Monday 16 January 2012

കുട്ടികളെ കളിക്കാന്‍ അനുവദിക്കൂ

http://kerugmas.blogspot.com/2012/01/blog-post_73.html


കുട്ടികളെ കളിക്കാന്‍ അനുവദിക്കൂ
ഇന്നത്തെ തലമുറ എങ്ങനെയാണ്‌ സമയം ചെലവഴിക്കുന്നത്‌? മുഴുവന്‍ സമയവും പഠനവും വിശ്രമം ഇല്ലാത്ത ജീവിതശൈലിയിലും കുടുങ്ങിപ്പോയിരിക്കുകയാണ്‌. അമിതസമ്മര്‍ദ്ദം ചെലുത്തുന്ന മാതാപിതാക്കളും എന്‍ട്രന്‍സ്‌ അദ്ധ്യാപകരും ഒന്നോര്‍ക്കുക; ഈ കുട്ടികള്‍ നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാത്രം അനുസരിച്ച്‌ ജീവിക്കേണ്ടവരല്ല. കാരണം, ഈ കുരുന്നുകള്‍ക്കും ആഗ്രഹം നിറച്ച ഹൃദയമുണ്ട്‌. അവരുടെ ഹൃദയത്തെ മുറിച്ചുകളയുന്നവരാകരുത്‌ മാതാപിതാക്കള്‍.

പണത്തോടൊപ്പം കുട്ടികളുടെ കലാ-കായികവാസന വളര്‍ത്തേണ്ടതുണ്ട്‌. ഒരുപാട്‌ കളിക്കുന്ന കുട്ടികളില്‍ നല്ല ആരോഗ്യം കാണപ്പെടുന്നു. ചിലരുടെ അഭിപ്രായം, കൂടുതല്‍ കളിക്കുന്നതുകൊണ്ടാണ്‌ ആരോഗ്യം നഷ്‌ടപ്പെട്ടതെന്ന്‌. ഇത്‌ തെറ്റായ ധാരണയാണ്‌.

കളിക്കുന്നതിലൂടെ ശരീരത്തിലെ മാലിന്യം വിയര്‍പ്പായിപ്പോകുന്നു. കളിയിലൂടെയും പഠനം സാധ്യമായ ഒരു കാലഘട്ടത്തില്‍ ജീവിക്കുന്ന നാം 'കുട്ടികള്‍ കളിച്ചുനടക്കേണ്ടവരല്ല, പഠിക്കേണ്ടവരാണ്‌' എന്നു പറയുന്നതില്‍ യോജിക്കാനാവുന്നില്ല.

കൊച്ചുകുട്ടികള്‍ (4-8) വയസ്‌ വരെയുള്ള പ്രായത്തില്‍ അവര്‍ പഠിക്കുന്നതൊന്നും മറക്കില്ല. ചില നല്ല അടിസ്‌ഥാനത്തില്‍ ഇവര്‍ക്ക്‌ നല്‌കണം. അത്‌ കളിയിലൂടെയാണ്‌ ഏറ്റവും എളുപ്പം.

അത്‌ലറ്റ്‌ പ്രീജാ ശ്രീധരന്‍, പി.ടി. ഉഷ തുടങ്ങിയ കായികതാരങ്ങളുള്ള നാടാണ്‌ നമ്മുടേത്‌. ഇവരും ചെറുപ്പത്തില്‍ പഠനത്തില്‍ മാത്രം ശ്രദ്ധവച്ചിരുന്നെങ്കില്‍ ഇന്ന്‌ ഇവരെത്തിയ സ്‌ഥാനത്തുണ്ടാവില്ലായിരുന്നു. കുഞ്ഞുങ്ങള്‍ക്കിടയിലെ കായികതാരത്തെ കണ്ടെത്തണം. പഠനത്തിലും കളികളിലും ഇവരെ മിടുക്കരാക്കണം.

പ്രായമാകുമ്പോള്‍ കൊളസ്‌ട്രോള്‍, അമിതവണ്ണം ഇവയുടെ പിടിയില്‍ ആകുമ്പോള്‍ ഒരു പക്ഷേ ടെന്നീസ്‌, ബാഡ്‌മിന്റണ്‍, ഷട്ടില്‍ ഒക്കെ കളിക്കും. ഇതിലും എത്രയോ നല്ലതാണ്‌ ചെറുപ്പത്തിലെ ഇവരെ ഈ കളികള്‍ക്ക്‌ പരിശീലിപ്പിച്ച്‌ അസുഖങ്ങള്‍ ഒഴിവാക്കുന്നത്‌.

കളിയുടെ മാനസികവളര്‍ച്ചയും ശരീരവളര്‍ച്ചയും ഒപ്പം ബുദ്ധിവളര്‍ച്ചയും സംഭവിക്കുന്നു. ഒരു കളി ജയിക്കുവാണെങ്കില്‍ മനസിനു കൂടുതല്‍ വിജയം നേടുവാന്‍ കഴിയുമെന്ന്‌ ശുഭപ്രതീക്ഷയും കൈവരുന്ന ഒരു പരാജയം നേരിട്ടാല്‍, എങ്ങനെ ജയം കൈവരിക്കാമെന്നും, ജയവും പരാജയവും കളിക്കിടയിലുള്ളതാണെന്ന വസ്‌തുതയും മനസില്‍ വരുന്നു.

സത്യത്തില്‍, ജീവിതത്തെ നേരിടുവാന്‍ പ്രാപ്‌തമാക്കുന്നതിനും കളികള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. കൂടാതെ, ജീവിതത്തില്‍ പരാജയം സംഭവിച്ചാല്‍ അതിനെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റോടെ നേരിടുവാനും ഇക്കൂട്ടര്‍ക്ക്‌ സാധിക്കും.

വിശ്രമവേളകള്‍ ആനന്ദമാക്കുന്നതിനായി കമ്പ്യൂട്ടറിന്റെയും ടിവിയുടെയും മുമ്പില്‍ ചടഞ്ഞുകൂടുന്നവരുടെ എണ്ണം കൂടിവരുന്നു. ഇവര്‍, ഒരു കാര്യം ശ്രദ്ധിക്കുക, 'ആരോഗ്യസ്‌ഥിതി' ആപത്തിലാണെന്ന്‌.'

കാരണം, അധികമസയമം കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരിക്കുന്നതുമൂലം നട്ടെല്ലിന്‌ വളവ്‌ സംഭവിക്കുകയും, ഇത്‌ ഇവരുടെ വളര്‍ച്ചയെയും ബാധിക്കും. ടി.വി കാണുന്നവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും കാഴ്‌ചയ്‌ക്കും പ്രശ്‌നം നേരിടും.

എന്നാല്‍, കളികള്‍ക്ക്‌ ഈ ദോഷവസ്‌തുക്കള്‍ ഒന്നുംതന്നെയില്ല. മറിച്ച്‌ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തി രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. കൂടാതെ, കളിയിലെ ഓരോ നീക്കങ്ങളും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക്‌ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമവുമാകുന്ന ു.

അതുകൊണ്ട്‌ ദയവായി നിങ്ങളുടെ കുട്ടികളെ കളിക്കാന്‍ പ്രേരിപ്പിക്കൂ. കളിയിലൂടെയും അവര്‍ ജീവിതത്തെ കാണുകയും ആസ്വദിക്കുകയും ചെയ്യട്ടെ. കുട്ടികളെ മാനിക്കുക; ഒപ്പം അവരുടെ അഭിരുചികളെയും. മാതാപിതാക്കളും അദ്ധ്യാപകരും കളിക്കുന്നതിനു നല്ല നേതൃത്വം നല്‌കുകയാണ്‌ വേണ്ടത്‌. പ്രതിരോധശേഷിയും ജീവിതത്തിലെ ജയ-പരാജയങ്ങളെ നേരിടുവാനുള്ള കരുത്തും ശക്‌തിയും ആര്‍ജ്‌ജിച്ചെടുക്കാന്‍ അവരെ പ്രാപ്‌തരാക്കൂ...

No comments:

Post a Comment

please make the cooments and share