Friday, 17 October 2014

ക്രിസ്തു നിന്ദ അപലപനീയം

ക്രിസ്തു നിന്ദ അപലപനീയം
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മില്‍ വഴിവിട്ട ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് സിപിഐ മുഖമാസികയായ നവയുഗം. യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന പോഴത്തരം കാട്ടി കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നുവെന്നും മുഖമാസികയില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമാസികയായ നവയുഗത്തിന്റെ സെപ്തംബര്‍ 15ന് ഇറങ്ങിയ പതിപ്പാണ് ഈ ലേഖനത്തിന് ആധാരം. പെസഹാനാളിലെ കുര്‍ബാന എന്ന പേരില്‍ ആര്‍ തുളസീദാസാണ് നവയുഗത്തില്‍ കഥയെഴുതിയിരിക്കുന്നത്. ക്രൈസ്ത വിശ്വാസത്തെ ഇല്ലായ്മചെയ്യുകയെന്ന ലക്ഷ്യം തന്നെയാണ് ഇതിനു പിന്നിലെന്ന്  വ്യക്തമാണ്.  ആദര്‍ശ പ്രബോധനത്തെയും അതുമൂലമുണ്ടാകുന്ന ആന്തരികപരിവര്‍ത്തനത്തെയും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംവിധാനിക്കപ്പെട്ടതാണ് നവയുഗത്തിലെ ഈ കഥ.
കഥയിലെ കഥാപാത്രങ്ങളായ മറിയാമ്മയും കത്രീനയും തമ്മിലുള്ള സംഭാഷണത്തിലാണ് യേശു ക്രിസ്തുവിനെയും മഗ്ദലന മറിയത്തെയും പരാമര്‍ശിക്കുന്നത്. യേശുക്രിസ്തു മുള്‍ക്കിരീടം തലയില്‍ ചൂടി കുരിശും ചുമന്ന് അനേകമാളുകളുടെ മധ്യത്തിലൂടെ നടന്നു പോകവെ മഗ്ദലനമറിയം മാത്രം കരഞ്ഞതെന്തിനാണെന്ന് കത്രീനയ്ക്ക് സംശയം. ഇതിന് ഉത്തരവും കത്രീന  തന്നെ വ്യക്തമാക്കുന്നുണ്ട്, കര്‍ത്താവ് മഗ്ദലനമറിയത്തിന് പഴയതിന്  ബാക്കിയായി എന്തെങ്കിലും കൊടുക്കാന്‍ ഉണ്ടാവും, അത് കിട്ടാത്തതിനുള്ള സങ്കടമാവും അവളുടേതെന്നാണ് കത്രീന പറയുന്നത്.
കഥയുടെ മറ്റൊരു ഭാഗത്ത് യേശു ക്രിസ്തുവിനെ മാരകമായ രീതിയില്‍ ആക്രമിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഇപ്പോഴത്തെ ചില പള്ളി വികാരിമാരുടെ അതേ സ്വഭാവമായിരുന്നു കര്‍ത്താവിനെന്നാണ് പറയുന്നത്. കര്‍ത്താവിനെ ഇത്രനാള്‍ സേവിച്ചിട്ടും തന്തയില്ലാത്തരം കാട്ടിയെന്ന് മത്തായിയെന്ന കഥാപാത്രം കര്‍ത്താവിനോട് പറയുന്നു. യേശുക്രിസ്തു അത്താഴവിരുന്നിന് വിളമ്പിയത് വീഞ്ഞല്ല പട്ടച്ചാരായമാണ്. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന പോഴത്തരം കാട്ടി കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നുവെന്നും വിശ്വാസികളെ പറ്റിച്ച കര്‍ത്താവാണെന്നും കഥയില്‍ പരിഹസിക്കുന്നു.യേശുക്രിസ്തുവിനെ മഗ്ദലനമറിയത്തോട് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധിപ്പിച്ച് നോവലെഴുതിയ  പ്രസിദ്ധ ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസന്‍ദ്‌സാക്കീസ് ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനത്തെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ ''ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍'' എന്ന നോവല്‍. കാസാന്‍ദ് സാക്കിസിനെ പോലെ സി. പി. ഐക്ക്  അവരുടെ ഈ കഥയെ ന്യായികരിക്കാന്‍ പല കാരണങ്ങള്‍ കാണുമായിരിക്കും. പലതും കാണുമെങ്കിലും അതു ശരിയായില്ലെന്ന് കരുതുന്നവനാണ് ഈ ലേഖകന്‍. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ യേശുവിനെക്കുറിച്ചുണ്ടാവുന്നത് ആദ്യ തവണയൊന്നുമല്ല. കാലാകാലങ്ങളിലായി കിസ്തുവിനെ  നിന്ദിക്കുന്നത് ഒരു ശീലമായി മാറിക്കഴിഞ്ഞു. പി. എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകവും, ഡൗണ്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് എന്ന നോവലും ക്രിസ്തുവിനെ അപമാനിക്കുന്നതായിരുന്നു. കേരളത്തില്‍ വിഷ്ണു നാരയാണന്‍ നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിതയും, തായാട്ട് ശങ്കരന്റെ വിവേകാനന്ദ സാഹിതിയില്‍ നിന്ന് ഒരേട് എന്ന ലേഖനവും ക്രിസ്ത്യാനികള്‍ക്ക് എതിരായിരുന്നു. ഇസ്ലാമായ എം. എം അക്ബറിന്റെ ബൈബിളിന്റെ ദൈവീകത എന്ന ഗ്രന്ഥം ക്രിസ്തുവിനെ അവഹേളിക്കുന്നതാണ്. യേശു വിവാഹിതനായിരുന്നു എന്ന കഥയുമായി  ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ കരേന്‍ കിംഗ് രംഗത്തെത്തിയിരുന്നു.  യേശുവിന് ഭാര്യയും മക്കളും ഉണ്ടെന്ന കള്ള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പലതായി.ക്രിസ്തു വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും നേരത്തെത്തന്നെ വാദമുയര്‍ന്നിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച 'ഡാവിഞ്ചി കോഡ്' എന്ന പുസ്തകത്തില്‍ ഇത് പരസ്യമാക്കിയിരുന്നു. നമ്മള്‍ സംസ്‌കാര ഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാര്‍ നമ്മുടെ ജീവരക്തത്തില്‍ കലര്‍ത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണ്. യേശുക്രിസ്തു ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ സ്വഭാവത്തെ വേണമെങ്കില്‍ വിമര്‍ശിക്കൂ. പക്ഷേ അദ്ദേഹത്തിന് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണ്.
 ക്രിസ്തുവിനെതിരെ മാന്യവും വസ്തുനിഷ്ഠവുമായ വിമര്‍ശനങ്ങളുന്നയിക്കുന്നതിനു പകരം ക്രിസ്തുമത പ്രബോധനമെന്ന പേരില്‍ അദ്ദേഹത്തിനെതിരെ സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി സായൂജ്യമടയുന്ന വൈകൃതമനസ്സുകള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ക്രിസ്തുവിന്റെ അത്യുന്നതമായ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എവിടെ നിന്നുണ്ടായാലും അപലപിക്കപ്പെടേണ്ടതാണ്. ഏവര്‍ക്കും ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. മറ്റുള്ളവരെ ആക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടിവളര്‍ത്തുകയും അണികളെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രത്തില്‍ നിന്നാണ് തുളസിദാസിന്റെ ഈ കഥയുടെ ഉത്ഭവം എന്ന് വേണം കരുതാന്‍. ന്യൂനപക്ഷങ്ങളെ പാടേ അവഗണിച്ച് ഭൂരിപക്ഷ പ്രീണനത്തിനുള്ള  ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരെ പ്രീണിപ്പിക്കാനാണെങ്കിലും  ലക്ഷ്യവും മാര്‍ഗവും സംശുദ്ധമായിരിക്കണം. ദൈവവിശ്വാസവും അച്ചടക്കവും ഉയര്‍ന്ന മൂല്യബോധങ്ങളായി കാണാന്‍ കഴിയണം. പാര്‍ട്ടിനേതാക്കളുടെ ആജ്ഞയ്ക്കനുസരിച്ചു നീങ്ങുന്ന വികലാത്മാക്കളായി പ്രവര്‍ത്തകര്‍ മാറുന്നതിനേക്കാള്‍ പരിതാപകരമായി മറ്റൊന്നുമില്ല. നിശ്ചയദാര്‍ഢ്യവും സേവനോത്സുകതയും മുഖമുദ്രയാക്കി ഇന്നാട്ടിലെ െ്രെകസ്തവസഭ  പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേരളത്തിലെ സാമൂഹിക, സാമ്പത്തീക, സാംസ്‌കാരിക, വിദ്യഭ്യാസ രംഗങ്ങളില്‍  അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. രാഷ്ട്രീയത്തിലെ സമുന്നത നേതാക്കളും സമ്മതിക്കുന്ന വസ്തുത ഇതായിരിക്കെ സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മനഃസാക്ഷിയെ ഒന്നു വിലയിരുത്തട്ടെ. വിമര്‍ശിക്കാനുള്ള അവകാശത്തിന്റെയും ആവിഷ്‌കാര സ്വാത്യന്ത്ര്യത്തിന്റെയും ഭൂമികകളില്‍ നിന്നുകൊണ്ടുള്ള ക്രിസ്തു നിന്ദ ന്യായീകരിക്കുവാന്‍ ധൈഷണിക ആഴമില്ലാത്തവര്‍ക്കേ കഴിയു. ജനാധിപത്യം നല്‍കുന്ന സ്വാത്യന്ത്ര്യം അനിയന്ത്രിതമല്ല.  മതേതരാന്തരീക്ഷം തകര്‍ത്ത് വിദ്വേഷത്തിന്റെ കനലുകള്‍ പാകാന്‍ വേണ്ടി ബോധപൂര്‍വം കളവുപറയാനുള്ള സ്വാത്യന്ത്ര്യം ആധുനിക ജനാധിപത്യം അനുവദിക്കുന്നുണ്ടോ.?
മതമൈത്രിക്കു പേരുകേട്ട നമ്മുടെ കേരളം പോലും യേശുക്രിസ്തുവിനോടുള്ള വിരോധത്തെ സ്വാംശീകരിച്ചുതുടങ്ങുകയാണ്.  കേരളത്തിന്റെ മണ്ണും മനസ്സും ഇപ്പോള്‍  കുറേയൊക്കെ വിഷലിപ്തമായിത്തീര്‍ന്നിട്ടുണ്ടെന്നതാണ് സത്യം. കഥ, നോവല്‍, നാടകം, സിനിമ ഇവയൊക്കെയും ഭാവനാസൃഷ്ടികളാണ്. അതിന്റെ പിന്നണിയിലുള്ള ആളുകളുടെ ബൗദ്ധിക നിലവാരമനുസരിച്ചായിരിക്കും കലാമൂല്യമുള്ളതോ ഇല്ലാത്തതോ ആയ ഒരു സൃഷ്ടിയായി അത് പുറത്തു വരുന്നത്.  സമകാലീന ട്രെന്‍ഡിനനുസരിച്ചു അല്പം എരിവും പുളിയും മസാലകളും ചേര്‍ത്തു പാകപ്പെടുത്തിയവയാണ് കൂടുതലും. ബഹുഭൂരിപക്ഷംവരുന്ന പാര്‍ട്ടിപ്പാദസേവകര്‍ പോസ്റ്റര്‍ ഒട്ടിക്കുക, മതിലിലെഴുതുക, മുദ്രാവാക്യം വിളിക്കുക, ആളെക്കൂട്ടി സമ്മേളനങ്ങള്‍ വിജയിപ്പിക്കുക, തല്ലുംകൊല്ലും നടത്തുക, പ്രാദേശികതലങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറയുറപ്പിക്കാന്‍  അധികാരമേശയില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങള്‍ പിടിക്കാന്‍ വായ്‌പൊളിച്ചിരിക്കുക തുടങ്ങിയവ ചെയ്ത് സംതൃപ്തിയടയേണ്ടവരാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തിന്റെ സാംസ്‌കാരികസമ്പന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ നാനാത്വത്തിലെ ഏകത്വം രാഷ്ട്രീയമായി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്.  മനുഷ്യന്റെ മതപരമായ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി കൈകടത്തുമ്പോള്‍ അത് അധികാരദുര്‍വിനിയോഗത്തിലേക്കു നയിക്കും. രാഷ്ട്രീയാധികാരം ഉപയോഗിച്ച് അതില്ലാത്ത പ്രതിയോഗികളെ  തകര്‍ക്കാന്‍ ശ്രമിക്കും. അതിന്റെ ചോരപുരണ്ട ചരിത്രത്തിന്റെ ഇന്നലെകളും ഇന്നുകളും നമുക്കുമുമ്പില്‍ നില്‍ക്കുകയാണ്.
മനുഷ്യാവകാശം, മനുഷ്യത്വത്തിന്റെ അനന്യത, പൊതുനന്മ, വ്യക്തിസ്വാതന്ത്ര്യം, ദീനദയാലുത്വം, പരോപകാര തല്പരത, പരസ്പരബഹുമാനം, സത്യസന്ധത, കഠിനാധ്വാനം എന്നിവ പാശ്ചാത്യനാടുകളിലും നമ്മുടെ നാട്ടിലും വേരൂന്നിയത് ക്രിസ്തീയതയുടെ വളക്കൂറുള്ള മണ്ണിലൂടെയാണ്. പിന്നീടത് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വാംശീകരിച്ചു. മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ മതവിരുദ്ധരായ ചില നേതാക്കന്മാര്‍ തങ്ങളുടെ പ്രഭാഷണങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചു കാണുന്നു. ദൈവവചനം അവര്‍ക്കു മതനിന്ദയ്ക്കുള്ള ആയുധമാണ്. മതബോധമില്ലാത്തവരും മതവിരുദ്ധരുമാണ് ദൈവവചനം ഉദ്ധരിക്കുന്നത്. ക്രിസ്തുമതത്തേയും ക്രിസ്തുവിനേയും ആളുകള്‍ നിന്ദിക്കുന്നതും അവഹേളിക്കുന്നതും എതിര്‍ക്കുന്നതും ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഇതിന്റെ ആവിര്‍ഭാവ കാലം മുതല്‍ തന്നെ വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. യേശുക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ ഇത്തരം വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മദ്ധ്യേയാണ് അദ്ദേഹം പ്രബോധനം ചെയ്തത്.  പ്രിയരേ മുറിവേല്‍പ്പിക്കപ്പെടുന്ന വാക്കുകള്‍ നമുക്കെതിരെ ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക, ക്രൂശീകരണം വരെ നമ്മെ ലോകത്തിനു നിന്ദിക്കാം, പഴിക്കാം, ദുഷിക്കാം, മുറിവേല്പ്പിക്കം, പക്ഷെ ഒരു ഉയര്‍ത്തെഴുന്നെല്പ് നമുക്കുണ്ട്. ക്രൂശില്‍ സകലവും അവസാനിച്ചു എന്ന സന്ദേശം പിശാചും അവന്റെ അനുയായികളും ആഘോഷിച്ചു, ശിഷ്യന്മാരെ ചിന്നി ചിതറിച്ചു, പക്ഷെ ഒരു ഉത്സവം മൂന്നാം ദിനം അരങ്ങേറി. ലോകത്തിന്റെ പാപത്തെ ചുമന്നോഴിച്ചു കൊണ്ട് ദൈവത്തിന്റെ കുഞ്ഞാട് ഉയിര്‍ത്തെഴുന്നേറ്റു. ക്രൂശികരിക്കുമ്പോള്‍ ക്രിസ്തുവിന്റെ പ്രാര്‍ത്ഥന പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്നായിരുന്നു. അതാണ് ക്രൈസ്തവരുടെ മുഖമുദ്രയും.

No comments:

Post a Comment

please make the cooments and share