പെട്ട വന്‍ദുരന്തങ്ങളെ (തട്ടേക്കാടും തേക്കടിയും പോലെ) പറ്റിയാണ്. 98 ശതമാനം വരുന്ന ഒറ്റപ്പെട്ട വള്ളമോ ബോട്ടോ ഉള്‍പ്പെടാത്ത മരണത്തെപ്പറ്റി ആരും അന്വേഷിക്കുന്നും ഇല്ല. പഠിക്കുന്നും ഇല്ല.

(5)
മുങ്ങിമരണങ്ങള്‍ തടയാനുള്ള ഫലപ്രദമായ എല്ലാ നടപടികളുടെയും അഭാവത്തില്‍ ആരെങ്കിലും മുങ്ങിപ്പോകുമ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് വെളളത്തില്‍ ചാടി അവരെ രക്ഷിക്കുന്നവരെ ആദരിക്കുക എന്നതാണ് നമ്മുടെ സ്ഥിരം പരിപാടി. പക്ഷെ കേരളത്തിലെ മൊത്തം കണക്കെടുത്തു നോക്കിയാല്‍ ഈ 'പണയം വക്കല്‍' പരിപാടി കാരണം കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയാണ് തടയപ്പെടുക അല്ല എന്നു കാണും.

(6)
കേരളത്തിലെ മുങ്ങിമരണത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റിയുള്ള അറിവിന്റെ അഭാവത്തില്‍ (ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ മുങ്ങിമരണം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ഒന്നാം സ്ഥാനം ഗോവക്കാണ് പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തേതിനേക്കാള്‍ തുലോം കുറവാണ്. മുങ്ങിമരണങ്ങളുടെ എണ്ണം 200 ല്‍ താഴെ) മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് ഒരു ആസൂത്രിത നയമോ പദ്ധതിയോ ഇല്ല. റോഡിനു സുരക്ഷയ്ക്ക് പോലീസുള്‍പ്പെടെ പലരും പദ്ധതിയുണ്ടാക്കുമ്പോള്‍ മുങ്ങിമരണത്തിന് അങ്ങനെയുള്ള വകുപ്പുകളോ പദ്ധതിയോ ഇല്ല.



ഇത്രമാത്രം നിരാശാജനകമായ ഒരു സാഹചര്യത്തില്‍ ആശ്വാസകരമായ ഒരു കാര്യം ഉണ്ട്. കേരളത്തിലെ 95 ശതമാനം മുങ്ങിമരണങ്ങളും നടക്കുന്നത് ആളുകള്‍ (കുട്ടികള്‍ ഒഴികെ) സ്വമനസ്സാലെ വെള്ളത്തിലേക്ക് പോകുമ്പോഴാണ്. ഈ പോക്കാകട്ടെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാവുന്നതും പലപ്പോഴും ഒഴിവാക്കാവുന്നതും ആണ്. ഈ രണ്ടുകാര്യങ്ങളിലും ഊന്നിയുള്ള ഒരു പദ്ധതിക്ക് ഒരു വര്‍ഷം കൊണ്ടുതന്നെ നാടകീയമായി മരണസംഖ്യ കുറക്കാന്‍ പറ്റും. ഇതേ പദ്ധതി റോഡു മരണങ്ങള്‍ കുറക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ല. കാരണം കുറച്ചുയാത്രകള്‍ മാത്രമേ ഒഴിവാക്കാന്‍ പറ്റൂ. രണ്ടാമത് നമ്മളുടെ പ്ലാനിംങ്ങ് കൊണ്ടുമാത്രം അപകടം കുറയില്ല. മറ്റേ 'വില്ലന്‍' കൂടി ശ്രദ്ധിക്കണം. മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് താഴെ.

(1)
മുങ്ങിമരണങ്ങള്‍ കുറക്കാന്‍ ഒരോ ഗവണ്‍മെന്റും ഏജന്‍സിയെ ഉത്തരവാദിത്വപ്പെടുത്തുക. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസോ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയോ ഒക്കെ ആകാം അത്.

(2)
കഴിഞ്ഞ പത്തുവര്‍ഷത്തെ മുങ്ങിമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സംഭരിച്ചും വിശകലനം ചെയ്തും മുങ്ങി മരണത്തിന്റെ ഭീകരതയെപ്പറ്റിയുള്ള ഒരു മീഡിയ ക്യാമ്പയിന്‍ നടത്തുക.

(3)
തീരെ കൊച്ചു കുട്ടികളുടെ (5 വയസ്സിനു താഴെ) സുരക്ഷ അച്ഛനമ്മമാരുടെയോ അല്ലെങ്കില്‍ അവര്‍ ഉത്തരവാദിത്വപ്പെടുത്തുന്നതാരോ അവരുടെയോ ഉത്തരവാദിത്തമാണെന്ന് നിയമം മൂലം ഉറപ്പുവരുത്തുക. കൊച്ചു കുട്ടികളുടെ മുങ്ങിമരണത്തില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക.

(4)
ഹോസ്റ്റലില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ വിനോദയാത്രക്കോ അല്ലാതെയോ വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പോകുന്നവരുടെ ഉത്തരവാദിത്വം സ്‌കൂള്‍ (ഹോസ്റ്റല്‍) അധികാരികളുടേതാണെന്ന് നിയമം മൂലം ഉറപ്പുവരുത്തുക. അവരുടെ മുങ്ങി മരണം സംഭവിച്ചാല്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നിയമാനുസൃതം അന്വേഷിക്കുക.

(5)
വെള്ളത്തില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുടെയും പിന്‍ബലം ഇല്ലാതെ ചാടിമറ്റുള്ളവരെ രക്ഷിക്കുന്നവരേയോ രക്ഷിക്കാന്‍ ശ്രമിക്കുന്നവരേയോ ആദരിക്കുന്ന പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കുക. പകരം അശ്രദ്ധമായും മുന്‍കരുതല്‍ ഇല്ലാതെയും വെള്ളത്തില്‍ പോകുന്ന വരെ പിന്‍തിരിപ്പിക്കാന്‍ ആളുകളെ പഠിപ്പിക്കുക.

(6)
വെള്ളത്തിലെ സുരക്ഷയെപ്പറ്റി ആളുകളെ പഠിപ്പിക്കുക പരമാവധി ആളുകളെ നീന്തല്‍ അഭ്യസിപ്പിക്കാന്‍ പദ്ധതി ഉണ്ടാക്കുക. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സുരക്ഷ ഉപകരണങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക. അതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കുകയും നികുതി ഇളവ് ചെയ്യുകയും ചെയ്യുക.

(7)
ഇതിനു മുന്‍പ് ഒരിക്കല്‍ എങ്കിലും മുങ്ങിമരണം സംഭവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ (കുളം, കായല്‍, തോട്, ആറ് ) മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക. കൂടാതെ ഇവിടെ പൊതുചിലവില്‍ ഒരു എറിഞ്ഞുകൊടുക്കാവുന്ന ലൈഫ് ബോയ് സ്ഥാപിക്കുക.

(8)
അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റുസ്ഥലങ്ങളിലും മുന്നറിയിപ്പു സ്ഥാപിക്കുകയും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക.

(9)
സുരക്ഷാ ബോര്‍ഡുകളോ സുരക്ഷാസംവിധാനമോ കേടുവരുത്തുന്നത് ജാമ്യം കിട്ടാത്ത കുറ്റമാക്കി മാറ്റുക. ഈ പ്രവണതയെ ഒരു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാക്കി ചിത്രീകരിക്കുക.

(10)
ഓരോ സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തിലും (ഒന്നാം ദിവസം തന്നെ) സ്‌കൂളുകളില്‍ സുരക്ഷയെപ്പറ്റിയുള്ള പാഠങ്ങളും ഡ്രില്ലുകളും നടത്തുക. മുങ്ങിമരണത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ ഇതിന്റെ പ്രധാനഭാഗമാക്കുക.

(11)
ഓരോ വര്‍ഷകാലത്തിനും മുന്‍പ് മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനുള്ള പാഠങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക.

(12)
ഹൈറിസ്‌ക് ഗ്രൂപ്പുകള്‍(ഉദാ: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍) ക്കായി പ്രത്യേക ക്യാമ്പയിന്‍ കോളേജു വഴി സംഘടിപ്പിക്കുക. 

No comments:

Post a Comment

please make the cooments and share