Friday 17 October 2014

മദ്യനിരോധനം പ്രായോഗികമോ?

മദ്യനിരോധനം പ്രായോഗികമോ?
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ആല്‍ക്കഹോള്‍ ചേര്‍ന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മനുഷ്യനെ ലഹരിയിലാക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. ലോകത്തില്‍ പലതരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകള്‍ ചേര്‍ത്താണ് ഉണ്ടാകുന്നതെങ്കിലും എല്ലാറ്റിലേയും പൊതുവായ ഘടകം ആല്‍ക്കഹോളാണ്. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാര്‍ഥമാണ് ആല്‍ക്കഹോള്‍. ആല്‍ക്കഹോള്‍ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാന്‍ പറ്റുന്നതല്ല.
മദ്യത്തിന്റെ ചരിത്രം
ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ മദ്യപിച്ചു തുടങ്ങിയിരുന്നു. ഭാരതീയപുരാണങ്ങളിലെ ദേവന്മാര്‍ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളില്‍ പറയുന്നു. ഗ്രീക്കുകാര്‍ക്ക് വീഞ്ഞിന്റെ ദേവന്‍ തന്നെയുണ്ട് ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 വര്‍ഷം മുമ്പ് തന്നെ ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. ബൈബിളില്‍ ജലം പ്രളയം കഴിഞ്ഞ് പെട്ടകത്തില്‍ നിന്ന് പുറത്തിറങ്ങിയ നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അവന്‍ അതിലെ വീഞ്ഞു കുടിച്ച് ലഹരിപിടിച്ച് കൂടാരത്തില്‍ കിടന്നതായി വേദപുസ്തകം പറയുന്നു. ലഭ്യമായ മദ്യത്തിന്റെ ഏറ്റവും പഴയ ചരിത്രമാണിത്. ഏതു കാലത്തും മനുഷ്യന്‍ മദ്യത്തെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയോ ഇഷ്ടപ്പെട്ടിരുന്നതായി കാണാം. അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലം മുതല്‍ തന്നെ തുടങ്ങിയതാണ് മദ്യപാന ശീലവും.കേരളീയരുടെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വര്‍ഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പില്‍ വരുത്താനും കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
മദ്യ നിരോധനം ചരിത്രത്തില്‍
 ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തില്‍, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ 'യു' ചക്രവര്‍ത്തിയാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകന്‍ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
സ്‌കാന്റിനേവിയന്‍ രാജ്യങ്ങളായ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ പലപ്പോഴും മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എങ്കിലും പൂര്‍ണ്ണ നിരോധനം ഫലപ്രാപ്തിയിലെത്തിയില്ല എന്നത് തന്നെയാണ് സത്യം. നികുതി വര്‍ദ്ധിപ്പിക്കുന്നത് പോലെയുള്ള ചില നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഉത്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്വീഡന്‍ പോലെയുള്ള രാജ്യങ്ങളില്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉത്പാദനം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കുത്തകയാണ്. ലോകപ്രശസ്തമായ അബ്‌സോല്യൂട്ട് വോഡ്ക സ്വീഡനില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.കാനഡയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്. 1898ല്‍ നിരോധനത്തെ 51.3% പേര്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചു. മിക്കവാറും എല്ലാ പ്രവിശ്യയിലും ഇങ്ങനെ നേരിയ ഭൂരിപക്ഷം നിരോധനത്തിന് ലഭിച്ചെങ്കിലും ക്യുബെക് പ്രവിശ്യയിലെ 81.2% പേരും നിരോധനത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഫെഡറല്‍ തലത്തില്‍ ഈ നിയമം പാസാക്കുന്നതില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രി വില്‍ഫ്രഡ് ലോറിയറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്മാറുകയാണ് ഉണ്ടായത്. പിന്നീട് പല പ്രവിശ്യകളും പ്രാദേശികമായി നിരോധനം നടപ്പിലാക്കി.1918ല്‍ ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു പാസ്സാക്കിയ വാര്‍ മെഷേഴ്‌സ് ആക്റ്റ് രാജ്യത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. പ്രാദേശികമായ നിരോധന നിയമങ്ങളും ഘട്ടംഘട്ടമായി പിന്‍വലിക്കേണ്ടി വന്നു. എല്ലാ മദ്യനിരോധന നിയമങ്ങളുടെയും ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മതാധിഷ്ടിത സംഘടനകള്‍ പ്രധാനമായും പ്രൊട്ടസ്റ്റന്റ് സഭകള്‍ ആണ്. മദ്യത്തെ നിയന്ത്രിക്കുകയല്ലാതെ നിരോധിക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവാണ് മേല്‍പ്പറഞ്ഞ സര്‍ക്കാരുകളെ നിരോധനത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരാക്കിയത്.
 മദ്യനിരോധനം ഏറ്റവും ദോഷകരമായ രീതിയില്‍ ബാധിക്കുകയും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു നിരോധനം പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്ത ഒരു രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. നമ്മുടെ നാട്ടിലെ പോലെ മദ്യവിരുദ്ധസമിതി പോലെ അവിടുത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റി സലൂണ്‍ ലീഗ് എന്ന സംഘടനയാണ് 1920ലെ പതിനെട്ടാം ഭരണഘടനാ ഭേദഗതിവഴി നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. 1917ഡിസംബര്‍ 18നു തുടങ്ങിയ ശ്രമങ്ങള്‍ 1919ഒക്ടോബര്‍ 28നു വിജയത്തിലെത്തി. പ്രസിഡന്റ് വുഡ്രോ വിത്സണ്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് നാഷണല്‍ പ്രൊഹിബിഷന്‍ ആക്റ്റ് പാസാക്കി. ഈ നിയമം പില്‍ക്കാലത്ത് വോള്‍സ്‌റ്റെഡ് ആക്റ്റ് (ആന്‍ഡ്രൂ വോള്‍സ്‌റ്റെഡ് ആയിരുന്നു അന്നത്തെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ ചെയര്‍മാന്‍) എന്നാണു അറിയപ്പെട്ടത്. ഈ നിയമപ്രകാരം മദ്യം (0.5 %ത്തില്‍ കൂടുതല്‍ വീര്യമുള്ളത്) ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും എല്ലാം നിരോധിക്കപ്പെട്ടു.
എന്നാല്‍ അതിനു വളരെ വലിയ വിലയാണ് സര്‍ക്കാരിന് കൊടുക്കേണ്ടി വന്നത്. മദ്യത്തിന്റെ നിയമവിരുദ്ധമായ ഉത്പാദനവും വിതരണവും നടത്താന്‍ മാഫിയ സംഘങ്ങള്‍ ഉണ്ടാകുകയും അവര്‍ ശക്തി പ്രാപിക്കുകയും ചെയ്തു. അവരില്‍ പലരും പല പ്രവിശ്യകളും സമാന്തര സര്‍ക്കാരിനെപ്പോലെ നിയന്ത്രിക്കാന്‍ തുടങ്ങി. ഒമാഹയിലെ (നെബ്രാസ്‌ക) ടോം ഡെന്നിസനേപ്പോലെയും ഷിക്കാഗോയിലെ അല്‍ കാപ്പോണിനെപ്പോലെയുമുള്ള അധോലോകനേതാക്കള്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ തുടങ്ങി. ഗ്യാങ് വാറുകള്‍, കൂട്ടക്കൊലകള്‍ എന്നിവ നിത്യസംഭവങ്ങളായി മാറി. ഒരേസമയം അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ ജനങ്ങള്‍ വലയുകയും മദ്യത്തിന്റെ ലഭ്യതയ്ക്ക് വേണ്ടി ഇതേ ജനങ്ങള്‍ ഭാഗികമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രത്യേക സാമൂഹികാവസ്ഥ സംജാതമാകും ഇന്ത്യയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ഗുജറാത്ത്, നാഗാലാന്റ് എന്നിവയാണ്. മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മദ്യനിരോധനം നിലവിലുണ്ട്. ഇതില്‍ ഗുജറാത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയത് 1961ലാണ്.  നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗം കണക്കിലെടുത്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വര്‍ഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും.  നാഗലാന്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് സഭകളുടെ സ്വാധീനം മൂലം 1989ല്‍ നിരോധനം നടപ്പാക്കിയ നാഗാലാന്‍ഡില്‍ പേരിനു മാത്രമേ നിരോധനമുള്ളൂ. എല്ലാ ഹോട്ടലുകളിലും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ലഭ്യമാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പരിഹാസ്യമാണ്.
 കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം അത്ര എളുപ്പമുള്ള വിഷയം ആണെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചാരായനിരോധനം ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളവാറ്റ് ഉല്‍പ്പാദിപ്പിക്കപ്പെട്ടതും വില്‍പ്പന നടന്നതും. ഒരു നിയമം കൊണ്ട് വരിക എന്നതല്ല, അത് എത്രത്തോളം വിജയകരമാക്കുവാന്‍ കഴിയും എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. നിയമങ്ങള്‍ക്കു യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ നിയമങ്ങളേക്കാള്‍ കൂടുതല്‍ നിയമം ലംഘിക്കുവാനുള്ള പഴുതുകള്‍ ആണ് സുലഭം. അത് കൊണ്ട് തന്നെ ആ പഴുതുകള്‍ അടക്കുകയാണ് ആദ്യം വേണ്ടത്. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ അത് ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ഘട്ടംഘട്ടമായി നടപ്പിലാക്കുകയും അതിനോടൊപ്പം തന്നെ അതിനെ മറികടക്കുന്ന കള്ളവാറ്റ്, രഹസ്യ വില്‍പ്പന തുടങ്ങിയ സാമൂഹികതിന്മകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കുകയും ചെയ്താല്‍ അതായിരിക്കും ഏറ്റവും നല്ല മാര്‍ഗ്ഗം എന്നാണ് എന്റെ അഭിപ്രായം.
മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക രംഗത്ത് വളരയധികം നഷ്ടമാണുണ്ടാകുന്നത്. ഒരുവഴിക്ക് കിട്ടുന്ന വരുമാനം മറ്റൊരു വഴിക്ക് പോകുകയാണ്. രാജ്യത്തെ നിലവിലെ മദ്യ ഉപഭോഗം 670 കോടി ലിറ്ററാണ്. ബിയര്‍, വൈന്‍, സ്പിരിറ്റ് ഉള്‍പ്പെടെയുള്ള മദ്യവിപണയില്‍ നിന്നുള്ള വരുമാനം 2015ല്‍ 1.4 ലക്ഷം കോടി രൂപയാകും. നിലവില്‍ 50,700 കോടി രൂപയാണ് മദ്യത്തിന്റെ വാര്‍ഷിക വരുമാനം.  ആഭ്യന്തര മദ്യ വിപണിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. നഗരവത്കരണം മൂലമുണ്ടായ സാമൂഹിക പരിവര്‍ത്തനം മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. അന്താരാഷട്ര വ്യാപാര നയത്തില്‍ വരുത്തിയ ഇളവുകള്‍ വിദേശമദ്യങ്ങളുടെ പ്രിയ കേന്ദ്രമായി ഇന്ത്യയെ മാറ്റി. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യത്തിന് അടിമകളാകുകയാണ്. വന്‍ തോതിലുള്ള സാമ്പത്തിക വരുമാനം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, മാറുന്ന സാമൂഹിക വ്യവസ്ഥിതികള്‍, പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മദ്യപാനം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. 14 ശതമാനവുമായി പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.
 കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ഷാവര്‍ഷങ്ങളില്‍ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 6,700 കോടി രൂപയുടെ മദ്യം വില്‍പ്പനനടത്തിയതായി കണക്കുകള്‍ പറയുന്നു.20113-2014 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പന 7,860.12 കോടി രൂപയായിരുന്നു.സാമ്പത്തിക വര്‍ഷത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ 6352.56 കോടി രൂപ സര്‍ക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നല്‍കിയിട്ടുണ്ട്.
മദ്യവും ബൈബിളും
മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞുപോയി. വിശേഷാവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ സമൂഹം പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയില്‍ ആധുനിക സമൂഹം എത്തിനില്‍ക്കുന്നു. അതു നിമിത്തം ക്രിസ്തുവിന്റെ സാക്ഷികളായ നമുക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാന്‍ കഴിയുന്നുണ്ടോ? മദ്യത്തിന്റെ ലഹരിവരുത്തിവയ്ക്കുന്ന തിന്മകളെക്കുറിച്ച് തിരുവചനം നല്‍കുന്ന താക്കീതുകള്‍ നമ്മള്‍ പോലും വിസ്മരിച്ചുകളയുന്നു. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെ പുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാലായിരുന്നു (ഉല്പത്തി 9: 2126). ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തമായിരുന്നു (ഉല്പത്തി 19:3038). അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്‌നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു (2 ശമുവേല്‍ 13:2829). അഹശ്വേരോശ് രാജാവിന്റെ പത്‌നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ ആയിരുന്നു (എസ്‌തേര്‍ 1:9).ബൈബിളില്‍  മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു.  വീഞ്ഞ് സൃഷ്ടിക്കുന്ന ലഹരിയെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും ശലോമോന്‍ വിശദീകരിക്കുന്നത് എന്നെന്നും പ്രസക്തമാണ്. തുടങ്ങുമ്പോള്‍ നിരുപദ്രവകാരിയെപ്പോലെ ആസ്വാദ്യത നല്‍കുകയും ഉപഭോഗം കൂടുന്തോറും ഉന്മാദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന വീഞ്ഞ് വരുത്തുന്ന വിനകളെക്കുറിച്ച്  നമുക്ക് സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ കാണാം. 'ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.'സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു (ഹബ : 215) 'മദ്യപന്മാര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല' എന്ന് അപ്പോസ്‌തോലനായ പൌലോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു (1 കൊരി. 6:10)സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.

No comments:

Post a Comment

please make the cooments and share