Sunday 24 June 2012

കരകേറിയ പ്രതിസന്ധിയും കരയില്‍നില്‍ക്കുന്ന പ്രതിസന്ധിയും‍

കൃഷ്‌ണപിള്ളയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും നായനാരുടെയും പാര്‍ട്ടിയിലേക്ക്‌ ക്രിമിനല്‍ മനസുള്ള ഒരു സംഘം നേതാക്കള്‍ ഒളിച്ചുകടത്തിയതു പകയിസമാണ്‌. മാര്‍ക്‌സിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഉദാത്തമായ മനുഷ്യസങ്കല്‍പങ്ങള്‍ക്കാണ്‌ അതോടെ മുറിവേറ്റത്‌. അത്‌ കേരളത്തിനു സാമൂഹിക വിരുദ്ധതയുടെ മുഖം നല്‍കി. മഹാന്മാരായ കമ്യൂണിസ്‌റ്റുകളുടെ പേരുള്ള പാര്‍ട്ടി ഓഫീസുകളിലും ആശുപത്രികളിലും കൊലയാളി സംഘങ്ങള്‍ക്ക്‌ ഒളിത്താവളമൊരുക്കുന്ന ക്രിമിനല്‍ രാഷ്‌ട്രീയത്തെ എങ്ങനെയാണു ജനാധിപത്യ കേരളത്തിനു സഹിക്കാനാവുക?

നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിനെ നെഞ്ചിടിപ്പോടെ ഉറ്റുനോക്കിയതു യു.ഡി.എഫ്‌. മാത്രമായിരുന്നില്ല. പിണറായി വിജയം ആട്ടക്കഥയിലെ ബീഭത്സം കണ്ടു പേടിച്ച കേരളത്തിലെ ഓരോ മനുഷ്യസ്‌നേഹിയും നെയ്യാറ്റിന്‍കരയിലെ കുലംകുത്തി ജയിക്കണേ എന്നു പ്രാര്‍ഥിച്ചിട്ടുണ്ട്‌. അത്‌ ഇടതുപക്ഷത്തോടുള്ള വിരോധമല്ല. ശെല്‍വരാജ്‌ കാണിച്ച ജനവഞ്ചനയോടു പ്രതിഷേധം ഇല്ലാഞ്ഞിട്ടുമല്ല. ചില ചരിത്രമുഹൂര്‍ത്തത്തിലെങ്കിലും ജനത വേറിട്ട ചില തീരുമാനങ്ങള്‍ എടുക്കാറുണ്ട്‌. നന്നായി ആലോചിച്ചുറപ്പിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍.

ജയവിജയന്മാരുടെ സി.പി.എം. (കേരളത്തില്‍ പലതാണു സി.പി.എം. ചന്ദ്രശേഖരന്റെ ചോരയുടെ പാപം ഏറ്റുവാങ്ങേണ്ടതില്ലാത്ത ഒരു സി.പി.എമ്മും കേരളത്തില്‍ തന്നെയുണ്ട്‌. ആ സി.പി.എം. പിണറായി വിജയന്റെയും ജയരാജന്‍ന്മാരുടെയും പണമരം കരീമുമാരുടെയും ആക്രോശം കേട്ടു പേടിച്ചു പതുങ്ങിയിരിക്കുന്നു) നെയ്യാറ്റിന്‍കരയില്‍ ജയിച്ചു കയറരുതേയെന്ന്‌ ആഗ്രഹിച്ചവര്‍ മനസില്‍ ആര്‍ദ്രത ശേഷിക്കുന്നവരാണ്‌. സി.പി.എം. ഏല്‍പിച്ച അമ്പത്തൊന്നു വെട്ടും പ്രബുദ്ധകേരളത്തിന്റെ മുഖത്താണെന്നു തിരിച്ചറിഞ്ഞവരാണ്‌.

ആ മനുഷ്യര്‍ നെയ്യാറ്റിന്‍കരയിലെ മണ്ണില്‍ നില്‍ക്കുമ്പോള്‍ ശെല്‍വരാജ്‌ എന്ന വഞ്ചകനെ (?) കണ്ടിട്ടേയില്ല. കണ്ടത്‌ ഇനിയും കണ്ണീരു തോരാത്ത ഓഞ്ചിയത്തെ വീടു മാത്രമാണ്‌. ഒരു വിധവയെ, മുന്നോട്ടു നോക്കുമ്പോള്‍ ശൂന്യത മാത്രം കണ്ടു കരയാന്‍ പോലുമാവാത്ത ഒരു ആണ്‍കുട്ടിയെ, ഭയാനകമായ സത്യത്തോടു പൊരുത്തപ്പെടാനാവാത്ത ഒരമ്മയെ... ആ വീടിനു പിന്നില്‍ ഫസലിന്റെ വീട്‌... അതിനു പിന്നില്‍ ഷുക്കൂറിന്റെ വീട്‌.

ഈ വീടുകളൊക്കെ കാണാന്‍ കണ്ണുകളുള്ള ഒരു ജനതയുണ്ടായിട്ടും നെയ്യാറ്റിന്‍കരയില്‍ ഇടതുപക്ഷം ജയിച്ചുവെങ്കില്‍ കേരളം വല്ലാതെ അപമാനിക്കപ്പെടുമായിരുന്നു. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമുള്ള അന്വേഷണം കേരളത്തിലെ പോലീസിന്റെ ചരിത്രത്തില്‍ അസാധാരണമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്‌ണന്‍ അഞ്ചുവര്‍ഷം കൊണ്ടു ഷണ്ഡീകരിച്ച പോലീസിന്‌ ആന്തരികമായ കരുത്തു തിരിച്ചു നല്‍കിയ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഒരു റെഡ്‌ സല്യൂട്ടെങ്കിലും പ്രബുദ്ധകേരളം നല്‍കേണ്ടേ. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം അതിന്റെ പൂര്‍ണതയിലെത്തിച്ചാല്‍ സ്വര്‍ണ ലിപികളിലാവും ഇവരുടെ പേരുകള്‍ കാലത്തിന്റെ ചുമരില്‍ രേഖപ്പെടുത്തുക. അതിനിനിയും കുറച്ചു ദൂരംകൂടി പിന്നിടാനുണ്ട്‌ കേരളാ പോലീസിന്‌. ആ യാത്രയ്‌ക്കുള്ള വായ്‌ക്കരിയായി ഒരു യു.ഡി.എഫ്‌. വിജയം നെയ്യാറ്റിന്‍കരയില്‍ സംഭവിക്കണമെന്ന്‌ ആഗ്രഹിച്ച മനുഷ്യരും ഇവിടെയുണ്ടല്ലോ.

കൃഷ്‌ണപിള്ളയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും നായനാരുടെയും പാര്‍ട്ടിയിലേക്കു ക്രിമിനല്‍ മനസുള്ള ഒരു സംഘം നേതാക്കള്‍ ഒളിച്ചുകടത്തിയതു പകയിസമാണ്‌. മാര്‍ക്‌സിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഉദാത്തമായ മനുഷ്യസങ്കല്‍പങ്ങള്‍ക്കാണ്‌ അതോടെ മുറിവേറ്റത്‌. അതു കേരളത്തിനു സാമൂഹിക വിരുദ്ധതയുടെ മുഖം നല്‍കി. മഹാന്മാരായ കമ്യൂണിസ്‌റ്റുകളുടെ പേരുള്ള പാര്‍ട്ടി ഓഫീസുകളിലും ആശുപത്രികളിലും കൊലയാളി സംഘങ്ങള്‍ക്ക്‌ ഒളിത്താവളമൊരുക്കുന്ന ക്രിമിനല്‍ രാഷ്‌ട്രീയത്തെ എങ്ങനെയാണു ജനാധിപത്യ കേരളത്തിനു സഹിക്കാനാവുക? ഇങ്ങനെയൊരു രാഷ്‌ട്രീയം കേരളത്തിലെ ഭരണസംവിധാനത്തെ തന്നെ നിയന്ത്രിച്ചു തുടങ്ങിയാല്‍ കേരളത്തിന്റെ മുഖത്ത്‌ ഏല്‍ക്കാന്‍ പോവുന്ന വെട്ട്‌ അമ്പത്തൊന്നില്‍ ഒതുങ്ങില്ലെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? ചന്ദ്രശേഖരനു വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കോടിയേരി ബാലകൃഷ്‌ണന്‍ അവഗണിച്ചുവെന്നാണല്ലോ പുറത്തുവരുന്ന വാര്‍ത്ത. ആ ഭീഷണി കോടിയേരി ബാലകൃഷ്‌ണന്റെ പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നുവെന്ന്‌ 2012 മേയ്‌ 4 നമ്മെ ബോധ്യപ്പെടുത്തിയപ്പോള്‍ അരിഭക്ഷണം കഴിക്കുന്നവര്‍ക്കൊക്കെ കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. കള്ളന്‍ കപ്പലില്‍ തന്നെയെന്നു മഹാന്മാര്‍ പറഞ്ഞതു വെറുതെയല്ല.

പോലീസില്‍ ക്രിമിനലുകള്‍ പെരുകിയെങ്കില്‍ അതങ്ങനെ സ്വാഭാവികമായി സംഭവിച്ചതല്ല. രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തന്നെയാണു പോലീസിനേയും ക്രിമിനല്‍വല്‍ക്കരിച്ചത്‌. ക്രിമിനലുകളായ രാഷ്‌ട്രീയ നേതാക്കള്‍ക്കു ക്രിമിനലുകളായ പോലീസുകാരുടേയും സഹായം വേണ്ടിവരും. കോടിയേരി പോലീസ്‌ മന്ത്രിയായ കാലത്താണു ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതെങ്കില്‍ പാര്‍ട്ടിയുണ്ടാക്കിയ തിരക്കഥയായിരിക്കുമല്ലോ പോലീസ്‌ ഓഫീസര്‍മാര്‍ സംവിധാനം ചെയ്‌തു സിനിമയാക്കി പുറത്തിറക്കുക. ചന്ദ്രശേഖരന്‍ ജീവിതം മടുത്തു സ്വയം വെട്ടി മരിച്ചതാണെന്ന കണ്ടെത്തല്‍ സംഭവിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടി വരില്ല. ഫസല്‍ വധത്തിലെ അട്ടിമറികളുടെ കഥകള്‍ സി.ബി.ഐ. പുറത്തു കൊണ്ടുവന്നില്ലേ? പോലീസ്‌ സംവിധാനത്തെ ഹീനമായ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി സി.പി.എം. ഉപയോഗിക്കുന്നതുപോലെ കേരളത്തിലെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും ഉപയോഗിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഇതേ രീതിയിലാണു സി.പി.എം. ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ ആ പാര്‍ട്ടി ഇനിയൊരിക്കല്‍ കൂടി അധികാരത്തില്‍ വരേണ്ടതുണ്ടോയെന്നു മലയാളി സമൂഹം ആഴത്തില്‍ ചിന്തിക്കേണ്ടി വരും.

നീതിന്യായം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കു കീഴടങ്ങിയാല്‍ ജനാധിപത്യ വ്യവസ്‌ഥയ്‌ക്ക് എന്തു പ്രസക്‌തിയാണുള്ളത്‌. ഏതൊരു രാജ്യത്തേയും പോലീസ്‌ സംവിധാനങ്ങള്‍ നിശിതമാം വിധം സ്വതന്ത്രമാവണം. നിര്‍ഭയമായി നീതി നടപ്പിലാക്കാന്‍ സാധിക്കണം. ഇല്ലെങ്കില്‍ ക്രിമിനലുകളായ രാഷ്‌ട്രീയക്കാരും അവര്‍ തീറ്റിപ്പോറ്റുന്ന ക്വട്ടേഷന്‍ സംഘങ്ങളും ചേര്‍ന്നു കേരളത്തെ നാണം കെടുത്തും.

സി.പി.എം. ഇപ്പോഴും തിരുത്തലിന്റെ പാതയിലല്ല. ചന്ദ്രശേഖരന്‍ വധത്തെ ആഴത്തില്‍ ചര്‍ച്ച ചെയ്യാനോ അതിനു പിന്നില്‍ വടക്കന്‍ നേതാക്കള്‍ നടത്തിയ ഗൂഢാലോചനകളെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ചു കണ്ടെത്തി അവരെ ഒന്നടങ്കം പുറത്താക്കി പാര്‍ട്ടിയെ ശുദ്ധീകരിക്കാനോ ഉള്ള ശ്രമം നടക്കുന്നതേയില്ല. അന്വേഷണങ്ങളെ പാര്‍ട്ടി വല്ലാതെ ഭയപ്പെടുന്നു.

ഷുക്കൂര്‍ വധം അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥന്മാരെ പി. ജയരാജനും ടി.വി. രാജേഷ്‌ എം.എല്‍.എയും ഭീഷണിപ്പെടുത്തുന്നതിന്റെ വെളിപ്പെടുത്തലുകള്‍ വന്നുകഴിഞ്ഞു. ഒളിവില്‍ കഴിയുന്ന നേതാക്കള്‍ എവിടെയാണെന്നറിയാതെ പാര്‍ട്ടി കൈ മലര്‍ത്തുന്നു. ഈവിധം ഭയപ്പെടുന്നതെന്തിനാണെന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിനു പിന്നില്‍ പാര്‍ട്ടി പകച്ചു നില്‍ക്കുന്നു. ഒരു ശുദ്ധീകരണത്തിനു പാര്‍ട്ടി തയാറെടുക്കുന്നില്ല എന്നതുതന്നെ കാരണം. സമീപകാലത്തെ മൂന്നു കൊലപാതകങ്ങളില്‍ പാര്‍ട്ടിയിലെ ചെറുതും വലുതുമായ നേതാക്കള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയുകയും അവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌ത സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കു ബന്ധമുണ്ടെന്നും പാര്‍ട്ടിക്കു ബന്ധമില്ലെന്നും പറയുന്നതു വങ്കത്തരമല്ലേ? നേതാക്കളും അനുയായികളും ചേര്‍ന്നതല്ലേ പാര്‍ട്ടി? വി.എസ്‌. ഒഞ്ചിയത്തു പോയതുകൊണ്ടാണു നെയ്യാറ്റിന്‍കരയില്‍ പരാജയപ്പെട്ടതെന്നു പറയുന്ന പാര്‍ട്ടിയുടെ ഗതികേടു നോക്കണേ. ഒരു നേതാവിന്റെ സഞ്ചാരഗതിയാണു പൊതുതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി സംവിധാനത്തിനെന്തു പ്രസക്‌തി? വി.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ മാത്രം മതിയോ? ടി.പി. വധത്തിനു ശേഷം പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനകളും ചര്‍ച്ച ചെയ്യേണ്ടേ?

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്‌. തോറ്റാല്‍ മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ വീഴുമെന്നു (അഥവാ സര്‍ക്കാരിനെ വീഴ്‌ത്തുമെന്ന്‌) ഭീഷണി മുഴക്കിയതു പാര്‍ട്ടി സെക്രട്ടറിയും സംഘവും തന്നെയല്ലേ? ചാക്കിട്ടു പിടിക്കാതെ, കൂറു മാറ്റിയെടുക്കാതെ ഇതെങ്ങനെ സാധ്യമാവും? കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു രാഷ്‌ട്രീയ കൊലപാതകത്തിന്റെ അന്വേഷണം നേര്‍ദിശയിലൂടെ പോകുമ്പോള്‍ ഈ ഭീഷണി ലക്ഷ്യം വയ്‌ക്കുന്നത്‌ എന്തിനെയാണെന്ന്‌ അരിഭക്ഷണം കഴിക്കുന്നവര്‍ക്കറിയാം. അവരുടെ മനസാണു നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചത്‌.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന്‌ അത്ര പെട്ടെന്നൊന്നും സി.പി.എമ്മിനു കര കേറാന്‍ പറ്റില്ല. അതിനുവേണ്ടിയുള്ള ആത്മാര്‍ഥമായ ശ്രമം യുവനേതാക്കളുടെ ഭാഗത്തുനിന്നു പോലും ഉണ്ടാവുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണു ശ്രീരാമകൃഷ്‌ണന്റെ പ്രസ്‌താവം. വലിയ വിപ്ലവകാരിയാണു കക്ഷി. വി.എസിനെപ്പോലും വിപ്ലവം പഠിപ്പിക്കാന്‍ കെല്‍പ്പു നേടിയ ദേഹം. ആവശ്യത്തിലേറെ ഉയരവും തൂക്കവും ഒക്കെ അദ്ദേഹത്തിനുണ്ട്‌. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന പ്രതിവിപ്ലവ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചു ഗവേഷണം നടത്തി പഠിച്ച ആളുമാണ്‌. പാര്‍ട്ടി നടത്തുന്ന ഏതു നെറികേടിനെയും ന്യായീകരിക്കുക എന്നതാണു മൂപ്പരുടെ വിപ്ലവ പ്രവര്‍ത്തനം. മനുഷ്യനായില്ലെങ്കിലും വേണ്ടില്ല. പാര്‍ട്ടിക്കാരനായാല്‍ മതി.

ബഹുമാനപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചേട്ടനോട്‌ ഒരപേക്ഷയുണ്ട്‌. ആ ടി.വി. രാജേഷിനെ എങ്ങനെയെങ്കിലും രക്ഷിക്കണം. കക്ഷി സാധുവാണ്‌. പേടി കൊണ്ടാണു പോലീസിനെ ഭീഷണിപ്പെടുത്തുന്നത്‌. അല്ലാതെ വീര ശൂര പരാക്രമിയായതുകൊണ്ടല്ല. വടക്കന്‍പാര്‍ട്ടിക്കാര്‍ ആത്മാര്‍ഥത കൂടുതലുള്ളവരാണ്‌. ഒരുവെട്ടു വെട്ടാന്‍ പറഞ്ഞാല്‍ അമ്പത്തൊന്നു വെട്ടു വെട്ടും. ചായ മേടിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ എറച്ചീം പൊറോട്ടയും തന്നെ മേടിച്ചുകൊടുക്കും. വല്ല കുരുക്കിലും പെട്ടാല്‍ രാജേഷ്‌ പൊട്ടിക്കരയും. ചിലപ്പൊ ആ കണ്ണീരില്‍ നിയമസഭാ മന്ദിരം തന്നെ അലിഞ്ഞുപോകും. അതൊന്നും ടിവിയില്‍ കാണാന്‍ ഞങ്ങള്‍ക്കു കെല്‍പില്ല.

No comments:

Post a Comment

please make the cooments and share