Thursday, 31 May 2012

നല്ല കാര്യം സാധിക്കുവാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗവും നല്ലതായിരിക്കണം



നമ്മുടെ ജീവിതത്തില്‍ നേടിയെടുക്കുവാന്‍ നാം ആഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ പലതാണ്. പക്ഷേ അത് നേടിയെടുക്കുവാന് നാം സ്വീകരിക്കുന്ന മാര്‍ഗ്ഗവും നല്ലതായിരിക്കണം. തിരുവചനത്തില്‍ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഉണ്ട്. 1ശമുവേല്‍ 5, 6 അദ്ധ്യായങ്ങള്‍ നാം മനസ്സിരുത്തി വായിച്ചാല്‍ പഴയ നിയമപ്രമാണ പ്രകാരം ദൈവത്തിന്റെ പെട്ടകം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടത് പുരോഹിതന്മാരാണ്. അവരുടെ തോളിലാണ് പെട്ടകം ഇരിക്കേണ്ടത്. എന്നാല്‍ ഇവിടെ ആ വ്യവസ്ഥ തെറ്റുന്നതായി കാണുന്നു. ശത്രു കയ്യില്‍ പിടിക്കപ്പെട്ടുപ്പോയ പെട്ടകം യെരുശലേമില്‍ എത്തിക്കണം എന്നത് ദൈവത്തിന്റെ പദ്ധതിയാണ്. അത് എത്തിയേ തീരുകയുള്ളൂ. പെട്ടകം യെരുശലേമില്‍ എത്തണം എന്നതിനാല്‍ പുരോഹിതന്മാര്‍ ഇല്ലാതെപോയി എന്ന കാരണത്താല്‍ പെട്ടകം വണ്ടിയില്‍ എടുത്ത് വെച്ച് പശുക്കളെ കൊണ്ട് വണ്ടി വലിപ്പിച്ച് കൊണ്ടുപോയാല്‍ അവിടെ ന്യായവിധി നിശ്ചയമാണ്. പാവപ്പെട്ടവനെ സഹായിക്കുക എന്നത് നല്ല ഉദ്ദേശമാണ്. അതിന് വേണ്ടി മോഷണം നടത്തുക എന്ന് വന്നാല്‍ അത് തെറ്റാണ്. ഉപദേശിമാരെ തീറ്റിപ്പോറ്റാന്‍ പണ്ടൊരാള്‍ നിരന്തരം മോഷണം നടത്തിയതായി കേട്ടിട്ടുണ്ട്. പെട്ടകം യെരുശലേമില്‍ എത്തണം. അതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗവും വിശുദ്ധന്മാരായിരിക്കണം. ഒരു മദ്യപാനിയെ അതില്‍ നിന്ന് വീണ്ടെടുക്കുവാന്‍ കൂടെ ഇരുന്ന് മദ്യം കഴിക്കുവാന്‍ പാടില്ല. വിശുദ്ധമായ ഒരു കാര്യം നേടുവാന്‍ സ്വീകരിക്കുന്ന പദ്ധതി വിശുദ്ധമായിരിക്കണം. ഹൈന്ദവ ഐതീഹ്യത്തില്‍ ഇങ്ങനെ ഒരു കഥ ഉണ്ട്. ഈ കഥ ദൈവമക്കള്‍ക്ക് പ്രസക്തമല്ല എങ്കിലും ഇതിനകത്ത് ഒരു സത്യം മനസ്സിലാക്കുവാനായിട്ടുണ്ട്. രാവണന്‍ സീതയെ അയോദ്ധ്യയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയത് ദുരുദ്ദേശത്തോടുകൂടിയല്ല. സീതയെ രാവണന്‍ സ്പര്‍ശിക്കുക പോലും ചെയ്തില്ല. പിന്നെ എന്തിനാണ്? ഉദ്ദേശം എന്തായിരുന്നു? ഹൈന്ദവര്‍ ദൈവമായി അംഗീകരിക്കുന്ന ശ്രീരാമന്‍ തന്റെ രാജ്യമായ ലങ്കയില്‍ ഒരു പ്രാവശ്യം എങ്കിലും ചെല്ലണമെന്ന ഒറ്റയാഗ്രഹം മാത്രമായിരുന്നു. രാവണന്റെ ആഗ്രഹം നല്ലതായിരുന്നു എങ്കിലും അതിനായി തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയല്ലായിരുന്നു.  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ധീര പോരാളിയായിരന്ന ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടുപോയി. പാര്‍ട്ടിക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചിരിക്കാം, പ്രസംഗിച്ചിരിക്കാം. തങ്ങളുടെ പാര്‍ട്ടിയെ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തെ നിര്‍ദ്ദാഷണ്യം കൊല്ലുക അല്ല ചെയ്യേണ്ടത്. മനുഷ്യ മനസ്സാക്ഷി അത് അംഗീകരിക്കുകയില്ല. ചില മതങ്ങളുടെ ചരിത്രം പഠിച്ചാലും സ്ഥാനങ്ങള്‍ നേടുവാന്‍ പിതാവിനെയും സഹോദരങ്ങളെയും ഉറ്റ സ്‌നേഹിതരെയും ചതിയില്‍ കൂടി വകവരുത്തിയ ശേഷം സ്ഥാനങ്ങള്‍ കൈക്കലാക്കുന്നതായി കാണാം. എന്തൊരു നീചപ്രവര്‍ത്തിയെന്ന് നാം പറയുമായിരിക്കാം. ഇന്ന് ആത്മീയ ലോകത്തിലും നടക്കുന്നത് ഇതൊക്കെ തന്നെയാണ് സ്വര്‍ഗ്ഗീയ മഹിമകളെ വിട്ട് മനുഷ്യനായി പിറന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകിയ ക്രിസ്തുവിന്റെ പിന്‍ഗാമികളായ നാം അധികാരത്തിനായി, കസേരയ്ക്കായി കാണിക്കുന്ന ഹീനകൃത്യങ്ങള്‍ മേല്‍ ഉദ്ധരിച്ചതിനെക്കാള്‍ തരം താണതല്ലേ. വ്യാജമടങ്ങിയ ഈ-മെയില്‍ ഭോഷ്ക്ക് നിറഞ്ഞ ഊമക്കത്തുകള്‍ കൂട്ടുസഹോദരനെ ഏതുവിധേനയും നശിപ്പിക്കുവാന്‍ ഉതകുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍,  കര്‍ത്താവ് മേഘത്തില്‍ വന്നാല്‍ ഉടന്‍ പോകുമെന്ന് ഊറ്റം പറയുന്ന നാം ഇത്രയ്ക്ക് അധഃപതിക്കാമോ. ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകുന്ന നമ്മുടെ പ്രവര്‍ത്തിയില്‍ ക്രിസ്തു ജീവിക്കുന്നുണ്ടോ? പ്രത്യക്ഷത്തില്‍ ആരും ശവമായി മാറുന്നില്ല എങ്കിലും അനേകരിലെ അകത്തെ മനുഷ്യന്‍ ഇന്ന് ഒരര്‍ത്ഥത്തില്‍ ശവമായി മാറിക്കൊണ്ടിരിക്കുകയാണ്. അബ്രഹാമിനെക്കുറിച്ചും ദാവീദിനെക്കുറിച്ചും പൗലോസിനെക്കുറിച്ചും എത്ര വാചാലമായി നാം പ്രസംഗിക്കുന്നു. അവര്‍ ജീവിതത്തില്‍ കാണിച്ചതില്‍ ഏതെങ്കിലും ഒരംശം നമുക്ക് കാണിക്കുവാന്‍ കഴിയുന്നുണ്ടോ? പൗലോസ് പറയുന്നതുപോലെ ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള്‍ ആകുവീന്‍ എന്ന് പറയുവാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിയും (1കൊരി.11:1). നമുക്ക് ഈ ഭൂമിയിലെ ഒരു സ്ഥാനം അല്ല വലുത്. ക്രിസ്തു ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവനെ രാജാവാക്കുവാന്‍ യെഹുദന്മാര്‍ ശ്രമിച്ചപ്പോള്‍ അവന്‍ ഒഴിഞ്ഞു പോയതുപോലെ നമുക്ക് സ്ഥാനങ്ങള്‍ നേടുവാന്‍ ശ്രദ്ധിക്കാതെ ഈ ഭൂമിയില്‍ തികയ്ക്കുവാന്‍ ക്രിസ്തു തന്ന വേല തികയ്ക്കാം. നിന്റെ വലത് കണ്ണ് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അത് ചുഴന്നെടുത്ത് കളക, രണ്ടു കണ്ണുള്ളവനായി നരകത്തില്‍ പോകുന്നതിനെക്കാള്‍ ഒറ്റ കണ്ണുള്ളവനായി നിത്യതയില്‍ പോകുന്നത് നന്ന് എന്ന് ക്രിസ്തു പറഞ്ഞതുപോലെ എന്റെ സഹോദരനെയും കുടുംബത്തെയും വക്രബുദ്ധിയിലൂടെ ഇല്ലായ്മ ചെയ്തിട്ട് എനിക്ക് ഒരു സ്ഥാനം ലഭിക്കുന്നതിനെക്കാള്‍ ഒരു സ്ഥാനവും ഇല്ലാത്തവനായി സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുന്നത് നന്ന് എന്ന് തീരുമാനിക്കുവാന്‍ കഴിയുമോ?  ദൈവഹിതമല്ലാത്ത പ്രവര്‍ത്തികള്‍ നിമിത്തം വിശ്വാസികളില്‍ എത്രപേര്‍ ആത്മീയത്തില്‍ പുറകോട്ട് പോയി? എത്രപേര്‍ക്ക് കര്‍ത്തൃശുശ്രൂഷകന്മാരോടുള്ള സ്‌നേഹവും ബഹുമാനവും കരുതലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഊമക്കത്തുകളും ഭോഷ്ക്കുകളും ഒളിഞ്ഞിരുന്ന് എയ്ത് സാഫല്യം രുചിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മടങ്ങിവരണം. ഒരു സഭാ നേതാവിനെയോ പാസ്റ്ററെയോ തിരുത്തുവാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം അത് വിശുദ്ധമായിരിക്കട്ടെ. ഒരുവനെ വിശുദ്ധനാക്കുവാനും തിരുത്തുവാനും സ്വീകരിക്കുന്ന മാര്‍ഗ്ഗം വിശുദ്ധമായിരിക്കണം. സഭയുടെ എന്തെങ്കിലും ഉന്നത പദവികള്‍ ആഗ്രഹിക്കുന്നവര്‍ അത് നേടിയെടുക്കുവാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ക്രിസ്തീയവും വിശുദ്ധവും ആയിരിക്കട്ടെ.

No comments:

Post a Comment

please make the cooments and share