Monday 5 November 2012

ശിശുമരണനിരക്കില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്ത്ശിശുമരണനിരക്കില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്ത്


അന്തര്‍ദേശീയ ശിശുസംരക്ഷണ സംഘടനയായ 'സേവ് ദി ചില്‍ഡ്രന്‍' പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്തില്‍ നടക്കുന്ന ശിശുക്കളുടെ മരണത്തില്‍ 5-ല്‍ ഒരു ഭാഗം ശിശുക്കള്‍ മരിക്കുന്നത് ഇന്‍ഡ്യയിലാണ്. ശിശുമരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 14 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ പെറു, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി രാജ്യങ്ങളേക്കാള്‍ ഈ വിഷയത്തില്‍ വളരെ മോശമായ സ്ഥിതിയാണ് ഇന്‍ഡ്യയുടെത്. ജനിച്ച് 24 മണിക്കുറിനുള്ളില്‍ 4 ലക്ഷത്തിലധികം ശിശുക്കള്‍ പ്രതിവര്‍ഷം ഇന്‍ഡ്യയില്‍ മരിക്കുന്നുണ്ട്.
5 വയസ്സിനു താഴെയുള്ള ശിശുക്കളുടെ മരണനിരക്കിലും ഇന്‍ഡ്യയാണ് ഒന്നാം സ്ഥാനത്ത് പ്രതിവര്‍ഷം 20 ലക്ഷം കുട്ടികളാണ് 5 വയസ്സ് ആകുന്നതിന് മുന്‍പ് ഇന്‍ഡ്യയില്‍ മരിക്കുന്നത്. അതായത് ഒരോ 15 സെക്കന്റിനുള്ളിലും 5 വയസിനുതാഴെ പ്രായമുള്ള ഒരോകുട്ടി ഇന്‍ഡ്യയില്‍ മരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ സംഭവിക്കുന്നതിന്റെ 8 മടങ്ങാണിത്. ചൈനയില്‍ 2.49 ലക്ഷം കുട്ടികള്‍ മാത്രമെ മരിക്കുന്നുള്ളു.
ഇന്‍ഡ്യയില്‍ ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ 90 ശതമാനവും തടയാവുന്ന മരണങ്ങളാണ്. ലോകത്തില്‍ പോഷകാഹാരകുറവുള്ള കുട്ടികളില്‍ മൂന്നില്‍ ഒരു ഭാഗം കുട്ടികളും ഇന്‍ഡ്യയില്‍ ആണ്. ഇന്‍ഡ്യയിലെ വിവിധ സ്റ്റേറ്റുകളില്‍ ശിശുമരണനിരക്ക് വ്യത്യസ്തമാണ്. കേരളത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 14 പേര്‍ മരിക്കുമ്പോള്‍ ഒറീസ്സയില്‍ 1000 ശിശുക്കളില്‍ 96 പേര്‍ മരിക്കുന്നു. സാമ്പത്തിക മേഖലയില്‍ ഇന്‍ഡ്യാ ഗവണ്‍മെന്റ് വന്‍ വളര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും പൊതു ജനാരോഗ്യത്തിനുവേണ്ടി പണം ചെലവിടുന്ന 175 രാജ്യങ്ങളില്‍ ഇന്‍ഡ്യയുടെ റാങ്ക് 171-ാം സ്ഥാനത്താണ്. കണക്കില്‍ പ്രകാരം 1000ശിശുക്കള്‍ ഇന്‍ഡ്യയില്‍ ജനിക്കുമ്പോള്‍ 75 കുട്ടികള്‍ അതില്‍ തന്നെ മരിക്കുന്നു. ഇത് സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അയല്‍രാജ്യമായ ബംഗ്ലാദേശിനേക്കാള്‍ പരിതാപകരമാണ്.
രണ്ടായിരാമാണ്ടില്‍ 2015 ആകുമ്പോള്‍ ശിശുമരണനിരക്ക് കുറക്കുവാന്‍ വേണ്ടി അനേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും 2020 ആയാലും അത് സാന്ധ്യമാകുന്ന ലക്ഷണമില്ല. 2011 ലെ കണക്ക് വച്ച് ലോകത്തില്‍ 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ഏറ്റവും കുടുതല്‍ മരിച്ച രാജ്യങ്ങള്‍ ക്രമത്തില്‍ ഇവയാണ്: ഇന്‍ഡ്യാ, നൈജീരിയ, കോങ്കോ, പാക്കിസ്ഥാന്‍, ചൈന. ശിശുമരണനിരക്ക് കുറയ്ക്കുവാന്‍ ധാരാളം പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പിന്നോക്ക രാജ്യങ്ങളായ ബംഗ്ലാദേശ്, റുവാണ്ടാ, നേപ്പാള്‍, മാലാവി എന്നീ രാജ്യങ്ങളെക്കാള്‍ ഈ വിഷയത്തില്‍ ഇന്‍ഡ്യ വളരെ പിറകിലാണ്.
ഇന്‍ഡ്യയിലെ വിവിധസ്ഥലങ്ങളില്‍ പെണ്‍ഭ്രൂണഹത്യനിരക്ക്  ക്രമാതീതമായി ഉയരുന്നുണ്ട്. ജനിച്ചത് പെണ്‍കുഞ്ഞാണെങ്കില്‍ കൊന്നുകളയുന്ന രീതിയും, നരബലിയായി നദികളില്‍ എറിഞ്ഞു കൊല്ലുന്ന രീതിയും നിലവിലുണ്ട്. അടുത്ത സമയത്തായി പെണ്‍കുട്ടികള്‍ക്കെതിരെ കേരളത്തില്‍ വന്‍തോതില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. പീഡിപ്പിച്ച ശേഷം നിര്‍ദാഷ്യണ്യം കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ പീഡനഭാരം പേറി ആയുഷ്‌ക്കാലം മുഴുവന്‍ തള്ളി നീക്കുകയോ ചെയ്യേണ്ട ദുര്‍ഗതിയിലും അനേക പിഞ്ചു പെണ്‍കുട്ടികള്‍ ആയി തീരുന്നുണ്ട്.
ഈ സമൂഹ്യ തിന്‍മകള്‍ക്കെതിരെ സമൂഹവും സഭയും ഉണര്‍ന്നേമതിയാകു. ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ പൗരന്‍മാരാണ്. സഭകള്‍ ശിശുക്കള്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുക്കണം. സഭയുടെ നാഥാനായ യേശു ശിശുക്കള്‍ക്ക് പ്രത്യേകപരിഗണന കൊടുത്തിരുന്നു. ശിശുക്കളെ നടക്കേണ്ടുന്ന വഴിയില്‍ സഭയും മാതാപിതാക്കളും നടത്തണം. ശിശുക്കള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയാത്ത മഹാപാതകങ്ങളാണ്. ഗവണ്‍മെന്റ് ശിശുക്കള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ ശിക്ഷാ കാഠിന്യം വര്‍ദ്ധിപ്പിക്കണം.

No comments:

Post a Comment

please make the cooments and share