Friday, 17 October 2014

ബലവനാകുമ്പോള്‍ നിഗളം

ബലവനാകുമ്പോള്‍ നിഗളം
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

യഹൂദാ ഭരിച്ച രാജാക്കന്മാരില്‍ പ്രബലനായിരുന്നു ഉസ്സിയാവ്. മറ്റുള്ള രാജാക്കന്മാരെക്കാള്‍ എല്ലാം യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്ത് വളരെ നല്ല തുടക്കം ആയിരുന്നു ഉസ്സിയാവിന്റെത്. യഹോവയിങ്കലുള്ള വിശ്വാസവും  എളിമയും ഉള്ള സ്ഥിരോല്‍സാഹിയായ രാജാവ്.  യുദ്ധത്തില്‍ നേടിയ വിജയങ്ങള്‍. ചുരുങ്ങിയ നാളുകള്‍കൊണ്ട്  ശക്തനായ രാജാവായി മാറി. പ്രബലനായപ്പോള്‍ അവന്റെ ഹൃദയം തന്റെ  നാശത്തിനായി നിഗളിച്ചു.(2ദിനവൃത്താന്തം 26:16). ദേവാലയത്തില്‍ പുരോഹിതന്മാര്‍ക്കു മാത്രം ചെയ്യാന്‍ അധികാരമുള്ള  ശുശ്രൂഷകള്‍ ചെയ്യുവാന്‍ ശ്രമിക്കുകയും  അസര്യാ പുരോഹിതന്റെ നേതൃത്വത്തില്‍ പുരോഹിതവൃന്ദം രാജാവിനെ ഇതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും പരാജിതാരായി.  ഫലമോ ദൈവകോപം അവന്റെ മേല്‍ ഉണ്ടായി. തുടര്‍ന്ന്  കുഷ്ടരോഗിയായി ജീവിതകാലം മുഴുവന്‍ ഉസിയാവിന് പാളയത്തിന്  പുറത്ത് കഴിയേണ്ടി വന്നു.  പ്രതാപവാനായിരുന്ന രാജാവിന് വളരെ പരിതാപകരമായ നിലയില്‍  ലോകം വിട്ടു പോകേണ്ടി വന്നു.
മനുഷ്യരുടെ പൊതുവായ സ്വഭാവമാണ്  നേട്ടങ്ങളില്‍ നിഗളികളിക്കുക എന്നത്. നിഗളത്തിന് ഒരു പ്രത്യേകതയുണ്ട് മറ്റുള്ളവരുടെ നിഗളം ആളുകള്‍ വേഗത്തില്‍ തിരിച്ചറിയും. എന്നാല്‍ സ്വന്ത ഹൃദയത്തിലെ നിഗളം ആളുകളുടെ ദൃഷ്ടികള്‍ക്കു മറഞ്ഞിരിക്കും. നാം തനിയെ ഇരിക്കുമ്പോള്‍ വളരെ താഴ്മയുള്ള ആളാണെന്നു സ്വയം തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ നാം നിഗളമുള്ളവരാണോ എന്നുതിരിച്ചറിയാന്‍ കഴിയണം. അധികാരം ഒരോ വ്യക്തിക്കും മേല്‍ പരോക്ഷമായി ഇടപെടുകയും ഒരോരുത്തരേയും അവരറിയാതെ മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യന്‍ എല്ലാഅര്‍ത്ഥത്തിലും ബലഹീനനാണ്. ദുര്‍ബലമാണ് അവന്റെ ശരീരം. അവന്‍ നേടിയെടുക്കുന്ന അറിവും വിദ്യയുമെല്ലാം പരിമിതമാണ്. ഈ വസ്തുതകളെല്ലാമുണ്ടായിരിക്കെ സൃഷ്ടികളില്‍ ദൈവികമായി നല്‍കപ്പെട്ട ഒരു വിശിഷ്ട സ്ഥാനം മനുഷ്യനുണ്ടെന്നത് സത്യവുമാണ്. വിശുദ്ധ വേദപുസ്തകത്തില്‍ മനുഷ്യന്റെ ബലഹീനതയെ തുറന്നുകാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം നിലയും വിലയും മനസിലാക്കിക്കൊണ്ട് വളരെ വിനീതനായിട്ടായിരിക്കണം അവന്‍ തന്റെ ജീവിതം മുമ്പോട്ടുനീക്കേണ്ടത്. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം വിജയത്തിലേക്കുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്. നേര്‍വിപരീതങ്ങളായ അഹന്തയും ദുരഭിമാനവും അഹങ്കാരവും മനസില്‍വെച്ച് ജീവിക്കുന്നവന് അവസാനം പരാജയം രുചിക്കേണ്ടിവരും. ഇത് ഒരു സര്‍വാംഗീകൃത സത്യമായതിനാല്‍തന്നെ തെളിവുകള്‍ക്കും ഉദാഹരണങ്ങള്‍ക്കും പഞ്ഞമില്ല.
മനുഷ്യ ഹൃദയത്തെ ഗ്രസിക്കുന്ന അതിമാരകമായ രോഗമാണ് അഹങ്കാരമെന്ന രോഗം. അതുവഴി മനുഷ്യനില്‍ നിന്നും ആത്മാര്‍ത്ഥതയും  സല്‍സ്വഭാവങ്ങളും ഇല്ലാതകുന്നു. പകരം  അനുസരണക്കേടും ധിക്കാരവും ദുര്‍വാശിയും മനുഷ്യ മനസിലേക്ക് സന്നിവേശിക്കപ്പെടുന്നു. ഫലമോ പ്രവര്‍ത്തനങ്ങളിലൊന്നും വിജയം കാണാന്‍ സാധിക്കാതെ സ്വയം നശിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നു.  ഇവിടെ ആവശ്യം മനുഷ്യന്‍ തന്റെ കഴിവുകേടുകള്‍ തിരിച്ചറിഞ്ഞ് തനിക്ക് സ്വന്തമായി ഒന്നിനും കഴിവില്ലെന്ന ബോധത്തോടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം  ദൈവഹിതം മാത്രമായിരിക്കുമെന്ന് കരുതി വളരെ താഴ്മയോടെ കാര്യങ്ങളെ സമീപിക്കുമ്പോള്‍ അതില്‍ സ്രഷ്ടാവിന്റെ  സഹായങ്ങളുണ്ടാവുകയും കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതിലുമുപരി ശുഭപര്യവസായികമായിത്തീരുകയും ചെയ്യുന്നു.
ഏതുവിധേനയും അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതൊഴികെ മറ്റു യാതൊരു ലക്ഷ്യവുമില്ലാത്ത വ്യക്തികളായി ആരും മാറരുത്.  രാഷ്ട്രീയമായ കൈകടത്തലുകളും താല്പര്യങ്ങളും നിഷ്പക്ഷമല്ലാത്ത അസത്യമായിത്തീര്‍ന്നതിനു ചരിത്രമാണു സാക്ഷി.   മനുഷ്യനെ സര്‍വ തിന്മകളിലേക്കും നയിക്കുന്ന ദുഷ്ടശക്തിയായ പിശാച് അഹങ്കാരത്തിന്റെ ഫലമായാണ് വീണുപോയത്. സ്വയം ദൈവംചമഞ്ഞ് ഒരു ജനതയെ ഒന്നടങ്കം ദുരിതത്തിന്റെ കൈപ്പുനീരു കുടിപ്പിച്ച ഫറോവ അവസാനം  അഹന്തയുടെ ഫലം അനുഭവിച്ചുകൊണ്ട് ചെങ്കടലില്‍ മുങ്ങി താണു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ജീവിതത്തില്‍ ഔന്നത്യവും ഉയര്‍ച്ചയും ആഗ്രഹിക്കുന്ന, ജീവിതം ഒരിക്കലും വിഫലമാകരുതെന്നാശിക്കുന്ന, കര്‍മഫലശ്രുതി കൊണ്ട് ജീവിതം അര്‍ത്ഥപൂര്‍ണമാക്കാന്‍ കൊതിക്കുന്ന ഏതൊരാളും ഇതംപ്രഥമമായി ചെയ്യേണ്ടത് ലാളിത്യത്തിലൂടെയും താഴ്മയിലൂടെയും ജീവിതചക്രം മുമ്പോട്ടു നയിക്കുക എന്നതാണ്.
യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളും അപ്പസ്‌തോലന്മാരുടെ ഉപദേശങ്ങളുമാണ് സഭയുടെ അടിത്തറ. യേശു ഭൂലോകജാതനായത് മനുഷ്യരെ വീണ്ടെടുക്കുന്നതിനും ദൈവരാജ്യം സ്ഥാപിക്കുവാനുമാണ്.  ദൈവരാജ്യമാകട്ടെ മറ്റു രാഷ്ട്രങ്ങളെപ്പോലെ അധികാരാധിഷ്ഠിതമല്ല. സുവിശേഷങ്ങളില്‍ പറയുന്നത്  ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ദാസനാണ്. കര്‍ത്താവ് പീലാത്തോസിന്റെ മുമ്പില്‍ വച്ച്  പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് ഈ ലോകത്തില്‍ നിയമാധിഷ്ഠിതമായ ഒരു സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. എന്നാല്‍ ജനാധിപത്യം സഭയ്ക്ക് അന്യമല്ല. ഏകാധിപത്യം സഭയുടെ ഭരണക്രമം ആകണമെന്ന് യേശുവോ അപ്പോസ്തലന്മാരോ പറഞ്ഞിട്ടില്ല. സ്വേച്ഛാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും  മുന്‍തൂക്കമുള്ള ഭരണ സംവിധാനത്തില്‍ ജനാധിപത്യത്തിന്റെ ധാര്‍മികമൂല്യങ്ങള്‍ക്കു വേരോടാനാവില്ല.  ജനാധിപത്യം ജനസമ്മിതിയുടെ പ്രകാശനമാണ് എന്ന പ്രാക്തന സത്യം  എടുത്തുമാറ്റപ്പെട്ടാല്‍ അവശേഷിക്കുന്നത് കിരാതത്വവും സ്വേച്ഛാധിപത്യവുമാണ് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം എന്നു വേണമെങ്കില്‍ പറയാം.  ജനാധിപത്യം അതില്‍ത്തന്നെ ജനകീയമാണ്. ജനാധിപത്യത്തില്‍ സംഘടിത സമ്മര്‍ദസംഘങ്ങള്‍ പാടില്ല.
ചില  പ്രകൃതിനിയമങ്ങള്‍  നമുക്കു മാറ്റാനാവില്ല. ഉദാഹരണത്തിനു ഗുരുത്വാകര്‍ഷണ നിയമം. പൊക്കത്തില്‍ നിന്നു വീണാല്‍ ഭാരമുള്ള വസ്തുവായാലും വ്യക്തിയായാലും നിലംപതിക്കും. വീഴാതെ നില്‍ക്കുകയില്ല, മുകളിലേക്കുപോകുകയുമില്ല.നിയമം അറിയുന്നവരെ സംബന്ധിച്ചും അറിയാത്തവരെ സംബന്ധിച്ചും ഇത് ഒരേ പോലെയാണു പ്രവര്‍ത്തിക്കുന്നത്.
പ്രകൃതി നിയമങ്ങള്‍ പോലെയാണു ധാര്‍മിക നിയമങ്ങളും. ഇതും മാറ്റമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.  എന്നാല്‍ ഈ നിയമം അറിഞ്ഞാല്‍ നമുക്കു ജാഗ്രതപാലിക്കാമല്ലോ. മാത്രമല്ല ആ നിയമത്തിന്റെ ഗുണഫലം പ്രയോജനപ്പെടുത്തുകയും ചെയ്യാം. നിഗളവും താഴ്മയുമായി ബന്ധപ്പെട്ട ധാര്‍മിക നിയമവും തിരിച്ചറിയുന്നത് പ്രയോജനമാണ്. താണനിലത്തേ നീരോടൂ  എന്നും മറ്റും നമ്മുടെ നാടന്‍ചൊല്ലുകളില്‍ ഇതേ ആശയമാണ് സംഗ്രഹിച്ചു വച്ചിട്ടുള്ളത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് എന്ന ചോദ്യം ഉയരാം. ഉത്തരം ഒന്നേയുള്ളു-തലച്ചോറിലെ അറിവു നമ്മെ രക്ഷിക്കുകയില്ല. അത് ഒരടി താഴേക്കിറങ്ങി ഹൃദയത്തിലേക്കു വരണം.
നിഗളം വീഴ്ചയ്ക്കു വഴിയൊരുക്കും എന്ന നിയമം വ്യക്തികളെക്കുറിച്ചു മാത്രമല്ല, സാമ്രാജ്യങ്ങള്‍, സ്ഥലങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ  സംബന്ധിച്ചും ശരിയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക്  മുന്‍പ് നസറേത്തില്‍ നിന്ന് യേശു ഗലീല നാട്ടിലെ കഫര്‍ന്നഹൂം, ബേദ്‌സെയ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസംഗിച്ചുകൊണ്ടു നടന്നു.  പക്ഷേ ഗലീലയിലെ നസറേത്തില്‍ നിന്നും വന്ന തച്ചന്‍ നമ്മെ എന്തുപദേശിക്കാനാണ് എന്നായിരുന്നു ആ നാടുകളുടെ പൊതുവികാരം. നിഗളം അതിരു കടന്നപ്പോള്‍  യേശുക്രിസ്തു പറഞ്ഞു കഫര്‍ന്നഹൂമേ,ബേദ്‌സെയ്ദയേ നിനക്ക് ഹാ കഷ്ടം! സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുന്ന  നീ പാതാളത്തോളം താണു പോകും. പിന്നീടുള്ള ചരിത്രം പറയുന്നത് ആ പട്ടണങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ  ദുരന്തം ഉണ്ടായി. സാമ്രാജ്യങ്ങള്‍ക്കും ഇതു സംഭവിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും വീഴ്ചയും എന്ന ഗ്രന്ഥത്തില്‍ റോമന്‍ സാമ്രാജ്യത്തിന്റെ വീഴ്ചക്ക് കാരണം പുറമേ നിന്നുള്ള ഭീഷണിയുടെയോ യുദ്ധത്തിന്റെയോ ഫലമല്ല, മറിച്ച് അതിനുള്ളിലെ ആന്തരിക ജീര്‍ണതകൊണ്ടും അധികാരികളുടെ ധാര്‍ഷ്ട്യവും നിഗളവും കൊണ്ടും മാത്രം സംഭവിച്ചതാണ്.
നേട്ടങ്ങള്‍ നമ്മെ നിഗളിയാക്കാം. നേട്ടങ്ങളും അതേക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രശംസയും നമ്മുടെ തലയ്ക്കു പിടിക്കും. ബാബിലോണ്‍ സാമ്രാജ്യത്തിന്റെ അതിശക്തനായ ചക്രവര്‍ത്തിയായിരുന്നു നെബുഖദ്‌നേസര്‍. ലോകാദ്ഭുതങ്ങളിലൊന്നായ 'ആടുന്ന പൂന്തോട്ടം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. കുതിരയെ പൂട്ടിയ രഥങ്ങള്‍ മുകളിലൂടെ ഓടിപ്പോകാന്‍ പാകത്തില്‍ വീതിയുള്ളതായിരുന്നു ബാബിലോണ്‍ നഗരത്തിനു ചുറ്റുമുള്ള കോട്ടമതില്‍ എന്നും ചരിത്രം പറയുന്നു. നഗരത്തില്‍ വെള്ളം എത്തിക്കാന്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ആധുനിക ജലസേചന സംവിധാനങ്ങളെ പ്രശംസനീയമായിരുന്നു. എന്നാല്‍ ഒരു നാള്‍ സ്വന്ത കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്ന് കൊണ്ട് നെബുഖദ്‌നേസര്‍ അതെല്ലാം കണ്ട് സ്വയം അഹങ്കരിച്ച് ഇങ്ങനെ ഉരുവിട്ടു:'ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ പ്രതാപമഹത്വത്തിനായി പണിത രമഹതിയാം ബാബിലോണ്‍ അല്ലയോ?. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനു സമചിത്തത നഷ്ടമായി. ഏഴുവര്‍ഷം അദ്ദേഹം വനത്തില്‍ കാട്ടുമൃഗങ്ങളോടൊപ്പം  ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. ഒടുവില്‍ ആര്‍ക്കും ഒന്നിനെച്ചൊല്ലിയും അഹങ്കരിക്കാനില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ നെബുഖദ്‌നേസറിനു സുബോധം വന്നു. തുടര്‍ന്ന് അദ്ദേഹം  രാജ്യത്തുള്ളവര്‍ക്കെല്ലാം തന്റെ അനുഭവം വിവരിച്ച് എഴുതിയ തുറന്ന കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ലോകത്തെ എല്ലാ അധികാരങ്ങള്‍ക്കും മുകളില്‍ വാഴുന്നതു ദൈവം മാത്രം. തങ്ങളുടെ നേട്ടങ്ങളില്‍ നിഗളിച്ചു നടക്കുന്നവരെ അവിടുന്നു താഴ്ത്തുന്നു.
ഭൗതിക നേട്ടങ്ങള്‍ക്ക് നാം കൊടുക്കുന്ന വിലയേ ഉള്ളു. നമ്മുടെ നേട്ടങ്ങള്‍ മറ്റൊരാളെ സംബന്ധിച്ചിടത്തോളം വിലയില്ലാത്തതാണെന്നു വരാം. അതുപോലെ  നേട്ടങ്ങളെക്കുറിച്ചുള്ള  എല്ലാ നിഗളവും അപ്രസക്തമാകുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് അനിവാര്യമായ  മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ്.  മരണം ഒരു യാഥാര്‍ഥ്യമായിരിക്കുന്നിടത്തോളം മനുഷ്യനു നിഗളിക്കാന്‍ ഒന്നുമില്ല. സത്യത്തില്‍ മരണം, ജീവിതത്തിന്റെ നിസ്സാരത, നേടിയെന്നു കരുതുന്ന കാര്യങ്ങളുടെ വ്യര്‍ഥത എന്നിവയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം എപ്പോഴും താഴ്മയിലല്ലേ നില്‍ക്കാനാവൂ? പക്ഷേ ഇന്നത്തെ ലോകത്തിന്റെ  തലതിരിഞ്ഞ മൂല്യബോധം താഴ്മയെ ദൗര്‍ബല്യമായി കാണുകയും നിഗളത്തെ സമൂഹം ഇന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു.
രണ്ടായിരം വര്‍ഷം മുന്‍പ് ഒരു യേശുക്രിസ്തു എല്ലാവരും തന്നില്‍ നിന്ന് ഒരേയൊരു കാര്യം പഠിക്കാന്‍ ആവശ്യപ്പെട്ടു-അതു മറ്റൊന്നുമല്ല, താഴ്മയാണ്. 'ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍. എന്നാല്‍ ...നിങ്ങള്‍ ആശ്വാസം കണ്ടെത്തും. നിഗളം എപ്പോഴും അശാന്തിയാണ്, താഴ്മയാണ് ആശ്വാസം.

No comments:

Post a Comment

please make the cooments and share