Sunday, 24 June 2012

വിറ്റാമിന്‍ ഡി നമുക്ക്‌ ആവശ്യമുണ്ടോ?

വിറ്റാമിന്‍ ഡി പ്രദാനം ചെയ്യുന്ന ഏറ്റവും നല്ല സ്രോതസ്സാണ്‌ സൂര്യന്‍. ഇതു മനസ്സിലാക്കാതെ സൂര്യരശ്‌മിയെ മനപൂര്‍വ്വം ഒഴിവാക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ശരീരത്തില്‍ വിറ്റാമിന്‍ ഡി യുടെ അഭാവം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. 

വിറ്റാമിന്‍ ഡി യുടെ പ്രാധാന്യവും ആവശ്യകതയും...

''അമ്മേ ഈ വെയിലത്ത്‌ എനിക്ക്‌ പുറത്തിറങ്ങാന്‍ വയ്യ. ചൂടുമാത്രമല്ല, എന്റെ കളറും പോകും.'' ഉണങ്ങിക്കിടന്ന തുണി എടുക്കാന്‍ ആവശ്യപ്പെട്ട അമ്മയോട്‌ുള്ള മകളുടെ മറുപടിയാണിത്‌. കുറിക്കുത്തരം മുറിപ്പത്തലെന്ന രീതിയില്‍ അമ്മയുടെ മറുപടി. ''പോക്കുവെയിലു കൊണ്ടാല്‍ പൊന്നുപോലെ വെളുക്കുമെന്നു പൊന്നുമോളു കേട്ടിട്ടില്ലേ ''. ഇത്രയും ഫാസ്‌റ്റ്ഫോര്‍വേഡായ പുതുതലമുറ മറന്നുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്‌. സൂര്യന്റെ രശ്‌മികളില്‍ ചില പ്രത്യേക ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌, മാത്രവുമല്ല ശരീരത്തിലെ ചില കേന്ദ്രഭാഗങ്ങള്‍ക്ക്‌ വളരെ അത്യാവശ്യപോഷകങ്ങള്‍ നല്‍കാന്‍ സൂര്യരശ്‌മിക്ക്‌ കഴിയാറുമുണ്ട്‌. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വിറ്റാമിന്‍ - ഡി. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ്‌ ബി രശ്‌മികള്‍ ശരീരത്തിലെ വിറ്റാമിന്‍- ഡിയുടെ അളവ്‌ വര്‍ധിക്കാന്‍ സഹായിക്കും.

വിറ്റാമിന്‍- ഡി ഇല്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലേ എന്ന ചോദ്യമാവും ഇത്‌ വായിക്കുമ്പോള്‍ ചെറുപ്പക്കാരുടെ മനസില്‍ വരുന്നത്‌. അങ്ങനെയങ്ങ്‌ പുച്‌ഛിച്ചു തള്ളാന്‍ വരട്ടെ. വിറ്റാമിന്‍ -ഡിയുടെ അഭാവംമൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്‌. കഴിഞ്ഞില്ല വിറ്റാമിന്‍ -ഡി യുടെ കുറവുമൂലംബ്ലഡ്‌ പ്രഷര്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്‌. വിറ്റമിന്‍ ഡി കൃത്യമായ അളവില്‍ ശരീരത്തില്‍ ഉണ്ടായാല്‍ കിട്ടുന്ന ഗുണങ്ങളെക്കുറിച്ചും അറിയണ്ടേ .ശരീരത്തില്‍ വിറ്റാമിന്‍-ഡി കൃത്യമായ അളവിലുണ്ടെങ്കില്‍ രോഗപ്രതിരോധശേഷി കൂടുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. മസില്‍ വേദനയും തളര്‍ച്ചയും മാറ്റാനുള്ള കഴിവ്‌ വിറ്റാമിന്‍ ഡി ക്കുണ്ട്‌. വാര്‍ധക്യത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താനുള്ള കഴിവ്‌ വിറ്റാമിന്‍ ഡി ക്കുണ്ടെന്നുകേട്ട്‌ അല്‌പമൊന്ന്‌ ഞെട്ടിയോ? ഞെട്ടണ്ട, അല്‌പം സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നതുവഴി ഇത്തരം ഗുണങ്ങളുണ്ടാവുമെന്ന്‌ ഓര്‍ത്താല്‍ നന്ന്‌.

കിഡ്‌നിയും കരളും ചേര്‍ന്നാണ്‌ വൈറ്റമിനുകളുടെ അളവ്‌ ശരീരത്തില്‍ നിയന്ത്രിക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നില്ലെങ്കില്‍ നമുക്കാവശ്യമായ വിറ്റാമിനുകള്‍ ലഭ്യമാകാതെ വരും. അതിനാല്‍ യാതൊരു ലോഭവുമില്ലാതെ ലഭിക്കുന്ന വിറ്റാമിന്‍ ഡി യെ സ്വീകരിക്കുന്നതല്ലേ നല്ലത്‌. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഒരു ദിവസം സൂര്യപ്രകാശത്തെ ഒന്ന്‌ സ്വീകരിച്ചു നോക്കുക. കുറഞ്ഞത്‌ 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക്‌ മാറ്റം വരുത്തണം. ഒരു രൂപപോലും ചെലവാക്കാതെ ശരീരത്തില്‍ ആവശ്യമായ ഒരു ജീവകം ലഭിക്കുന്നെങ്കില്‍ എന്തിനാണ്‌ അതിനെ തടയുന്നത്‌. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്കാണ്‌ രോഗപ്രതിരോധശേഷി കൂടുതലെന്ന്‌ ഓര്‍ക്കുന്നത്‌ നന്നാവും.

വിറ്റമിന്‍ ഡി തടയുന്ന അസുഖങ്ങള്‍

വിട്ടുമാറാത്ത അസുഖങ്ങളായ കാന്‍സര്‍, കാല്‍സ്യത്തിന്റെ കുറവു കാരണം ആര്‍ത്തവവിരാമത്തിനു ശേഷം സ്‌ത്രീകളിലുണ്ടാകുന്ന എല്ലിന്റെ ബലക്ഷയം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

എല്ലുകളുടെ ബലക്ഷയം തടയുന്നു. പല്ലിന്റേയും, തലമുടിയുടേയും ദൃഢതയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എല്ലാത്തരം രോഗങ്ങളോടും എതിരിടാനുള്ള ബലം ശരീരത്തിനു നല്‍കുന്നു. മാത്രവുമല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു.

കുട്ടികളില്‍ കണ്ടുവരാറുള്ള റിക്കറ്റ്‌സ് ("ദ്ധ്യനുന്ധന്ഥ) വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

അമിത രക്‌തസമ്മര്‍ദ്ദം തടയുന്നു.

കോശങ്ങളുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും സഹായിക്കുന്നു.

ശരീരത്തില്‍ അമിതമായി വരാറുള്ള ഉഷ്‌ണം, വിശപ്പ്‌ എന്നിവയെ ശമിപ്പിക്കുന്നു.

വിറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

ചില ഭക്ഷണക്രമീകരണങ്ങളിലൂടെ വിറ്റാമിന്‍ ഡി യുടെ അഭാവം കുറയ്‌ക്കാം. സ്‌ഥിരമായി മെനുവില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണങ്ങളില്‍ നിന്ന്‌ ചെറിയൊരു മാറ്റം , ആ മാറ്റം സ്വീകരിക്കാന്‍ തയ്യാറായാല്‍ ശരീരത്തിലുള്ള വിറ്റാമിന്‍ ഡി യുടെ അളവിനെ ക്രമീകരിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന്‌ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിറ്റാമിന്‍ ഡി യുടെ കൃത്രിമരൂപമാണുള്ളത്‌. എന്നാല്‍ ചുരുക്കം ചില ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിറ്റമിന്‍ ഡി നൈസര്‍ഗീകമായി തന്നെ ഉണ്ടാകാറുണ്ട്‌.

സാല്‍മണ്‍ ഫിഷ്‌

വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഒരു പ്രധാന മത്സ്യമാണ്‌ സാല്‍മണ്‍ അഥവാ കോര. വിപണിയില്‍ ലഭ്യമാകുന്ന ടിന്നില്‍ അടച്ചു സൂക്ഷിക്കുന്ന മീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. മത്സ്യങ്ങള്‍ പഴകുന്നതിനു മുന്‍പ്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. കൃത്രിമത്വം ഇല്ലാത്ത ഫ്രഷ്‌ സാല്‍മണ്‍ മീനുകളാണ്‌ നല്ലത്‌. ശരീരത്തിന്‌ ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഇരട്ടിയിലധികം ഒരു കഷണം സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്‌. ചെറിയൊരു കഷണം കോര മീനില്‍ പോലും വൈറ്റമിന്‍ ഡി യുടെ 90 ശതമാനം കാണപ്പെടുന്നു. എല്ലിന്‌ ബലം നല്‍കുന്ന ഇത്തരം മീനുകള്‍ നിത്യേനയുള്ള മെനുവില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

കൂണുകള്‍

വൈറ്റമിന്‍ ഡിയുടെ മറ്റൊരു പ്രധാന സ്രോതസാണ്‌ കൂണുകള്‍. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന വെള്ള കൂണുകളിലും വൈറ്റമിന്‍ ഡി ചെറിയ അളവില്‍ കാണപ്പെടാറുണ്ട്‌. ഏഷ്യന്‍ മഷ്‌റൂം എന്നറിയപ്പെടുന്ന ഷിക്കേറ്റിലാണ്‌ വിറ്റാമിന്‍ ഡി അധികമായി കാണാറുള്ളത്‌. സൂര്യതാപം ക്രമാതീതമായി ഇതില്‍ സൂക്ഷിക്കുന്നതാണ്‌ കാരണമായി പറഞ്ഞുവരുന്നത്‌. മനുഷൃരുടെ കൂര്‍മ്മബുദ്ധിയുടെ ഫലമായി ഇത്തരം കൂണുകളെ കൃത്രിമമായി വെയിലത്തു വച്ച്‌ ചൂടാക്കാറുണ്ട്‌. പക്ഷേ സൂര്യന്റെ താപം സ്വാഭാവികമായി കിട്ടുന്നവയില്‍ മാത്രമാണ്‌ വിറ്റാമിന്‍ ഡി കാണപ്പെടുന്നത്‌.

പാല്‍

ശുദ്ധമായ പാല്‍ വൈറ്റമിന്‍ ഡിയുടെ ഉറവിടമായി പറയപ്പെടാറുണ്ട്‌. മനുഷ്യശരീരത്തിന്‌ ഒരു ദിവസം ആവശ്യമായ വൈറ്റമിന്‍ ഡിയുടെ അഞ്ചിലൊരു ഭാഗം ശുദ്ധമായ പാലില്‍ അടങ്ങിയിട്ടുണ്ട്‌. എല്ലാ പോഷകാംശങ്ങളുമടങ്ങിയ പാലും പാലുത്‌പന്നങ്ങളും വൈറ്റമിന്‍ ഡിയുടെ കുറവിനെ നികത്താന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

ചൂര മീന്‍

വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള മറ്റൊരു മത്സ്യമാണ്‌ ചൂര. ചൂര മീന്‍ വേവിച്ച്‌ കൂട്ടുന്നതുവഴി നമ്മുടെ ശരീരത്തിന്‌ വേണ്ട അനുപാതത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നു.

മുട്ട

മുട്ടയില്‍ മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി യുടെ രണ്ടിലൊരംശം അടങ്ങിയിട്ടുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ആഴ്‌ചയിലൊരിക്കല്‍ മുട്ടയുടെ വിഭവങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ വിറ്റാമിന്‍ ഡി യുടെ കുറവിനെ നികത്തും.

ധാന്യങ്ങള്‍

ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും വിറ്റാമിന്‍ ഡി യുടെ നല്ലൊരു ഉറവിടമാണ്‌. ഡയറ്റില്‍ ശ്രദ്ധിക്കുന്ന ഇന്നത്തെ തലമുറ ഒഴിവാക്കുന്ന ഇത്തരം പദര്‍ത്ഥങ്ങള്‍ എല്ലിന്റേയും പല്ലിന്റേയും ബലം കൂട്ടാന്‍ സഹായിക്കുന്നു. ഭക്ഷണശീലത്തില്‍ ഇത്‌ ഉള്‍പ്പെടുത്തുന്നത്‌ വിറ്റാമിന്‍ ഡി യുടെ അഭാവം കുറയ്‌ക്കും. 

വിറ്റമിന്‍ ഡി ഓരോ പ്രായത്തിലും

കൗമാരത്തിനു മുമ്പും പിമ്പും...


എല്ലുകള്‍ പൂര്‍ണ്ണവളര്‍ച്ചയിലെത്തുന്നതും രൂപാന്തരപ്പെടുന്നതും ഈ കാലഘട്ടത്തിലാണ്‌. വിറ്റാമിന്‍ ഡി ഏറ്റവും ആവശ്യമായി വരുന്ന കാലഘട്ടമാണിത്‌. എല്ലുകളുടെ നൈര്‍മല്ല്യം മൂലം കുട്ടികളില്‍ കാണപ്പെടുന്ന ഒരു രോഗാവസ്‌ഥയാണ്‌ റിക്കറ്റസ്‌, ഇത്‌ വരുന്നതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്‌ വിറ്റാമിന്‍ ഡി യാണ്‌. വിറ്റാമിന്‍ ഡി യുടെ കുറവിനെ നികത്താന്‍ ഈ പ്രായത്തില്‍ ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുണ്ട്‌.

പ്രഭാതഭക്ഷണത്തിനു മുന്‍പ്‌ 100 മി.ലി ഓറഞ്ച്‌ ജ്യൂസോ അല്ലെങ്കില്‍ ഫ്രഷ്‌ പഴങ്ങളടങ്ങിയ മില്‍ക്ക്‌ ഷേക്കോ കഴിക്കണം. ഇതില്‍ ഏകദേശം വിറ്റാമിന്‍ ഡി 140 ഐ.യു (ഇന്റര്‍നാഷണല്‍ യൂണിറ്റ്‌) ഉണ്ടാകും. ചായയിലും കാപ്പിയിലും അടങ്ങിയിട്ടുള്ള കഫൈന്‍ എല്ലുകളിലെ കാല്‍സ്യം വലിച്ചെടുത്ത്‌ ബലം കുറയ്‌ക്കും. അതിനാല്‍ പാലിന്റെ വകഭേദമായ തൈരോ പനീറോ കഴിക്കുന്നതാണ്‌ നല്ലത്‌. 

ഇരുപതുകളില്‍...

വളരെ വേഗതയില്‍ ജീവിക്കാനാഗ്രഹിക്കുന്ന പുതുതലമുറ ബര്‍ഗറിനേയും പിസ്സയേയും ആശ്രയിക്കാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌. അമിതവണ്ണം ആഗ്രഹിക്കാത്തതിനാല്‍ ഭക്ഷണത്തെ ഒഴിവാക്കിവിടുന്നതിലും ഇവര്‍ താത്‌പര്യം കാണിക്കാറുണ്ട്‌. പുതിയ എല്ലുകള്‍ രൂപപ്പെടുന്ന അവസാന കാലഘട്ടമാണിത്‌. അതിനാല്‍ എല്ലുകളുടെ ബലം കൂട്ടുന്ന രീതിയിലുള്ള ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കാല്‍സ്യവും വിറ്റാമിന്‍ ഡി യും ചേരുന്ന മിശ്രിതം ഈ കാലഘട്ടത്തില്‍ വളരെ ആവശ്യമാണ്‌. 

ദിവസവും രണ്ടു ഗ്ലാസ്‌ പാല്‍ മെനുവില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ ശുദ്ധമായ പാലില്‍ ഈ പ്രായത്തില്‍ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി യുടെ കൃത്യമായ അളവുണ്ടാകും.

ചൂര മീനിന്റെ സലാഡ്‌ വിറ്റാമിന്‍ ഡി നല്ല തോതില്‍ അടങ്ങിയ ഒരു ഭക്ഷണപദാര്‍ത്ഥമാണ്‌.

മുപ്പതുകളില്‍...

മുപ്പതുകാര്‍ക്ക്‌ ഇപ്പോഴും ഇരുപതിന്റെ മനസ്സാണ്‌. പക്ഷേ എല്ലുകളുടെ കാര്യത്തില്‍ ഈ പത്തു വര്‍ഷം വലിയൊരു കാലയളവാണ്‌. എല്ലിനു ബലക്ഷയം സംഭവിച്ചുതുടങ്ങുന്ന ആദ്യത്തെ കാലമാണിത്‌. നിത്യേനയുള്ള വ്യായാമത്തിനു പുറമേ ആഹാരത്തിന്റെ കാര്യത്തിലും ഈ പ്രായത്തില്‍ നല്ല ശ്രദ്ധ വേണം. 

കൂണ്‍ വിഭവങ്ങള്‍ ആഴ്‌ചയിലൊരു ദിവസം മെനുവില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

ചൂരമീന്‍ വിറ്റാമിന്‍ ഡി യുടെ അഭാവം കുറയ്‌ക്കും. ഇതും രണ്ടാഴ്‌ചയിലൊരിക്കല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഈ പ്രായത്തിലുള്ളവര്‍ക്ക്‌ വിറ്റാമിന്‍ ഡി ലഭിക്കാന്‍ പയര്‍വര്‍ഗ്ഗങ്ങളുടെ സത്തടങ്ങിയ പാലുത്‌പന്നങ്ങള്‍ പ്രഭാതഭക്ഷണമായി മാറ്റുന്നത്‌ നന്നാവും.

നാല്‍പ്പതുകളില്‍...

ഈ പ്രായത്തിലാണ്‌ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്‌. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്ന കാലമാണിത്‌. ഈ സമയത്ത്‌ പുറത്തേക്കിറങ്ങുന്നതും സൂര്യരശ്‌മികള്‍ ഏല്‍ക്കുന്നതും താരതമ്യേന വളരെ കുറവാണ്‌. ആയതിനാല്‍ ഭക്ഷണത്തില്‍ കൂടിയേ വിറ്റാമിന്‍ ഡി യുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിയൂ.

ഇലക്കറികള്‍ മെനുവില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

മീനിന്റെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. പ്രത്യേകിച്ചും കോര, അയല, മത്തി എന്നീ കൊഴുപ്പ്‌ കൂടുതലുള്ള മീനാണ്‌ നല്ലത്‌.

പാലും പാലുത്‌പന്നങ്ങളും പയര്‍വര്‍ഗ്ഗത്തോടൊപ്പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

അന്‍പത്‌ കഴിഞ്ഞാല്‍...

വിറ്റാമിന്‍ ഡി ശരീരത്തില്‍ ഏറ്റവും അധികമായി വേണ്ടുന്ന കാലഘട്ടമാണിത്‌. നല്ലൊരു ഡോക്‌ടറിന്റെ സഹായത്തേടെ ഡയറ്റ്‌ നിയന്ത്രിക്കണം. 

ഭക്ഷണക്രമീകരണത്തിന്റെ ഭാഗമായി മൂന്നാഴ്‌ചയിലൊരിക്കല്‍ മുട്ട നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

ദശക്കട്ടിയുള്ള മീന്‍വിഭവങ്ങള്‍ ആഴ്‌ചയിലൊരിക്കലെങ്കിലും മെനുവില്‍ ഉള്‍പ്പെടുത്തുക. 

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത്‌ സൂര്യരശ്‌മികളുടെ ദോഷം കണ്ടെത്തിയതു കൊണ്ടാണ്‌ . എന്നാല്‍ ഒഴിവാക്കുന്ന സൂര്യരശ്‌മികളുടെ പ്രാധാന്യം മനസ്സിലാക്കിയാല്‍ അവ വേണ്ടുംവിധത്തില്‍ പ്രയോജനപ്പെടുത്താം. അതിനര്‍ത്ഥം മുഴുവന്‍ സമയവും വെയിലത്തു നില്‍ക്കണമെന്നല്ല. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍ സൂര്യരശ്‌മികളില്‍ നിന്നു ലഭിക്കുമ്പോള്‍ അതിനു വേണ്ടി മരുന്നുകളെ ആശ്രയിക്കേണ്ട കാര്യമുണ്ടോ? ചോദ്യം സൂര്യരശ്‌മിയെ ഒഴിവാക്കി സണ്‍സ്‌ക്രീനിനെ ആശ്രയിക്കുന്ന പുതുതലമുറയോടാണ്‌.

നല്ലയിനം പഴങ്ങളും പച്ചക്കറികളും ശരീരത്തിന്റെ അകത്തു പ്രവര്‍ത്തിക്കുന്ന സണ്‍സ്‌ക്രീനുകളാണ്‌. സ്‌ട്രോബെറി, മാതളനാരങ്ങ, കിവി എന്നീ പഴങ്ങള്‍ ശരീരതാപം നിയന്ത്രിക്കാന്‍ സഹായിക്കും. ഈ പഴങ്ങളെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തി ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്താം. വാര്‍ദ്ധക്യസഹജമായി ബാധിക്കുന്ന ഏറെക്കുറെ രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ ചെറുപ്പകാലത്തെ ജീവിതരീതി ഒന്നു ചെറുതായി മാറ്റിയാല്‍ മതി.

ലക്ഷ്‌മി വാസുദേവന്‍

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌

മേഘ അരുണ്‍

ഡയറ്റീഷ്യന്‍

കാസ്‌റ്റില്‍ ആന്‍ഡ്‌ കുക്ക്‌

ലേക്ക്‌ഷോര്‍ ഹോസ്‌പിറ്റല്‍, 

കൊച്ചി.

No comments:

Post a Comment

please make the cooments and share