Monday, 5 November 2012

ചാരക്കഥയുടെ പിന്നാമ്പുറങ്ങള്‍തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും, ചരിത്രത്തിലും ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിടുകയും, കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ശ്രീ കെ. കരുണാകരനെ കസേരയില്‍ നിന്ന് താഴയിറക്കുവാന്‍ വേണ്ടിമാത്രം മെനഞ്ഞ ഗൂഢ തന്ത്രം ആയിരുന്നു ഐ.എസ്.ആര്‍.ഓ ചാരക്കേസ് എന്ന സത്യം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.  1994-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം . ഐ.എസ്.ആര്‍.ഓ  ശാസ്ത്രജ്ഞരായിരുന്ന നമ്പി നാരയാണന്‍, ചന്ദ്രശേഖര്‍, ശശികുമാര്‍ എന്നിവര്‍, മാലിദ്വീപ് സ്വദേശികളായ മറിയം റഷിദ, ഫൗസിയ ഹസ്സന്‍ എന്നിവരെ ഒരു ഹോട്ടലില്‍ വച്ച് രഹസ്യമായി കാണുകയും, റോക്കറ്റ് വിക്ഷേപണ രഹസ്യ സംബന്ധമായ പേപ്പര്‍ കൈമാറി  പണം സ്വീകരിച്ചു എന്നതുമായിരുന്നു കേസ്. പ്രസ്തുത സംഭവത്തിന്റെ പേരില്‍ 1994 നവംബര്‍ 30ന് ശാസ്ത്രജ്ഞന്മാരുള്‍പ്പടെ ഇവരെ  കേരളാ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.  രാജ്യ സൂരക്ഷയ്ക്കു തന്നെ ഭീക്ഷണി ഉയര്‍ത്തി വിട്ട ഈ സംഭവം വലിയ വിവാദം ആയി മാറി. കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ സമര്‍ത്ഥമായ ഭരണത്തില്‍ പലരുടേയും പ്രഭാവങ്ങളും, സ്ഥാനങ്ങളും നിഷ്പ്രഭമായി പോയതിനാല്‍ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെതിരെ പ്രതിക്ഷേധ സമരം ഉയര്‍ത്തുന്ന സമയമായിരുന്നു ഇത്. കരുണാകരന് എതിരെ പ്രവര്‍ത്തിച്ച ഗൂഢ സംഘത്തിലെ അംഗമായിരുന്ന ശ്രീ ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തലുകളില്‍ ദേശസ്‌നേഹിയായിരുന്ന കേരളാ മുഖ്യ മന്ത്രിയെ ചാര മുഖ്യനായി മുദ്രകുത്തി.കെ. കരുണാകരന്റെ മകനായ കെ.മുരളിധരന്റെ ഭാഷയില്‍ കരുണാകരന്റെ വ്യക്തി പ്രഭാവത്തില്‍ അസൂയ പൂണ്ടിരുന്ന അന്നത്തെ പ്രധാന മന്ത്രി പി.വി.നരസിംഹറാവുവിനെ തങ്ങളുടെ ഇംഗിതത്തിനു കൊണ്ടു വരുന്നതിലും കരുണാകരന്റെ കൂടെ നിന്ന എം.എല്‍.എമാരില്‍ ഒരു വിഭാഗത്തെ മറു പക്ഷം ചാടിക്കുവനും എതിര്‍ ഗ്രൂപ്പിനു കഴിഞ്ഞു. അതു നിമിത്തം  1995-ല്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന കെ.കരുണാകരന് തന്റെ സ്ഥാനം രാജി വയ്‌ക്കേണ്ടതായി വന്നു. വളരെ നാളുകളിലെ വാദ പ്രതിവാദങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ 1998 ഏപ്രില്‍ 29ന് ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരേയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടു. ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ ഇത്തരം നിരുത്തരവാദപരമായ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപാ കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുകയായി നല്കുവാന്‍ വിധിച്ചു. പത്തു ലക്ഷം രൂപാ ഉടന്‍ തന്നെ നല്കണമെന്നും കേരളാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഗവണ്‍മെന്റ് നിലപാട് ഇതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു.  ഈ കേസ് കെട്ടി ചമച്ചതല്ല വാസ്തവമായും ഉള്ളതാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍ പിന്നിട്ട നാള്‍ വഴികളില്‍ നേരിടേണ്ടി വന്ന അപമാനത്തിനും മനോവേദനയ്ക്കും ആരും ഉത്തരം പറഞ്ഞില്ല. മാന നഷ്ടത്തിന് ലഭിക്കുന്ന തുക എല്ലാ പാപത്തിനും പരിഹാരമാകുമോ? അതില്‍  ഒരു ശാസ്ത്രജ്ഞന്റെ കുടുംബം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ഉണ്ടായ മനോവേദനയില്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ഒരു പ്രായമായ സ്ത്രീയേയും, യൗവ്വനക്കാരത്തിയേയും കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. കേരളത്തിന്റെ സമസ്ഥ മേഖലകളിലും വികസനത്തിന്റെ കുതിപ്പ് സംഭാവന ചെയ്ത പ്രഗത്ഭനായ മുഖ്യ മന്ത്രി ശ്രീ.കെ.കരുണാകരനെ വെറും ഗ്രൂപ്പ് പോരിന്റെ പേരില്‍ ചാരന്‍ എന്ന് മുദ്ര കുത്തി കസേരയില്‍ നിന്ന് വലിച്ച് താഴെയിറക്കിയതിന്റെ വേദനയും, അദ്ദേഹത്തേയും കുടുംബത്തേയും ആക്ഷേപിച്ചതിന്റെ പാപഭാരവും ആര് ഏറ്റെടുക്കും. ഐ.എസ്.ആര്‍. ഓ എയറോ നോട്ടിക്കല്‍ വിഭാഗത്തിലെ പ്രഗത്ഭ ശാസ്ത്രജ്ഞന്മാരുടെ സേവനവും, അതു നിമിത്തം നമ്മുടെ രാജ്യത്തിന് ആ രംഗത്ത് ലഭിക്കേണ്ടിയിരുന്ന കുതിപ്പുമാണ് നഷ്ടമായത്, ഈ നഷ്ടം ആരു നികത്തും.
എന്നാല്‍ അടുത്ത സമയത്ത് ചാരക്കേസ് ചാര്‍ജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തള്ളിയപ്പോള്‍ കരുണാകരന്റെ മകന്‍ കെ.മുരളിധരന്‍ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.ഗുഡാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കന്മാരെ എല്ലാം ഒഴിവാക്കികൊണ്ട് അവരാല്‍ ഉപയോഗിക്കപ്പെട്ട പോലിസുകാരെയാണ് മുരളി ടാര്‍ജറ്റ് ചെയ്തിരിക്കുന്നത്. കാരണം അവരുടെ പേരില്‍ നടപടി എടുത്താല്‍ അവരെ ഉപയോഗിച്ച നേതക്കാന്മാരുടെ പേരുകള്‍ അവര്‍ പുറത്ത് പറയും എന്ന് മുരളിക്കറിയാം. കേന്ദ്ര മന്ത്രി വയലാര്‍ രവിയും മുന്‍ കേന്ദ്ര മന്ത്രിയും, മുന്‍ ഗവര്‍ണറുമായ ഡോക്ടര്‍ എം.എം. ജേക്കബും മുരളിയെ ശക്തമായ് പിന്തുണച്ചു. എന്നാല്‍ കരുണാകര വിരുദ്ധ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്ന ഇപ്പോള്‍ ഇടതു പക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഗൂഢാലോചനയില്‍ അംഗങ്ങളായിരുന്ന നേതാക്കന്മാരുടെ പേരുകളും, അവര്‍ ഗൂഢാലോചന നടത്തിയ വീടും വരെ പുറത്ത് വിട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുയാണ്. ഈ സംഭവങ്ങള്‍ എല്ലാം ചില ആദര്‍ശ വീരന്മാരൂടെ മുഖംമൂടി പിച്ചി ചീന്തിയിരുക്കുകയാണ്.
കരുണാകരനെ താഴേ ഇറക്കിയതു മൂലം പലര്‍ക്കും അപ്രതീക്ഷിതമായി ചില സ്ഥാനങ്ങള്‍ കിട്ടി. കൂടെ നിന്നിട്ട് ചതിച്ച പലര്‍ക്കും പല പ്രയോജനങ്ങള്‍ ഉണ്ടായി. പക്ഷേ ഇപ്പോള്‍ എല്ലാം അഴുകി നാറുവാന്‍ തുടങ്ങിയിരിക്കുകയാണ്.
 വേദ പുസ്തകം പറയുന്നു  ''ഗൂഡമായതൊന്നും വെളിച്ചത്ത് വരാതിരിക്കില്ല''. എത്ര മറച്ച് എന്തു ചെയ്താലും അത് ഒരു നാള്‍ മറ നീക്കി സത്യം പുറത്തു വരും. അധികാരത്തിന്റെ ഉത്തുംഗ ശൃംഗത്തിനായി  ആരും അറിയാതെ ഇരുട്ടിന്റെ മറവില്‍ കാട്ടി കൂട്ടിന്നതൊക്കെ ഒരു നാള്‍ വെളിച്ചത്തു വരും. സ്വന്തം സഹോദരനെ തകര്‍ക്കുവാന്‍ വേണ്ടി ഗൂഡതന്ത്രങ്ങളിലൂടെ  ആരോപണങ്ങള്‍ ഉന്നയിച്ച്, താന്‍ മറ്റുള്ളവനേക്കാള്‍ ശ്രേഷ്ഠനെന്ന് തെളിയിക്കുവാനുള്ള കപടതയുടെ ആത്മീയ മുഖം, കാലങ്ങള്‍ കഴിഞ്ഞാലും സത്യത്തെ മൂടിവെയ്ക്കുവാന്‍ കഴിയുകയില്ല.

No comments:

Post a Comment

please make the cooments and share