Friday, 20 January 2012

സ്‌കാനിംഗ്‌ അറിയേണ്ടതെല്ലാം

http://kerugmas.blogspot.com/2012/01/blog-post_1869.html
  
പണ്ടൊക്കെ ജനങ്ങള്‍ക്ക്‌ സ്‌കാനിംഗ്‌, എക്‌സറേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. ഏതോ വലിയ മാറാരോഗം വരുമ്പോള്‍ മാത്രമാണ്‌ ഇതൊക്കെ ചെയ്യേണ്ടതെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കാലം മാറി. ചെറിയ ഒരു നടുവേദനയോ തലവേദനയോ വന്നാല്‍വരെ സ്‌കാനിംഗും മറ്റു ചികിത്സയുടെ ഭാഗമായിട്ടാണ്‌ ജനങ്ങള്‍ കാണുന്നത്‌. ഇപ്പോള്‍ ഇതൊക്കെ ചെയ്‌തില്ലെങ്കില്‍ ആ ഡോക്‌ടര്‍ അത്ര പോരാ എന്നു പറയുന്നിടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിന്‌ മുന്‍പ്‌ ഇവയെക്കുറിച്ച്‌ നന്നായി അറിഞ്ഞിരിക്കണം.

എം.ആര്‍.ഐ. സ്‌കാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെയും കോശങ്ങളുടെയും മറ്റും ചിത്രമെടുക്കാനാണ്‌ എം.ആര്‍.ഐ. സ്‌കാനിംഗ്‌ ഉപയോഗിക്കുന്നത്‌. മാഗ്നറ്റിക്‌ പ്രതലത്തിലേക്ക്‌ റേഡിയോ തരംഗങ്ങള്‍ കടത്തിവിട്ടാണ്‌ എം.ആര്‍.ഐ. ചെയ്യുന്നത്‌. ശരീരത്തിന്റെ ഏതു ഭാഗത്തും എം.ആര്‍.ഐ. ചെയ്യാം. എന്നാല്‍ കൂടുതലും നടുവിന്റെയും തലയുടെയുമാണ്‌ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കാറ്‌. എന്നാല്‍ ഗര്‍ഭിണികള്‍ എന്തെങ്കിലും മെറ്റല്‍ ഇംപ്ലാന്റ്‌ ചെയ്‌തിട്ടുള്ളവര്‍, പേസ്‌മേക്കര്‍ പിടിപ്പിച്ചിട്ടുള്ളവര്‍, ഒന്നും എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യാന്‍ പാടില്ല. സ്‌കാനിംഗിന്റെ സമയത്ത്‌ ആഭരണങ്ങളും മെറ്റല്‍ ക്ലിപ്പുകളും ധരിക്കരുത്‌. കൃത്രിമപ്പല്ലുകളും മറ്റും ഉപയോഗിക്കുന്നവര്‍ സ്‌കാനിംഗിന്‌ മുന്‍പ്‌ അത്‌ ഡോക്‌ടറോട്‌ പറയാന്‍ മറക്കരുത്‌.

സി.ടി. സ്‌കാന്‍ ശരീരത്തിന്റെ ഏതു ഭാഗത്തും സി.ടി. സ്‌കാന്‍ ചെയ്യാം. എം.ആര്‍.ഐ. സ്‌കാനിംഗിലെപ്പോലെ മാഗ്നറ്റിക്‌പ്രതലവും റേഡിയോ തരംഗങ്ങളുമല്ലാത്തതിനാല്‍ മെറ്റല്‍ സാധനങ്ങള്‍ മുറിയില്‍ കയറ്റുന്നതുകൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ സി.ടി. സ്‌കാനിംഗിന്‌ റേഡിയേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരുപാട്‌ തവണ ചെയ്യുന്നത്‌ കാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകും. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. ഒരേസമയം ശരീരത്തിലെ വിവിധതരത്തിലുള്ള ടിഷ്യൂസിനെ സി.ടി.സ്‌കാന്‍ വഴി കാണാം എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തളര്‍വാതം പിടിച്ച രോഗികള്‍, അതിഭയങ്കരമായ തലവേദനയുള്ളവര്‍ എന്നിവര്‍ക്കൊക്കെ സി.ടി.സ്‌കാനാണ്‌ ചെയ്യുന്നത്‌. ത്രീ ഡയമന്‍ഷണല്‍ ചിത്രങ്ങളാണ്‌ സി.ടി.സ്‌കാനിംഗില്‍ ലഭിക്കുന്നത്‌.

ന്യൂക്ലിയര്‍ ഇമേജിംഗ്‌ :ശരീരത്തിലെ ബ്ലോക്കുകള്‍, ട്യൂമറുകള്‍ എന്നിവ കണ്ടുപിടിക്കാനാണ്‌ സാധാരണയായി ന്യൂക്ലിയര്‍ ഇമേജിംഗ്‌ ഉപയോഗിക്കുന്നത്‌. ചെറിയ അളവില്‍ 'റേഡിയോ തരംഗം' പുറപ്പെടുവിക്കുന്ന സാധനങ്ങള്‍ ഒന്നുകില്‍ കഴിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ കുത്തിവയ്‌ക്കുകയോ ചെയ്‌ത് രോഗിയുടെ ശരീരത്തിലാക്കുന്നു. അതിനുശേഷം കാമറയുപയോഗിച്ച്‌ ശരീരത്തിലൂടെയുള്ള റേഡിയേഷന്റെ സഞ്ചാരം നിരീക്ഷിക്കുന്നു. ഹൃദയം, ശ്വാസകോശം, എല്ലുകള്‍, െതറോയ്‌ഡ്, കിഡ്‌നി തുടങ്ങി ഏത്‌ ആന്തരിക അവയവങ്ങളിലെയും അസുഖം കണ്ടുപിടിക്കാം. അത്‌ മാത്രമല്ല രോഗബാധിതമായ മേഖല കേന്ദ്രീകരിച്ച്‌ റേഡിയേഷന്‍വഴി ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

പിഇടി സ്‌കാന്‍: ഏറ്റവും നൂതനമായ സ്‌കാനിംഗ്‌ രീതിയാണിത്‌. നാഡീപ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗങ്ങള്‍ കണ്ടുപിടിക്കാനുമാണ്‌ പ്രധാനമായും ഇതുപയോഗിക്കുന്നത്‌. ഇതിലൂടെ ലഭിക്കുന്ന തെളിച്ചമുള്ള ചിത്രങ്ങള്‍ വഴി കാന്‍സര്‍ ആദ്യ സ്‌റ്റേജില്‍ തന്നെ കണ്ടുപിടിച്ച്‌ ചികിത്സിക്കാന്‍ സഹായിക്കുന്നു. അതു മാത്രമല്ല അല്‍ഷിമേഴ്‌സ ്‌പോലെയുള്ള രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌: ശരീരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ മാത്രമല്ല ആന്തരിക അവയവങ്ങള്‍ നേരിട്ടു കാണാന്‍കൂടി ഈ സ്‌കാനിംഗിന്‌ കഴിയുന്നു. ശരീരത്തിലെ മൃദുകോശങ്ങളുടെ ചിത്രങ്ങള്‍വരെ ഈ സ്‌കാനിംഗിലൂടെ എടുക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ഏത്‌ ഭാഗത്തും അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ ചെയ്യാം. സ്‌കാനിംഗിന്‌ അയയ്‌ക്കുന്ന ശബ്‌ദം പ്രതിധ്വനിച്ച്‌ അത്‌ ചിത്രങ്ങളായി രൂപപ്പെടുത്തുകയാണ്‌ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗില്‍ ചെയ്യുന്നത്‌. പേശികളുടെയും എല്ലുകളുടെയും മറ്റും വളരെ വ്യക്‌തമായ ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഗര്‍ഭിണികളില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാനും ഈ സ്‌കാനിംഗാണ്‌ ഉപയോഗിക്കുന്നത്‌.

No comments:

Post a Comment

please make the cooments and share