Friday, 17 October 2014

സമയമാം രഥത്തിന്റെ പാട്ടുകാരന്‍ വോള്‍ബ്രിച്ച് നാഗേല്‍

സമയമാം രഥത്തിന്റെ പാട്ടുകാരന്‍ വോള്‍ബ്രിച്ച് നാഗേല്‍

ക്രിയേറ്റഡ് ബൈ പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍
കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'അരനാഴികനേരം' എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രേംനസീര്‍ അടക്കമുള്ള ഒന്നാംനിര താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ (നടന്‍ സായ് കുമാറിന്റെ പിതാവ് ) 'കുഞ്ഞോനാച്ചന്‍' എന്ന കഥാപാത്രമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തില്‍ പി. ലീലയും മാധുരിയും ചേര്‍ന്ന ആലപിച്ച പ്രശസ്തമായ ഗാനമാണ് 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു... ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനയുടെ ഭാഗവുമാണ് ഇന്നീ ഗാനം. പ്രിയപ്പെട്ടവരുടെ മരണസമയത്ത് ഏറെ ആശ്വാസം നല്‍കുന്ന ഗാനം. ജീവിതത്തിന്റെ നശ്വരതയും ഒപ്പം മരണാനന്തര ജീവിതത്തിലേക്കുള്ള പ്രതീക്ഷയും തുറക്കുന്ന വരികള്‍.
വയലാര്‍-ദേവരാജന്‍ ടീമിന്റെ പേരിലാണ് ഈ ഗാനത്തിന്റെ ക്രെഡ
റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനി മലയാളത്തിലുളള ഇത്ര ഭാവതീവ്രമായ ഈ ഗാനം ഒരു വിദേശി എഴുതിയതാണ് എന്നറിഞ്ഞാലോ....? അതേ, വോള്‍ബ്രിച്ച് നാഗേല്‍ എന്ന ജര്‍മന്‍ മിഷനറി കേരളത്തില്‍ വന്നു മലയാളം പഠിച്ചു നമ്മുടെ ഭാഷയില്‍ എഴുതിയ മധുരമായ അനേകം ഭക്തിഗാനങ്ങളില്‍ ഒന്നാണ് 'സമയമാം രഥത്തില്‍...' തികച്ചും അവിശ്വസനീയം!
1893ല്‍ കേരളത്തില്‍ മതപ്രചാരണത്തിനായി എത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ കുന്നംകുളവും കണ്ണൂരുമായിരുന്നു. ഈ സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിരുന്നതു കാളവണ്ടിയിലായിരുന്നു. ദീര്‍ഘമായ ഈ കാളവണ്ടി യാത്രയ്ക്കിടയ്ക്കാണ് അദ്ദേഹം മലയാള ഭക്തിഗാനങ്ങള്‍ രചിച്ചത്.
കുന്നംകുളത്തുനിന്നു കണ്ണൂരിലേക്കുള്ള കാളവണ്ടി യാത്രയിലെ ഒരു രാത്രിയിലാണ് 'സമയമാം രഥത്തില്‍...' പിറന്നത്. വിരസമായ ഒരു കാളവണ്ടി യാത്രയില്‍ ഉണര്‍ന്ന ജീവിതയാത്രയെപ്പറ്റിയുള്ള തത്വചിന്തകള്‍ അദ്ദേഹം കവിതയാക്കി. അതു തലമുറകളെ ഇന്നും ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. നാല്‍പതു വരിയോളം വരുന്ന നാഗേലിന്റെ കവിതയില്‍ നിന്നു സിനിമയുടെ സാഹചര്യത്തിനു ചേരുന്ന ഏതാനും വരികള്‍ മാത്രം വയലാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമാ ഗാനത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ചെറിയ ചില മാറ്റങ്ങളും വരുത്തി.
എന്‍ സ്വദേശം കാണ്‍മതിന് ബദ്ധപ്പെട്ടോടീടുന്നു എന്നു നാഗേല്‍ എഴുതിയത് എന്‍ സ്വദേശം കാണ്‍മതിന്നായ് ഞാന്‍ തനിയെ പോകുന്നു എന്നു വയലാര്‍ മാറ്റി.
അങ്ങനെ കവിതയുടെ അത്മാവിനെ പരുക്കേല്‍പിക്കാതെ ചില്ലറ കൈവയ്പുകള്‍ മാത്രം. സിനിമയുടെ രേഖകളില്‍ വയലാറിന്റെ പേരിലാണ് ഇൌ ഗാനമെങ്കിലും ഇതിന്റെ ക്രെഡിറ്റ് ഒരിക്കലും വയലാര്‍ അവകാശപ്പെട്ടിട്ടില്ല. തന്നെ വളരെ ആകര്‍ഷിച്ച ഈ ക്രിസ്ത്യന്‍ ഭക്തിഗാനം ചെറിയ ചില മാറ്റങ്ങളോടെ സിനമയില്‍ ഉപയോഗിച്ചു എന്നാണു വയലാര്‍ ഇതേപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഈ ഗാനത്തിന്റെ ഈണം ദേവരാജന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനും ഉടമസ്ഥന്‍ നഗേല്‍ തന്നെയാണ്. ഒരു ഇംഗ്ലിഷ് പ്രണയഗാനത്തിന്റെ ചുവടുപിടിച്ച് അദ്ദേഹം നല്‍കിയ ഇൌണത്തില്‍ സിനിമാഗാനത്തിനുവേണ്ട ചില മെച്ചപ്പെടുത്തലുകള്‍ മാത്രമേ ദേവരാജന്‍ വരുത്തിയിട്ടുള്ളൂ.
കേരളത്തില്‍ വന്നു മലയാളം പഠിച്ച് ഇവിടുത്തെ െ്രെകസ്തവ സഭയ്ക്കായി മലയാളത്തില്‍ നൂറു കണക്കിനു ഗാനങ്ങള്‍ രചിച്ച നാഗേല്‍ സായ്പിന്റെ വരികള്‍ പല ഭക്തിഗാനങ്ങളിലും വേഷംമാറി കടന്നു കൂടിയിട്ടുണ്ട്. വയലാറിനെപ്പോലെ അന്തസ്സുള്ളവര്‍ അതു നാഗേലിന്റേതാണെന്നു തുറന്നുപറയുമ്പോള്‍ മറ്റു ചിലര്‍ അതു തങ്ങളുടേതാണെന്ന് ഇന്നും മേനി നടിക്കുന്നു.
പുരോഗമന ചിന്താഗതിക്കാരനായിരുന്നു നാഗേല്‍. കുന്നംകുളത്തെ നിക്കോള്‍സണ്‍ സ്‌കൂളിലെ ഇംഗിഷ് അധ്യാപികയായിരുന്ന ആംഗോ ഇന്ത്യന്‍ മലയാളി ഹാരിയറ്റ് സബീന മിഷലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പിന്നീട് അണ്‍ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ സെക്ട് പേരില്‍ സഭ സ്ഥാപിച്ചു. നാഗേല്‍ സ്ഥാപിച്ച സഭ ഇന്നുബ്രദറണ്‍ ചര്‍ച്ചുകളില്‍ പെടുന്നു.
തൃശൂരിലെ റഹബോത്ത് അനാഥശാല, സ്‌കൂള്‍, ഇരിങ്ങാലക്കുടയിലെ ബെഥസ്ദ ബോയ്‌സ് ഹോം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. 1898ല്‍ കുന്നംകുളത്തു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ നാഗേല്‍ സഹായവുമായി ഓടിയെത്തി. പലയിടത്തും ആളുകള്‍ മരിച്ചു വീഴുകയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളില്ലാത്ത ഭീകരാവസ്ഥയുമായിരുന്നു.
അക്കാലത്ത് ആളുകള്‍ക്ക് ആശ്വാസമേകാന്‍ രചിച്ചതായിരുന്നു 'സമയമാം രഥത്തില്‍...' എന്ന പ്രശസ്ത ഗാനം. പ്രത്യാശ ഗാനമെന്ന നിലയിലാണ് ഇത് എഴുതിയതെങ്കിലും 'അരനാഴികനേരം' എന്ന സിനിമയില്‍ ഉള്‍പ്പെട്ടതോടെ ചരമഗീതമായി മാറുകയായിരുന്നു. 1914ല്‍ ഇംഗണ്ടിലേക്കു പോയ അദ്ദേഹം ഒന്നാംലോക മഹായുദ്ധത്തിനിടെ അവിടെ പെട്ടുപോയി. മക്കളെ ഇംഗണ്ടിലെ സുഹൃത്തിനെ ഏല്‍പിച്ചു ജര്‍മനിയിലേക്കു നാഗേല്‍ പലായനം ചെയ്തു.
കേരളത്തില്‍ കഴിഞ്ഞിരുന്ന ഭാര്യയേയും മക്കളേയും കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും യുദ്ധം അതിനു തടസ്സമായി. ഇതിനിടെ രോഗബാധിതനായ അദ്ദേഹം രോഗക്കിടക്കിയില്‍നിന്നു 1917 ജനുവരിയില്‍ പറവൂരിലെ മാത്തുണ്ണി മാസ്റ്റര്‍ക്കു ഒരു കത്തെഴുതി. അതില്‍ പറയുന്നു: 'ഇന്ത്യയിലുളള നിങ്ങളാണ് എന്റെ അപൂര്‍വ നിധി. അതുകൊണ്ട് എന്റെ ഹൃദയവും അവിടെയാണിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട ഇന്ത്യയിലെത്തി ഇന്ത്യക്കാര്‍ക്കുവേണ്ടി മരിക്കണമെന്നാണ് എന്റെ ആഗ്രഹം...' പക്ഷേ, ആ ആഗ്രഹം സാധിക്കാനായില്ല. 1921മേയ് 12ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പേരക്കുട്ടി പോളിന്‍മണ്‍സ് മുത്തച്ഛന്റെ വേരുകള്‍ തേടി 2009 മാര്‍ച്ചില്‍ കുന്നംകുളത്തെത്തിയിരുന്നു. നഗേല്‍ രചിച്ച ഗാനങ്ങളുടെ ഗാനസന്ധ്യ ഒരുക്കിയാണ് അദ്ദേഹത്തിന്റെ പേരക്കുട്ടിയെ കുന്നംകുളത്തുകാര്‍ വരവേറ്റത്
കടപ്പാട്: ഫെയ്‌സ് ബുക്ക്


No comments:

Post a Comment

please make the cooments and share