Thursday, 10 May 2012

ബ്രിട്ടീഷ്‌ റിപ്പര്‍ 'ജാക്ക്‌' സ്‌ത്രീയായിരുന്നു!


ലണ്ടന്‍: ബ്രിട്ടീഷ്‌ റിപ്പര്‍ ജാക്ക്‌ സ്‌ത്രീയായിരുന്നെന്നു വെളിപ്പെടുത്തല്‍. 1888 ലാണ്‌ ലണ്ടനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്‌. 10 ആഴ്‌ചയ്‌ക്കുള്ളില്‍ അഞ്ചു ലൈംഗികത്തൊഴിലാളികളെയാണു ജാക്ക്‌ കൊലപ്പെടുത്തിയത്‌. ജനരോഷത്തെ തുടര്‍ന്നു ലണ്ടനില്‍നിന്ന്‌ ഒളിച്ചോടിയ ജോണ്‍ വില്യംസാണ്‌ ജാക്ക്‌ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ പുതിയ കുറ്റാന്വേഷകര്‍ അദ്ദേഹത്തിന്റെ ഭാര്യ ലിസിയെയാണു പ്രതിസ്‌ഥാനത്തു നിര്‍ത്തുന്നത്‌. 

ബര്‍മിംഗ്‌ഹാം സ്വദേശി മോറിസ്‌ തന്റെ പിതാവ്‌ ബൈറനൊപ്പമാണ്‌ 'ജാക്ക്‌ ദ റിപ്പര്‍: ദ ഹാന്‍ഡ്‌ ഓഫ്‌ എ വുമണ്‍' എന്ന പുസ്‌തകത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്‌. 

സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ്‌ ചീഫ്‌ ഇന്‍സ്‌പെക്‌ടര്‍ ഫ്രെഡറിക്‌ അബ്ബര്‍ലിന്റെ സഹായവും ഈ നൂറ്റാണ്ടിലെ അന്വേഷണത്തിനുണ്ടായിരുന്നു. 

കൊലകള്‍ക്കുപയോഗിച്ച കത്തികളില്‍ നിന്നാണ്‌ അന്വേഷണം തുടങ്ങിയത്‌. ശസ്‌ത്രക്രിയ നടത്തുന്നവര്‍ ഉപയോഗിക്കുന്ന കത്തിയായിരുന്നു കൊലപാതകത്തിന്‌ ഉപയോഗിച്ചത്‌. അന്നു വെയ്‌ല്‍സിലെ സര്‍ജനായിരുന്ന സര്‍ ജോണ്‍ വില്യംസിനു നേരെയാണ്‌ സംശയം നീണ്ടത്‌. ഗര്‍ഭഛിദ്രത്തിന്‌ അദ്ദേഹം 'കുപ്രസിദ്ധനു'മായിരുന്നു. ജനരോഷത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിനു സ്‌ഥലം വിടേണ്ടി വന്നു. ആറിഞ്ചു നീളമുള്ള കത്തി ഉപയോഗിച്ചാണ്‌ എല്ലാ കൊലപാതകങ്ങളും നടത്തിയത്‌. 

കൊലയാളി വനിതയാകാമെന്ന്‌ അന്നത്തെ അന്വേഷകര്‍ ചിന്തിച്ചുപോലുമില്ല. എന്നാല്‍ സര്‍ ജോണിന്റെ പിന്‍തലമുറക്കാരിലൊരാളായ ടോണി വില്യംസിനാണു വനിതാ കൊലയാളിയെക്കുറിച്ചുള്ള സംശയം ആദ്യമായി ഉണ്ടായത്‌. അന്വേഷണം ലിസി വില്യംസിലേക്കു നീളുകയായിരുന്നു. 

കുട്ടികളില്ലാത്തതിന്റെ നിരാശയാണു ലിസിയെ കൊലപാതകിയാക്കിയെന്നാണു നിഗമനം. മരിച്ചവരുടെ ഗര്‍ഭപാത്രത്തിനു നേരേയാണ്‌ ഇവര്‍ ആക്രമണം നടത്തിയിരുന്നതത്രേ. ആക്രമണ രീതി പഠിച്ച മനഃശാസ്‌ത്ര വിദഗ്‌ധരും സ്‌ത്രീസാന്നിധ്യത്തെ ശരിവയ്‌ക്കുകയാണ്‌.

No comments:

Post a Comment

please make the cooments and share