Monday 5 November 2012

അംഗീകാരത്തിന്റെ അനിവാര്യത



റെണാള്‍ഡ് കെ. സണ്ണി
ചെമ്പും തുരുത്തി
പ്രവര്‍ത്തിക്കുന്നവന്റെതാണ് ലോകം. പ്രവര്‍ത്തിക്കുവാന്‍ തുനിയുന്നതിനു മുമ്പ് ഒരാള്‍; താന്‍ ആയിരിക്കുന്നതുപോലെ, തന്നെ കണ്ടെത്തണം, സ്വീകരിക്കണം. എന്നിട്ട് ഭേദഗതികള്‍ വരുത്തണം. ആരുംകഴിവുറ്റവരല്ല; ആരും സമ്പൂര്‍ണ്ണരുമല്ല. സാഹചര്യങ്ങളും അറിവും പ്രതിഭയുമാണ് സാമാന്യമനുഷ്യനെ, നന്മയിലേക്കോ തിന്മയിലേക്കോ തിരിക്കുന്നത്.
മനുഷ്യപ്രവര്‍ത്തനങ്ങള്‍ ഒരോന്നും അവനവനില്‍ നിന്ന് ജന്മമെടുക്കുന്നതുപോലെതന്നെ, അവ അവനുവേണ്ടി നിലകൊള്ളുകയും ചെയ്യും. നമ്മുടെ അധ്വാനങ്ങളെല്ലാം വസ്തുക്കള്‍ക്കും സമൂഹത്തിനും, നവരൂപം കൊടുക്കുക, മാത്രമല്ല, അതോടൊപ്പം സ്വന്തം വ്യക്തിത്വ വികസനം സാധിച്ചെടുക്കുന്നുണ്ട്. പ്രയത്‌നശാലികള്‍, അറിവ് സമ്പാദിക്കുന്നു. അറിവ് ശക്തി പകര്‍ന്നുകൊടുക്കുന്നു. ആ ശക്തിയുപയോഗിച്ച് അവന്‍ സ്വയമേ വളരുന്നു.
സ്വയം കണ്ടെത്തുക(self-discovery) ആദ്യം. കഴിവുകളും പരിമിതികളും അപ്പോള്‍ മനസ്സിലാകും. കഴിവുകളെ സ്വയം വളര്‍ത്തി വികസിപ്പിച്ച്(self-development) പരിമിതികളെ പരിഹരിച്ച് ശേഷിമാനാക്കണം. ചെല്ലൂന്നിടത്തെല്ലാം ചലനം സൃഷ്ടിക്കുവാനും ചൈതന്യം വിതറുവാനും ഇത്തരക്കാര്‍ക്ക് കഴിയും. അങ്ങനെ ചുറ്റും ചൂടും വെളിച്ചവും മാധുര്യവും പൊഴിക്കുവാന്‍ സാധിക്കുകയും ചെയ്യും. രസപ്രദവും ഗുണപ്രദവും ഫലപ്രദവും പ്രകാശപൂര്‍ണവും പ്രയോജനപ്രദവുമായ ജീവിതം നയിക്കുവാന്‍ ഇത്തരക്കാര്‍ക്ക്- വ്യക്തിപ്രഭാവമുള്ളവര്‍ക്ക്-അനായാസമായി കഴിയും.
ആത്മവൈശിഷ്ട്യവികസനത്തിന് ആധുനികങ്ങളായ പല ഉപാധികളുമുണ്ട്. ആളിന്റെ പഠിപ്പ്, പാരമ്പര്യം, ആരോഗ്യം, ഭക്ഷണം, സാഹചര്യം, ജോലി എന്നിവകളുടെ വെളിച്ചത്തില്‍ ഓരോരുത്തരും ഓരോരോമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും കൗണ്‍സിലിംഗില്‍ പ്രാമുഖ്യമുള്ള ഒരാളുടെ സഹായം തേടണം
നമുക്ക് പലതരത്തിലുള്ള താല്പര്യങ്ങളും അഭിരുചികളുമൂണ്ട്. ലക്ഷ്യം തിട്ടപ്പെടുത്തി ആവശ്യമായവയെ മാത്രം തെരഞ്ഞെടുത്ത് ബോധപൂര്‍വം വികസിപ്പിച്ചാലേ നമുക്ക്, നമ്മുടെ മേഖലയില്‍ വെട്ടിത്തിളങ്ങുവാന്‍ കഴിയൂ.
കഴിവുകള്‍ക്കനുസരിച്ചേ ബാധ്യതകള്‍ ഏറ്റെടുക്കാവൂ, കടമകള്‍ കണ്ടെത്താവു, കര്‍ത്തവ്യങ്ങള്‍ ക്രമീകരിക്കാവൂ, സാധ്യമായതേ ചെയ്യുവാന്‍ ശ്രമിക്കാവു; ക്രിയാത്മകമായി പ്രവര്‍ത്തിക്കണം, എപ്പോഴും.
എല്ലാവര്‍ക്കും സഹജീവികളുടെ സ്‌നേഹം വേണം, അംഗീകാരം വേണം; അംഗീകാരം കിട്ടുമ്പോള്‍, തലോടല്‍ ലഭിക്കുമ്പോള്‍, അഭിനന്ദനം  കിട്ടുമ്പോള്‍, പ്രശംസ കേള്‍ക്കുമ്പോള്‍, പദവികള്‍ ലഭിക്കുമ്പോള്‍, മനുഷ്യന്‍ അഭിമാനപുളകിതനാകും. ആര്‍ക്കും വേണം, സ്‌നേഹവും അഗീകാരവും അനുകമ്പയും പ്രോത്സാഹനവും.
സ്‌നേഹപ്രകൃതമുള്ളവന് പ്രസന്നവദനും പ്രത്യാശാനിര്‍ഭരനും ആകുവാന്‍ കഴിയും.
സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍  എല്ലാവര്‍ക്കും കൊതിയുണ്ട്. സ്ഥാനത്തിരിക്കുമ്പോള്‍ ആദരിക്കപ്പെടുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.
അപ്പംപോലെ ആവശ്യമാണ് മനുഷ്യന് അംഗികാരം; മനുഷ്യന് മറ്റൊരു വ്യക്തിയുടെ സാമീപ്യവും അനിവാര്യമാണ്. ഏകാന്തത മനുഷ്യനെ ഭ്രാന്തനാക്കും.
തലോടാതിരുന്നാല്‍ തളര്‍ന്നുപോകും മനുഷ്യന്‍. തലോടാതിരുന്നാല്‍ നട്ടെല്ലൂം തളര്‍ന്നുപോകും.
സ്‌നേഹവും വാത്സല്യവും, സ്പര്‍ശനം വഴി പകരാം. ശിശുവിന് ലാളന ; ബാലന് അഭിനന്ദനം, യുവാവിന് അംഗികാരം പ്രായമായവര്‍ക്ക് പദവികള്‍, സ്ഥാനമാനങ്ങള്‍, അനുമോദനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയൊക്കയാവും വേണ്ടത്.
പ്രവാചകന്മാര്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, ശാസ്ത്രകാരന്മാര്‍ മുതലായവര്‍ക്ക് വര്‍ത്തമാനകാലത്ത് അംഗികാരം കിട്ടുവാന്‍ പ്രയാസമാവും, മരണാന്തരം അവര്‍ക്ക് അംഗികാരം കലവറയില്ലാതെ ലഭിക്കുകയും ചെയ്യും.
അംഗികാരവും ആദരവും വ്യക്തിയെ സംബന്ധിച്ചിടത്തോളം പുറത്തേക്കുള്ള വഴി തുറന്നുലഭിക്കലാണ്. തനിക്കു തുറന്നുകിട്ടുന്ന വഴിയിലൂടെ നിര്‍ബാധം സഞ്ചരിക്കുന്ന മനുഷ്യന്‍ ക്രമേണ ഇതരരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. പരസ്പരം അറിയുവാനും സഹിച്ചുമുന്നേറാനും ഈ സമ്പര്‍ക്കം അതില്‍പ്പെടുന്ന സകലര്‍ക്കും അവസരം നല്‍കുന്നു.
അംഗികാരം ലഭിക്കുമ്പോള്‍, അഭിനന്ദനം കേള്‍ക്കുമ്പോള്‍, ആര്‍ക്കായാലും സന്തോഷം തോന്നും. സംതൃപ്തി അനുഭവപ്പെടും. ഊര്‍ജ സ്വലത മനസ്സില്‍ തിരയടിക്കും. കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ അപ്പോള്‍ ശക്തിയുണ്ടാവുകയും ചെയ്യും. മറ്റൊരു വാക്കില്‍പ്പറഞ്ഞാല്‍, വ്യക്തി കായികവും മാനസികവും ബൗദ്ധീകവുമായ അധ്വാനത്തിലൂടെ ആത്മാവിഷ്‌കാരം നടത്തി, അംഗികാരവും ആദരവും പിടിച്ചുപ്പറ്റി, വികസിപ്പിച്ച്  പ്രകാശിപ്പിച്ച് സുഗന്ധം പരത്തും.
സ്വയം വികസിച്ച്, സ്വയം പ്രകാശിക്കണം; അന്യരെ പ്രകാശിപ്പിക്കുകയും വേണം, കഴിവനുസരിച്ച്  സ്വന്തം ജീവിത മാര്‍ഗം കണ്ടെത്തുക സ്വരക്ഷയാണ് സര്‍വ്വപ്രധാനം. സ്വരക്ഷയ്ക്ക് സാമ്പത്തികഭദ്രത ഏറെ പ്രധാനം.
ലക്ഷ്യബോധം വേണം. ലക്ഷ്യചാര്‍ട്ട് നിര്‍മ്മിച്ചു പ്രവര്‍ത്തിക്കണം. കടമകള്‍ നിറവേറ്റണം. ഉത്തരവാദിത്വബോധമുള്ളവനാകണം. സാമൂഹ്യാവബോധം നേടിയെടുത്തിരിക്കണം.
സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പരിമളം പരത്തണം സുഗ്രദര്‍ശനം വേണം പൂര്‍ണ മനുഷ്യനാവണം- ആത്മാവും ശരീരവും ചേര്‍ന്നതാണ് പൂര്‍ണ മനുഷ്യന്‍ പൂര്‍ണമനുഷ്യനാണ് പുതിയ മനുഷ്യന്‍.
സൗഹൃദം ഊട്ടിയുറപ്പിക്കണം. വ്യക്തിപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിനും ശ്രദ്ധവേണം. സുഹൃദ് വലയം രുചിച്ചറിയണം.
ശുഭാപ്തിവിശ്വാസിയായിരിക്കണമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.
ആളിക്കത്തരുത്; കത്തി പ്രകാശിക്കണം. സ്വന്തം അഭിവൃദ്ധിക്കായി ദിവസവും ഒരോ മണിക്കൂര്‍ എങ്കിലും ബോധപൂര്‍വ്വം ചെലവഴിക്കുക. നമ്മള്‍ കഴിവിന്റെ പത്തുശതമാനം മാത്രമേ പ്രയോജനപ്പെടുത്തുനുള്ളു. നമ്മിലുള്ള അത്ഭുതമനുഷ്യനെ  കണ്ടെത്തി പുറത്തു കൊണ്ടുവരിക.
വസ്ത്രവൈശിഷ്ട്യം വ്യക്തിത്വത്തെ വിളിച്ചറിയിക്കും.
പങ്കു ചേര്‍ന്നു വളരണം. സ്വാധീനവലയങ്ങള്‍ നിരന്തരം സൃഷ്ടിക്കണം.
മധ്യമാര്‍ഗം അവലംബിക്കണം, നന്മ നടുക്കാണ്. ഇടതിലെ വലതും, വലതിലെ ഇടതുമാക്കണം കാഴ്ച്ചക്കാരനാകരുത്, നടത്തിപ്പുകാരനാവണം.
സ്വന്തം തേജസ്സിനെ ജ്വലിപ്പിക്കുവാന്‍ കഴിയുന്നവന് ലോകത്തെയും ജ്വലിപ്പിക്കുവാന്‍ സാധിക്കും. നിര്‍ഭയനാവണം.
വിദ്യകൊണ്ട് പ്രബുദ്ധരാവുക, നന്മ വഴി ചരിത്രനിര്‍മാതാവാകുക.
ജിവിതത്തില്‍ നിങ്ങള്‍ക്കുള്ള പങ്ക് നിസ്സാരമാണെന്ന് തോന്നാം. പക്ഷേ ലോകത്തിന് പ്രവര്‍ത്തനോത്സുകരായവര്‍ വളരെ കുറച്ചേയുള്ളു; അതില്‍ത്തന്നെ കുറവായിരിക്കും, വ്യക്തിത്വമുള്ള, ദൗത്യബോധമുള്ള പ്രകാശം തൂകുന്ന കര്‍മോത്സുകര്‍ അവര്‍ നേതാക്കളാകും. വ്യക്തിത്വമുള്ള പ്രതിഭാധനികര്‍, ആശയസമ്പന്നര്‍ ലോകത്തെ നയിക്കും.
പൂവിന് സുഗന്ധം പോലെ വ്യക്തിക്കു വ്യക്തിത്വം വേണം.

No comments:

Post a Comment

please make the cooments and share