Thursday 28 June 2012

വഴി പിഴയ്‌ക്കുന്ന ബാല്യങ്ങള്‍

നിര്‍മ്മലമാണെങ്കിലും സങ്കീര്‍ണ്ണതയുടെ ചിതല്‍ പുറ്റാണ്‌ കുഞ്ഞുമനസ്സ്‌. ആ മനസ്സിനു സഞ്ചരിക്കാന്‍ ദിശ നല്‍കേണ്ടത്‌ മാതാപിതാക്കളാണ്‌. സാഹചര്യങ്ങള്‍ സ്യഷ്‌ടിക്കേണ്ടതാവട്ടെ സമൂഹവും. എന്നാല്‍ ഈ കുട്ടികള്‍ക്ക്‌ ചോരയുടെ മണമുള്ള കൈവിലങ്ങുകള്‍ സമ്മാനിച്ച്‌ കുറ്റവാളിയായി മുദ്ര കുത്തുന്നതും ഇവര്‍ തന്നെയാണ്‌. ആരാണിവിടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ? സ്വയമൊരു ആത്മപരിശോധന നടത്തി ശിക്ഷ നടപ്പാക്കിയാല്‍ ഒരുപക്ഷേ വരാനിരിക്കുന്ന തലമുറയിലെങ്കിലും നന്മയുടെ സൂചകമായി ഒരു കുട്ടിയെങ്കിലും അവശേഷിക്കും...

കറച്ചുദിവസം മുമ്പ്‌ പത്രത്താളുകളില്‍ കടലാസിന്റെ മണത്തിനൊപ്പം ചോരയുടെ മണമേകി ഒരു വാര്‍ത്ത നിറഞ്ഞു നിന്നത്‌ ഓര്‍മ്മയില്ലേ? ലെജിന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നിസ്സാര വൈരാഗ്യങ്ങളുടെ പേരില്‍ നിഷ്‌ഠുരമായി കൊലപ്പെടുത്തിയ ഒരു സഹപാഠിയുടെ വാര്‍ത്ത. പുത്തനുടുപ്പും പുസ്‌തകങ്ങളും കൂട്ടുകാരുമൊക്കെയായി സ്‌കൂളിന്റെ പടിവാതിലിലെത്തിയ ലെജിനെ കാത്തിരുന്നത്‌ ചോരയുടെ മണമുള്ള കൈകളാണ്‌. ഒരേ ബഞ്ചില്‍ ഒപ്പമിരുന്ന്‌ പഠിച്ച സുഹൃത്ത്‌ ആയുസ്സിന്റെ വരകള്‍ തുടച്ചു മായ്‌ക്കാന്‍ വേനലവധിയെ കൂട്ടുപിടിക്കുമെന്ന്‌ ആ പതിനഞ്ചു വയസ്സുകാരന്‍ തിരിച്ചറിഞ്ഞിരുന്നില്ല. സ്വയം ഒരു കുറ്റവാളിയാകാന്‍ സഹപാഠി തയ്യാറെടുത്തപ്പോള്‍ ഒരേ സമയം നഷ്‌ടമായത്‌ രണ്ടു കുടുംബത്തിന്റെ പ്രതീക്ഷകളാണ്‌. ലെജിന്റെ ചോരയുടെ മണം ആസ്വദിച്ച കുറ്റവാളിയായ മറ്റൊരു പതിനഞ്ചുവയസ്സുകാരന്റെ ഭാവി ചോദ്യച്ചിഹ്നമായി സമൂഹത്തിനു മുന്നില്‍ അവശേഷിക്കുകയാണ്‌. 

സുഹൃത്തിന്‌ പശ്‌ചാത്താപത്തിനവസരം നല്‍കാതെ ജീവന്‍ കവര്‍ന്നെടുക്കാന്‍ ഏതു പ്രത്യയശാസ്‌ത്രമാണ്‌ അനുമതി നല്‍കിയത്‌? ജീവന്‍ നല്‍കാന്‍ കഴിവില്ലാത്തയാള്‍ക്കു ജീവനെടുക്കാന്‍ എന്തവകാശം? കുറ്റം എത്ര തന്നെ ഭീകരമായാലും ശിക്ഷ വിധിക്കാന്‍ മനുഷ്യനാര്‌? ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ചെവിയോര്‍ക്കുമ്പോഴും ചില സംശയങ്ങള്‍ ബാക്കി. ലെജിനെന്നെ വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കാന്‍ സഹപാഠി വച്ചുനിരത്തിയ കാരണങ്ങള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ കൊലയ്‌ക്ക് പിന്നില്‍ ? അതോ കൊലപാതകി പതിനെട്ട്‌ വയസ്സില്‍ താഴെയാണെങ്കില്‍ കിട്ടുന്ന ശിക്ഷയുടെ ഇളവുകളാണോ ഇതിനു കാരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരുപാടുണ്ടാവാം. ഒരു കാര്യം നിസംശയം പറയാം. ലെജിന്റെ കൊലയ്‌ക്കുപിന്നില്‍ സഹപാഠി മാത്രമല്ലെന്ന സന്ദേഹം പൊതുസമൂഹത്തില്‍ വ്യാപിച്ചുകഴിഞ്ഞു. കൂടെ നിയമത്തിന്റെ പിന്‍ബലമുള്ള ചില സൂചനകളും...

പതിനെട്ട്‌ വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവര്‍, പിടിച്ചുപറി മുതല്‍ കൊലപാതകം വരെ ചെയ്‌താലും ഇന്ത്യന്‍ നിയമവ്യവവസ്‌ഥ അനുശാസിക്കുന്ന ശിക്ഷ ഒന്നു മാത്രമാണ്‌. പരമാവധി നാലു മാസം ജുവൈനല്‍ ഹോമില്‍ താമസം. അതായത്‌ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിചാരണ തീരുമ്പോള്‍, കുറ്റവാളിയെന്നു ബോധ്യപ്പെട്ടാലും, സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റീസി നുപോലും കുറിക്കാവുന്ന ശിക്ഷാവിധി ഇത്ര മാത്രം. 

പ്രായപൂര്‍ത്തിയാകാത്ത പക്വതയില്ലായ്‌മയില്‍ ചെയ്‌ത കുറ്റകൃത്യത്തെ പ്രത്യേക കൗണ്‍സിലിംഗിലൂടെ നാലുമാസം കൊണ്ട്‌ കുറ്റം ചെയ്‌ത വ്യക്‌തിയെ ബോധ്യപ്പെടുത്തുക. നാലുമാസങ്ങള്‍ക്ക്‌ ശേഷം അവനെ/അവളെ സ്വതന്ത്രമാക്കി രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കാന്‍ വിട്ടയയ്‌ക്കുക. ഇതാണ്‌ പതിവ്‌.

ഈ നിയമപ്പഴുത്‌ മുതലാക്കുന്നവരുണ്ടെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം. അതു ചില സംശയങ്ങള്‍ക്കു വഴിവയ്‌ക്കുന്നു. 18 വയസ്സില്‍ താഴെ കുറ്റവാളികളെന്ന്‌ മുദ്ര കുത്തപ്പെടുന്ന ബാല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളാണോ? കുറഞ്ഞ ശിക്ഷാവിധിയുടെ ആനുകൂല്യം മുതലാക്കാന്‍ മുതിര്‍ന്നവര്‍ ഈ ബാല്യങ്ങളെ ചൂഷണം ചെയ്യുന്നുണ്ടോ?

കോഴിക്കോട്‌ പേരാമ്പ്ര സ്വദേശി അസീന ഇതിനൊരുദാഹരണമാണ്‌. കൂട്ടുകാരിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന്‌ ഈയിടെ സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത പതിനാലുകാരി അസീന. തടവുശിക്ഷക്ക്‌ വിധിക്കെപ്പട്ട അസീന പൊട്ടിക്കരഞ്ഞു കൊണ്ട്‌ ചില വെളിപ്പെടുത്തലുകള്‍ നടത്തി. കാമുകനായ പാരലല്‍ കോളേജ്‌ അധ്യാപകന്റെ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി ചെയ്യേണ്ടി വന്ന ചില അരുതായ്‌മകള്‍.

സ്‌നേഹത്തിനു വേണ്ടി കാട്ടിക്കൂട്ടിയ വിക്രിയകള്‍ സമൂഹത്തിനു മുന്നില്‍ അസീനയെ ഒറ്റപ്പെടുത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു. യഥാര്‍ത്ഥത്തില്‍ കുറ്റവാളി ആര്‌? വഴിപിഴച്ചു പോകുന്ന ബാല്യങ്ങളുണ്ടാകാം. പക്ഷേ ആ പ്രേരണയ്‌ക്ക് കൂട്ടു നില്‍ക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എന്തു കൊണ്ട്‌ കഴിയുന്നില്ല?

ഏതു സാഹചര്യങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും പുറത്ത്‌ കുറ്റവാളിയായിക്കഴിഞ്ഞാലും നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്‌. പ്രേരണ ലഭിക്കുമ്പോള്‍ കുറ്റക്യത്യങ്ങളിലേക്ക്‌ അവനെ നയിക്കുന്നത്‌ എന്താണ്‌ ? 

ഒരു കുട്ടിയുടെ ബാല്യകൗമാരങ്ങളില്‍, അതായത്‌ സ്വഭാവരൂപീകരണ കാലഘട്ടങ്ങളില്‍ അച്‌ഛനും അമ്മയും സമൂഹവും വഹിക്കുന്ന പങ്ക്‌ ഏറെയാണ്‌. അച്‌ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ ഏകപക്ഷീയമായി ലഭിക്കുന്ന സ്‌നേഹം കുട്ടിയുടെ സ്വഭാവത്തെ ബാധിക്കും. അമ്മയില്‍ നിന്ന്‌ സ്‌നേഹവും ലാളനയും ലഭിക്കുമ്പോള്‍ അച്‌ഛനില്‍ നിന്ന്‌ ഒരു കുട്ടിക്ക്‌ ലഭിക്കേണ്ടത്‌ ശാസനയുടെ രൂപത്തിലുള്ള സംരക്ഷണമാണ്‌. "എന്റെ മകന്‍ /മകള്‍ ബെസ്‌റ്റ് ഫ്രെണ്ടാണെന്ന്‌"പറയുന്ന ന്യൂ ജെനറേഷന്‍ അച്‌ഛനമ്മമാരാണ്‌ കുട്ടികളുടെ ഏറ്റവും വലിയ ശത്രു. അച്‌ഛനും അമ്മയും കൂട്ടുകാരായി മാറുമ്പോള്‍ മാതാപിതാക്കളായി ഈ കുട്ടികള്‍ കാണേണ്ടത്‌ ആരെയാണ്‌? ചെറുപ്പത്തില്‍ മാത്രമല്ല, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്‌ഛനും അമ്മയും കുട്ടികള്‍ക്ക്‌ സുഹൃത്തുക്കളല്ല, വഴികാട്ടികളായിട്ടാണ്‌ മാറേണ്ടത്‌. 

സഹപാഠിയുടെ പെന്‍സിലോ റബറോ മറ്റെന്തെങ്കിലും നിസ്സാര സാധനങ്ങളോ എടുത്ത്‌ വീട്ടിലേക്കെത്തുന്ന കുട്ടിയെ ശാസിക്കാന്‍ മടിക്കേണ്ട. കുറ്റം എത്ര ചെറുതാണെങ്കിലും അരുത്താത്തതാണെന്ന്‌ കുട്ടിയെ ബോധ്യപ്പെടുത്തുന്നതിലാണ്‌ മാതാപിതാക്കളുടെ വിജയം. ശിക്ഷണവും സ്‌നേഹവും ഒരേ അളവില്‍ നല്‍കിയിട്ടാവണം ഒരു കുട്ടിയെ സമൂഹത്തിനു മുന്നിലെത്തിക്കേണ്ടത്‌. മോഷ്‌ടാവ്‌ /കുറ്റവാളി എന്ന്‌ മുദ്ര കുത്തുന്ന സമൂഹവും കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുകയാണ്‌. നന്മയില്‍ നിന്നു തിന്മയിലേക്കുള്ള ദൂരം വളരെ കുറവാണ്‌. എന്നാല്‍ തിരിച്ചുള്ള ദൂരം താണ്ടണമെങ്കില്‍ ഒരു ജന്മം പോരാതെ വരും. കുട്ടികളുടെ മനസ്സിന്റെ സ്‌പന്ദനങ്ങളെപ്പറ്റി പഠിക്കുന്ന സൈക്കോളജിസ്‌റ്റ് പ്രകാശ്‌ മേനോന്‍ അഭിപ്രായപ്പെടുന്നു. 

പലപ്പോഴും മാതാപിതാക്കളുടെ സ്‌നേഹം തുല്യ അളവില്‍ കിട്ടാത്തതാണ്‌ കുട്ടികളുടെ വഴിതെറ്റിക്കുന്നത്‌. അച്‌ഛനില്‍ നിന്ന്‌ ലഭിക്കേണ്ട ശിക്ഷണത്തിന്റെ പോരായ്‌മ ഈ കുട്ടികളെ പ്രതികൂലമായി ബാധിക്കും. ഇതിന്റെ പ്രതിഫലമായി കിട്ടുന്നത്‌ ജുവൈനല്‍ ഹോമിലുള്ള കുട്ടികളുടെ ഉയര്‍ന്ന തോതിലുള്ള വര്‍ദ്ധനവാണ്‌. 

ഒരു വര്‍ഷം 200 എന്ന കണക്കില്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്‌ കുട്ടികള്‍ എത്തുന്നു. പണ്ട്‌ കുട്ടികളുടെ പേരിലെത്തുന്ന കുറ്റങ്ങള്‍ പിടിച്ചുപറിയും മോഷണവുമായിരുന്നു കൂടുതലും. എന്നാല്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങളില്‍ വ്യത്യാസം വന്നു. സിനിമയിലെ അധോലോക നായകന്മാരെപ്പോലെ അരയിലൊളിപ്പിച്ച കത്തിയിലൂടെ ചോരയുടെ മണം ആസ്വദിക്കാനാണ്‌ കുട്ടികള്‍ക്കിഷ്‌ടം. 

ദുര്‍ഗുണ പരിഹാര പാഠശാലയിലെത്തുന്ന കുട്ടികള്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ പുറത്തു ചാടാനുള്ള ശ്രമം നടത്തും. ചാടിപ്പോയാലും ദിവസങ്ങള്‍ക്കുളളില്‍ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിലൂടെ ഇവര്‍ വീണ്ടും വിചാരണയ്‌ക്ക് വിധേയരായി പ്രതിക്കൂട്ടിലെത്തും. അതിനാല്‍ പുറത്തു ചാടാനുള്ള അവസരങ്ങള്‍ നിഷേധിച്ച്‌ പ്രത്യേക കൗണ്‍സലിംഗ്‌ ക്‌ളാസ്സുകളിലൂടെ അവരുടെ കുറ്റവാസനയെ തീര്‍ത്തും ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടത്താറുള്ളത്‌. സ്‌നേഹപരിചരണങ്ങളിലൂടെയും കൗണ്‍സലിംഗിലൂടെയും കുട്ടികളുടെ സ്വഭാവം നല്ല രീതിയില്‍ മാറ്റിയെടുക്കാനാവുമെന്ന്‌ തിരുവനന്തപുരം ജുവനൈല്‍ ഹോമിന്റെ ചുമതല വഹിച്ചിരുന്ന എ.എസ്‌. സുല്‍ഫിക്കര്‍ പറയുന്നു. 

സുല്‍ഫിക്കറിന്റെ അഭിപ്രായത്തെ ശരി വയ്‌ക്കുന്നതാണ്‌ കൊല്ലം ജുവനൈല്‍ ഹോമിലെ കാഴ്‌ച. കുണ്ടറ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍. ജുവനൈല്‍ ഹോമില്‍ മൂന്നു മാസം പൂര്‍ത്തിയാക്കി. ശിക്ഷിക്കപ്പെടാനുണ്ടായ കാരണം മുതിര്‍ന്നവരോെടാപ്പമുള്ള ബൈക്ക്‌ മോഷണം. കൂട്ടാളികള്‍ സെന്‍ട്രല്‍ ജയിലില്‍. കൂട്ടാളികളായ ചേട്ടന്മാരെ അരുണ്‍ പരിചയപ്പെട്ടത്‌ പിതാവു വഴി. അച്‌ഛന്റെ പ്രേരണയില്‍ ചെയ്‌ത കുറ്റകൃത്യത്തെ ഓര്‍ത്ത്‌ അരുണ്‍ പശ്‌ചാത്തപിക്കുന്നുണ്ട്‌. മാനസാന്തരത്തിന്‌ തയ്യാറാണോ എന്ന ചോദ്യത്തിനു മുന്നില്‍ അരുണ്‍ കണ്ണീരൊഴുക്കി. "അങ്ങനെ ആഗ്രഹിച്ചാലും അച്‌ഛന്‍ സമ്മതിക്കില്ല" എന്ന്‌ ഇടറിയ ശബ്‌ദത്തോടെ മറുപടി. 

അരുണിന്റേതിനു സമാനമായ കഥയാണ്‌ തൃശൂരിലെ പതിനാല്‌ വയസ്സുകാരന്‍ വിജിലിന്റേത്‌. മാലമോഷണക്കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞ്‌ പുറത്തിറങ്ങിയ വിജില്‍ ഇപ്പോഴും ഈ രംഗത്തു തുടരുന്നു എന്നത്‌ ദുഃഖകരമായ സത്യം. ഈ മേഖലയില്‍ വിജിലിന്‌ ഹരിശ്രീ കുറിപ്പിച്ചത്‌ സ്വന്തം ജ്യേഷ്‌ഠന്‍ തന്നെ! 

കുടുംബാന്തരീക്ഷങ്ങള്‍ തന്നെയാണ്‌ കൗമാരത്തിന്‌ മുമ്പ്‌ ബാല്യത്തെ കുറ്റകൃത്യങ്ങളിലേക്ക്‌ തള്ളിവിടുന്നത്‌. എന്തു കൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്ന്‌ തന്റെ മുന്നില്‍ വന്നെത്തിയ ഒരുദാഹരണം സഹിതം കേരളത്തിലെ പ്രമുഖ മനോരോഗവിദഗ്‌ധനും കൗണ്‍സിലറുമായ ഡോ. ടൈറ്റസ്‌ പി. വര്‍ഗീസ്‌ സാക്ഷ്യപ്പെടുത്തുന്നു. 

എറണാകുളം ജില്ലയുടെ മലയോര ഗ്രാമം. നഗരത്തിലെ അറിയപ്പെടുന്ന പൊതുമേഖല സ്‌ഥാപനത്തിലെ ജീവനക്കാരനാണ്‌ ഇമ്മാനുവേല്‍. ഭാര്യ ഗൃഹഭരണം. ഏക മകന്‍ റോജി എട്ടാം ക്‌ളാസ്‌ വിദ്യാര്‍ത്ഥി. മിക്ക ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞു ഇമ്മാനുവേല്‍ കാലു നിലത്തുറപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ വീട്ടിലെത്തുന്നത്‌. അച്‌ഛന്റെ മദ്യപാനം കുഞ്ഞിലേ റോജിയുടെ സ്‌ഥിരം കാഴ്‌ചയായിരുന്നു. വീട്ടിലേക്കെത്തിയാല്‍ അമ്മയെയും കൂട്ടി മുറിയില്‍ കയറുന്ന ഇമ്മാനുവേലിന്റെ സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലുകളും കേട്ടാണ്‌ കുഞ്ഞു റോജി ഉറങ്ങിയിരുന്നത്‌. വലിച്ചിഴച്ചു കൊണ്ടു പോകുന്ന അമ്മയെ എന്തു ചെയ്യുന്നു എന്നറിയാനുള്ള ആകാംക്ഷയി ല്‍ ചില സമയങ്ങളിലെങ്കിലും അടയ്‌ക്കാന്‍ മറന്നു പോകുന്ന ജനല്‍പാളികള്‍ക്ക്‌ പിന്നില്‍ റോജി മറഞ്ഞിരുന്ന്‌ നോക്കാറുണ്ടായിരുന്നു. 

മര്‍ദ്ദനത്തിന്‌ മുമ്പായി അമ്മയുടെ വസ്‌ത്രങ്ങള്‍ വലിച്ചു മാറ്റുന്ന ദൃശ്യങ്ങള്‍ മാത്രമേ ആ കുഞ്ഞു മനസ്സിന്‌ കാണാന്‍ കഴിയുമായിരുന്നുള്ളു. അതിനു ശേഷമുള്ള കാര്യങ്ങള്‍ ഒരു പതിമൂന്നുകാരന്റെ കൗതുകത്തോടെ അവന്‍ ഭാവനയില്‍ വരച്ചു. അച്‌ഛന്റെ മര്‍ദ്ദനത്തില്‍ മനം തകര്‍ന്ന്‌ പൊട്ടിക്കരയുന്ന അമ്മയുടെ ചിത്രമായിരുന്നില്ല റോജിയുടെ ഭാവനയില്‍ വിരിഞ്ഞത്‌. കഥയുടെ അവസാനം ആ അമ്മ മകനാല്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി. 

തെറ്റു മനസ്സിലാക്കി അമ്മയോടൊപ്പം തന്നെ കാണാന്‍ വരുന്ന റോജിയുടെ ചിത്രം ടൈറ്റസിന്റെ മനസ്സിലും ബാല്യത്തിന്റെ ചില ആശങ്കകള്‍ ഉണര്‍ത്തുന്നുണ്ട്‌. 

തിരിച്ചറിവിന്റെ പക്വതയില്ലായ്‌മ ഈ കുട്ടികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ദുരന്തപൂര്‍ണ്ണമായ ഒരു ജീവിതമാണ്‌. ഒരിക്കല്‍ കുറ്റവാളിയെന്ന്‌ മുദ്ര കുത്തപ്പെട്ടാല്‍ തുടച്ചു മായ്‌ക്കാന്‍ നന്നേ പ്രയാസമാണ്‌. പശ്‌ചാത്താപം പ്രായശ്‌ചിത്തത്തിന്‌ വഴിമാറി നേര്‍വഴി നയിക്കുമ്പോള്‍ എരിയുന്ന കണ്ണുകളോടെയാണ്‌ സമൂഹം ഇവരെ സ്വീകരിക്കുന്നത്‌. ചൂഷണത്തിനു മേല്‍ ചൂഷണത്തിനു വിധേയരാവുന്ന ഈ കുരുന്നു മനസ്സുകള്‍ക്ക്‌ വേണ്ടി മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അല്‌പമൊന്ന്‌ മാറ്റി ചിന്തിച്ചു കൂടെ. വിചാരണകള്‍ക്കൊടുവില്‍ കുറ്റവാളിയെന്ന്‌ മുദ്ര കുത്തപ്പെടുമ്പോള്‍ എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്‌ഥയാണ്‌ കളങ്കപ്പെടുന്നത്‌. പലപ്പോഴും കാലം വിരല്‍ ചൂണ്ടുന്നത്‌ നഗ്നമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്‌. ആ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനെടുക്കുന്ന കാലയളവില്‍ നഷ്‌ടപ്പെടുന്നത്‌ നിഷ്‌കളങ്കമായ ചില പുഞ്ചിരികളാണ്‌. 

No comments:

Post a Comment

please make the cooments and share