Sunday 19 October 2014

സ്‌നേഹം നഷ്ടമാകുമ്പോള്‍


പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍


സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന് പ്രചുര പ്രചരണം നേടിയ നൂറ്റാണ്ടിലാണ് നാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ ആശയ വിനിമയത്തിനായി മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത വിധം അത് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതിവേഗത്തില്‍ ഏവര്‍ക്കും ആശയ വിനിമയം നടക്കാവുന്ന തരത്തില്‍ ഭൂലോകത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരും വിധം  സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് സൗകര്യത്തിന് വിഷയമല്ലാതായിരിക്കുന്നു. നാം എപ്പോഴൊക്കെ ഔട്ട് ഓഫ് കവറേജ് ഏരിയ ആകുന്നുണ്ടോ അപ്പോഴൊക്കെ ''ഈ ലോകത്തു'' നിന്ന് ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോകുന്നു എന്നാണ് പുതിയ ലോകക്രമം പറഞ്ഞുതരുന്നത്. വര്‍ത്തമാനകാലത്തെ സോഷ്യല്‍ മീഡിയ ഫേസ് ബുക്കും, ട്വിറ്ററും, യൂ ട്യൂബും, ബ്ലോഗുമെല്ലാം ചേര്‍ന്ന സ്വന്തം പ്രസാധനാലയങ്ങളാണ്. എല്ലാ പൗരന്മാരും മാധ്യമപ്രവര്‍ത്തകരായാണ് സോഷ്യല്‍ മീഡിയ കാണുന്നത്. ഒരാള്‍ക്ക്  താല്‍പര്യമുള്ള ഏത് വാര്‍ത്തയും വിഡിയോയും ലോകത്തോട് പറയാന്‍ മറ്റാരുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. മാധ്യമങ്ങളുടെ പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന നേര്‍കാഴ്ചകള്‍ അവഗണിക്കാന്‍ സാധിക്കാത്ത വിധം പ്രസക്തവും ശക്തവുമായിത്തീരുന്നത്. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കാണ് സോഷ്യല്‍ മീഡിയ ആശയ കൈമാറ്റം നടത്തുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മാധ്യമങ്ങളുടെ പക്ഷം ചേരലും വെട്ടിമാറ്റലും അപഹാസ്യമായിത്തീരുന്നു. വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ ഫോണിലും മറ്റും പകര്‍ത്തിയെടുത്ത യഥാര്‍ഥ ദൃശ്യങ്ങളെ പ്രസിദ്ധികരിക്കുമ്പോള്‍ അതിനെ എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും? അതുകൊണ്ട് വര്‍ത്തമാന കാലത്ത്  ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. യേശു ക്രിസതുവിന്റെ പുനരാഗമനത്തെക്കുറിച്ച് ബൈബിള്‍ പറയുന്നു. പാപിയായ മനുഷ്യനു വേണ്ടി രണ്ടായിരത്തിലധികം വര്‍ഷങ്ങള്ഡക്ക് മുമ്പ് ഭൂജാതനായ ക്രിസ്തു സകല മനുഷ്യരുടെയും പാപത്തിന്റെ പരിഹാരത്തിനു വേണ്ടി കാല്‍വറി മല മുകളില്‍ മരിച്ചു. അദ്ദേഹം പറഞ്ഞിരുന്നതുപോലെ മൂന്നാം നള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് കരേറി പോകുകയും ചെയ്തു. ഇനി പാപം കൂടാതെ തന്നെ കാത്തിരിക്കുന്നവരെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ചേര്‍ക്കാന്‍ യേശുക്രിസ്തു പ്രത്യക്ഷനാകും എന്നും ബൈബിള്‍ പറയുന്നു. ക്രിസ്തുവിന്റെ പുനരാഗമനം കഴിയുമ്പോള്‍ വിശുദ്ധ വേദപുസ്തകത്തിലെ വെളിപ്പാട് പുസ്തകത്തില്‍  പറയുന്നതു പോലെ എഴുന്നേല്ക്കുന്ന രണ്ട് സാക്ഷികളെ ലോകം മുഴുവന്‍ കാണും എന്ന് പറയുന്നു. അവര്‍ പ്രസംഗിക്കുന്നതും, 1260 ദിവസം കഴിയുമ്പോള്‍ ആഴത്തില്‍ നിന്നും കയറി വരുന്ന മൃഗം അവരോട് പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. അവരുടെ കര്‍ത്താവ് കൊല്ലപ്പെട്ടതും ആത്മീകമായി സോദോം എന്നും മിസ്രയിം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വിഥിയില്‍ അവരുടെ ശവം കിടക്കും. സകല വംശക്കാരും, ഭാഷക്കാരും, ജാതിക്കാരും, ഗോത്രക്കാരും അവരുടെ ശവം മൂന്നരം ദിവസം കാണും (വെളിപ്പാട് 11:8,9). ഒരു കാലത്ത് അപ്രാപ്യമെന്നു തോന്നിയത് ഇന്ന് പ്രയാസകരമല്ലാതായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ വഴി ലോകത്തിന്റെ ഏതൊരു ഭാഗത്ത് നടക്കുന്ന സംഭവങ്ങളും ലോകം മുഴുവന്‍ കാണുവാന്‍ സാധിക്കുന്ന വിധത്തിലേക്ക് എത്തി നില്ക്കുന്നത് വേദപുസ്തക പ്രവചനത്തിന്റെ നിവൃത്തിയാണ്. ഈ ലോകം മുഴുവന്‍ അടക്കിഭരിക്കുന്ന ഒരു ലോക ഭരണാധികാരി രംഗത്തു വരുവാന്‍ സമയമായിരിക്കുന്നു.
ഫേസ്ബുക്ക് ഒരാള്‍ക്കൂട്ടമാണ് 80 കോടി ആളുകളാണ് ഫേസ്ബുക്കിന്റെ ശക്തി. സെക്കന്റില്‍ ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന വേദിയാണ് ഫേസ്ബുക്ക്. ഒരു മിനുട്ടില്‍ അറുപത് ലക്ഷം പേര്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് തങ്ങളുടെ 'കൂട്ടുകാരു'മായി ആശയ വിനിമയം നടത്തുന്നു. അവിടെ ലൈക്കടിക്കുന്നവരുടെ എണ്ണമാകട്ടെ മിനുട്ടില്‍ മൂന്ന് ലക്ഷവും. മൈക്രോ ബ്‌ളോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വന്ന് നിറയുന്ന ട്വീറ്റുകളുടെ എണ്ണം മിനുട്ടില്‍ ഒരു ലക്ഷത്തില്‍ അധികമാണ് പോലും. മാത്രവുമല്ല ഓരോ മിനുട്ടിലും ചുരുങ്ങിയത് 32 പേരെങ്കിലും ട്വിറ്ററില്‍ പുതുതായി വന്നുചേരുകയും ചെയ്യുന്നു. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറില്‍ മിനുട്ടില്‍ വന്നുനിറയുന്ന ഫോട്ടോകളുടെ എണ്ണം മൂവായിരത്തില്‍ അധികമാണ്. അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ കാണാനെത്തുന്ന പ്രേക്ഷകരുടെ എണ്ണം രണ്ടു കോടിയിലധികമാണ്. ഇമെയില്‍ വിലാസം വഴി ഓരോ മിനുട്ടിലും രണ്ടു കോടി മെയിലുകളാണ് കൈമാറിക്കൊണ്ടിരിക്കുന്നത്. വിക്കിപീഡിയയില്‍ മിനുട്ടില്‍ ആറു പേജുകളെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇകൊമേഴ്‌സ് സൈറ്റായ 'ആമസോണ്‍' മിനുട്ടില്‍ 4230 രൂപയുടെ കച്ചവടം നടത്തുമ്പോള്‍ ഐ ഫോണ്‍, ബ്‌ളാക്ക് ബെറി, ആന്‍േഡ്രായിഡ് ഫോണുകളുടെ അമ്പതിനായിരം ആപ്‌ളിക്കേഷനുകളാണ് മിനുട്ടില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. എന്തിനേറെ മിനുട്ടില്‍ ആറര ലക്ഷം ജി.ബി ഡാറ്റ നെറ്റിലൂടെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്. ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂ ട്യൂബില്‍ നാനൂറ് കോടി വീഡിയോകള്‍ കാണുന്നുവെന്നാണ് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 43.29 ശതമാനം പേരും ഫെയ്‌സ്ബുക്കില്ലാതെ ജീവിക്കാന്‍ പോലുമാകില്ലെന്ന നിലപാടുകാരാണ്. പ്രമുഖ ടെക്‌നോളജി ന്യൂസ് സൈറ്റായ മാഷബിള്‍ 120 രാജ്യങ്ങളില്‍ നിന്നുള്ള 4700 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. 2014ലെ സര്‍വ്വെ പ്രകാരം സോഷ്യല്‍ മീഡിയാ ഉപയോക്താക്കളില്‍ 55.54 ശതമാനവും പുരുഷന്‍മാരും 44.46 ശതമാനം സ്ത്രീകളുമാണ്. 18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് സോഷ്യല്‍ മീഡിയകളില്‍ സജീവം. സോഷ്യല്‍ മീഡിയയുടെ മൊത്തം ഉപയോക്താക്കളില്‍ 51.56 ശതമാനവും ഈ പ്രായക്കാരാണ്. 28.64 ശതമാനം ഉപയോക്താക്കള്‍ 30നും 44 വയസ്സിനുമിടയില്‍ പ്രായമുള്ളവരും 9.54 ശതമാനം പേര്‍ 45നും 60നും ഇടയില്‍ പ്രായമുള്ളവരുമാണ്. 8.92 ശതമാനം യൂസര്‍മാരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 60ന് മുകളില്‍ പ്രായമുള്ള 1.34 ശതമാനം പേര്‍ മാത്രമെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമായുള്ളൂ. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം ഫെയ്‌സ്ബുക്കിന് തന്നെയാണ്.
സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ നവീന മാധ്യമങ്ങള്‍, എല്ലാ സാങ്കേതിക വിദ്യകളെയും പോലെ നന്മകള്‍ക്കൊപ്പം ചതിക്കുഴികളുടെയും ഒരു സങ്കേതമായി മാറിയിരിക്കുന്നു. എല്ലാതരം അതിരുകളെയും കെട്ടുപാടുകളെയും മാറ്റി വച്ചു സുഹൃത്ത് വലയത്തിന്റെ അനന്ത വിഹായസിലേക്ക് പറക്കാന്‍ അവസരം ഒരുക്കിയ ഈ നവ മാധ്യമങ്ങളെ ലോക യുവത്വം ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ അലകളില്‍ മുല്ലപ്പൂ വിപ്ലവങ്ങള്‍ ഉണ്ടായി, സര്‍ക്കാരുകള്‍ തകര്‍ന്നു വീണു. സോഷ്യല്‍ മീഡിയയ്ക്ക് വിലങ്ങിടാന്‍ എല്ലായിടത്തും മുറവിളി ഉയര്‍ന്നു. ഏവരും പതുക്കെ മനസിലാക്കി തുടങ്ങി സൈബര്‍ ലോകം വെള്ളിതളികയില്‍ വച്ചുനീട്ടിയത് ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു എന്ന യാഥാര്‍ഥ്യം. ആശയവിനിമയം കൂടുതല്‍ സുതാര്യമായ തലത്തിലേക്ക് ഉയര്‍ത്തുകയും അതിനൊപ്പം ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന ഈ മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ സംവദിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സോഷ്യല്‍ മീഡിയ. എന്നാല്‍ ഇന്ന് അത് പൂര്‍ണമായി മാറി ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. നമ്മള്‍ എങ്ങനെ മറ്റൊരാളോട് സംവദിക്കുന്നു എന്നതില്‍ ഉപരിയായി നമ്മളുടെ ദൈനംദിന സംഭാഷണങ്ങളെ പോലും മാറ്റുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ. മനുഷ്യന്‍ സാമൂഹിക ജീവിയില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയ ജീവികളായി മാറുന്നു. മനുഷ്യന്റെ ഭൗതിക സൗകര്യങ്ങളിന്ന് ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നവസാങ്കേതികരംഗങ്ങളില്‍ കഴിഞ്ഞ  വര്‍ഷങ്ങള്‍ള്ളില്‍ മാത്രമുണ്ടായിട്ടുള്ളത്. ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈലും, ഇന്റര്‍നെറ്റും മാറിയത് വളരെയടുത്താണ്. മലയാളിക്ക് വാര്‍ത്ത കാണാന്‍ ഒന്നോ രണ്ടോ ചാനലുണ്ടായിരുന്നതിന്ന് പതിനഞ്ചിലധിക വളര്‍ച്ചയാണ്. ഭൂമിയുടെ ഉറവിടവും, ഭൂമിക്ക് പുറത്തെ സാധ്യതകളും മറ്റും തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ ശൂന്യാകാശത്തും, ചന്ദ്രനിലും, ചൊവ്വയിലുമെല്ലാം എത്തിച്ചിരിക്കുന്നു. വ്യാപര വിനിമയങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ആകുമ്പോള്‍ അതും വിശുദ്ധ ബൈബിളില്‍ പറയുന്ന പ്രവചന നിവര്‍ത്തിയാണ്.
എങ്ങും തിന്മയും അനീതിയും അക്രമവും  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മലീമസമായ ഒരു ചുറ്റുപാടില്‍ ആണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്.  മനുഷ്യത്വം സംരക്ഷിക്കുന്ന ഒരുത്തമ മനുഷ്യനായി ഏവരും മാറണം.  ജീവിത ലക്ഷ്യമെന്ത് എന്നറിയാതെ തെരുവോരങ്ങളിലൂടെ തിന്മകള്‍ ആസ്വദിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സമൂഹം. സ്വന്ത കാര്യ മാത്രമാണ് അവര്‍ക്ക് വലുത്.  എല്ലാം ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മനുഷ്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. സ്‌നേഹം, കരുണ, ദയ എല്ലാം എവിടെയോ പോയ്മറഞ്ഞു കഴിഞ്ഞു. സ്വാര്‍ത്ഥതയാണിന്ന് എവിടെയും. 2 തിമോഥെയോസ് 3 : 1 മുതല്‍ 7 വരെ അന്ത്യ കാലത്ത് ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക.മനുഷ്യര്‍ സ്വസ്‌നേഹികളും, ദ്രവ്യാഗ്രഹികളും, വമ്പുപറയുന്നവരും,അഹങ്കാരികളും, ദൂഷ്‌കന്മാരും, അമ്മയപ്പന്മാരെ അനുസരികാത്തവരും, നന്ദികെട്ടവരും അശുദ്ധരും, വാത്സല്യം ഇല്ലാത്തവരും, ഇണങ്ങാത്തവരും, ഏഷണികാരും,അജിതേന്ത്രിയന്മാരും, ഉഗ്രന്മാരും, സല്‍ഗുണദ്വേഷികളും, ദ്രോഹികളും, ധാര്‍ഷ്ടിയകാരും ,നിഗളികളുമായി, ദൈവപ്രിയമില്ലാതെ,ഭോഗപ്രിയര്‍ ആയി മാറു എന്നു പറയുന്നു.  യോഹന്നാന്‍ 3:16 ഇങ്ങനെ: 'തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു. അര്‍ഥം ലളിതമാണ്. ഈ മുഴുവന്‍ ലോകത്തെയും ദൈവം സ്‌നേഹിച്ചു. ഈ ലോകത്തെ മനുഷ്യര്‍ നിരാശയിലും അസന്തുഷ്ടിയിലും നശിച്ചുപോകാതെ ഈ ലോകത്തെ വീണ്ടെടുക്കാനായി ദൈവം തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചു. യേശുവിന്റെ ജീവിത മണ്ഡലം ഈ ലോകം മുഴുവനും ആയിരുന്നു.
  ദൈവം ഈ ലോകത്തെ സ്‌നേഹിച്ചതുപോലെ നാമും നമ്മുടെ സഹജീവിയെ സ്‌നേഹിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.  നാം നമ്മുടെ സഹജീവിക്ക് സ്‌നേഹവും ജീവനും നല്‍കാന്‍  പരാജയപ്പെട്ടാല്‍ ആ ലോകം വീണ്ടെടുക്കപ്പെടാതെ പോകും. ബൈബിളില്‍ കാണുന്ന ദൈവം സ്‌നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്റെ സ്‌നേഹം. 'നിത്യസ്‌നേഹം കൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു' എന്നാണ്  ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്‌നേഹിച്ചു നമ്മെ വീണ്ടെടുത്തു' എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹം തള്ളിക്കളയാതെ നിങ്ങളെ സ്‌നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചുവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. 'നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു' എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്റെ സ്‌നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവായി സ്വീകരിക്കൂക… വരുവാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടി നിത്യജീവനെ പ്രാപിക്കു.

No comments:

Post a Comment

please make the cooments and share