ലിസ്സിയമ്മ മാത്യൂസ്,
മുളക്കുഴ
തിരുവചനത്തില്‍ സ്ത്രീയുടെ സ്ഥാനം സമാദരണീയമാണ്. അധികം ശ്രദ്ധിക്കപ്പെടാത്ത അനേക സ്ത്രീ രത്‌നങ്ങള്‍ വേദത്തിലുണ്ട്. അങ്ങനെയുള്ളവരില്‍ ഒരുവളായിരുന്നു ശൗലിന്റെ വെപ്പാട്ടിയായിരുന്നു രിസ്പ (2ശമു 3:7). അവര്‍ അവന് അര്‍മ്മോനിയെയും മെഫീബോശെത്തിനെയും പ്രസവിച്ചു.
യോശുവയുടെ നേതൃത്വത്തില്‍ യിസ്രയേല്‍മക്കള്‍ യെരിഹോവിനോടും ഹായിയോടും ചെയ്തതൊക്കെയും ഗിബയോന്യര്‍ കേട്ടപ്പോള്‍ അവര്‍ പരിഭ്രമിച്ച് ഉപായം പ്രയോഗിച്ച് യിസ്രയേലുമായി ഉടമ്പടി ചെയ്തു. യോശുവയും പ്രഭുക്കന്മാരും അവരെ നശിപ്പിക്കുകയില്ലെന്ന് യിസ്രയേലിന്റെ ദൈവമായ യഹോവയെ കൊണ്ട് അവരോടു സത്യം ചെയ്തതിനാല്‍ അവര്‍ വാക്കു പാലിച്ചു. എന്നാല്‍, ശൗലിന്റെ ഭരണകാലത്ത് അവന്‍ ഈ ഉടമ്പടി ലംഘിച്ച് ഗിബയോന്യരെ കൊന്നു.
ശൗലിന്റെ കാലശേഷം ദാവീദ് രാജാവായി. മൂന്നുസംവത്സരം ദേശത്ത് തുടരെത്തുടരെ ക്ഷാമം ഉണ്ടായി. ദാവീദ് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. യഹോവയുടെ നാമത്തില്‍ ചെയ്ത ഉടമ്പടി ലംഘിച്ചു ഗിബയോന്യരെ ശൗല്‍ കൊന്നതിന്റെ ശിക്ഷയാണ് ക്ഷാമകാരണം എന്ന് യഹോവ അരുളിചെയ്തു. പരിഹരാര്‍ത്ഥം എന്താണു ചെയ്യേണ്ടതെന്ന് ദാവീദ് ഗിബയോന്യരുമായി കൂടി ആലോചിച്ചു. ശൗലിനോടും അവന്റെ ഗൃഹത്തോടും പ്രതികാരം ചെയ്യുവാന്‍ അവന്റെ മക്കളില്‍ ഏഴുപേരെ അവന്‍ ആവശ്യപ്പെട്ടു. അങ്ങനെ രിസ്പയുടെ രണ്ടു പുത്രന്മാരെയും ശൗലിന്റെ മകള്‍ മേരബ് അഭ്രിയേലിനു പ്രസവിച്ച, മക്കളില്ലാതിരുന്ന മീഖള്‍ വളര്‍ത്തിയ അഞ്ചു പുത്രന്മാരെയും രാജാവ് ഗിബയോന്യര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. ശൗലിനോടും അവന്റെ ഗൃഹത്തോടും പ്രതികാരം ചെയ്യുന്നതിനും ദേശത്തു നിന്ന് ക്ഷാമം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും നിരപരാധികളായ ഏഴുപേര്‍ കൊല്ലപ്പെട്ടു.
കൊയ്ത്തുകാലത്തിന്റെ ആരംഭത്തിലാണ് അവരെ കൊന്നത്. അന്യായമായി കൊല്ലപ്പെട്ടവര്‍ക്ക് ന്യായവും യോഗ്യവുമായ ശവസംസ്‌ക്കാരം അവള്‍ ആഗ്രഹിച്ചു. പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ തൊടുവാന്‍ സമ്മതിയ്ക്കാതെ ഏഴു ശവശരീരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് രിസ്പാ. കാരണം അവളുടെ ഉള്ളില്‍ ന്യായപ്രമാണസത്യങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെങ്കില്‍ അവനെകൊന്ന് ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തില്‍ രാത്രി മുഴുവനും ഇരിക്കരുത്, തൂങ്ങിമരിച്ചവര്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്ഥന്‍ ആകുന്നു. (ആവ. 21:22). സന്ധ്യയ്ക്കു മുമ്പേ ശവശരീരം മരത്തില്‍ നിന്ന് ഇറക്കേണം എന്നുള്ള പ്രമാണം രിസ്പയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. നമ്മുടെ കര്‍ത്താവിന്റെ ശരീരവും സന്ധ്യയ്ക്കുമുമ്പേ അന്ന് അരിമഥ്യയിലെ യോസഫ് എന്ന രഹസ്യശിഷ്യന്‍ ക്രൂശില്‍ നിന്നും ഇറക്കി പീലാത്തോസിന്റെ പക്കല്‍ നിന്നും ഏറ്റുവാങ്ങി, ശരീരം നിര്‍മ്മല ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയില്‍ വച്ചു.
അവള്‍ ഒറ്റയ്ക്ക് മരത്തില്‍ കയറി ഏഴു ശരീരങ്ങളും സന്ധ്യയ്ക്കു മുമ്പേ മരത്തില്‍ നിന്നും ഇറക്കി ചാക്കുശീല എടുത്ത് പാറമേല്‍ വിരിച്ച് അതില്‍ കിടത്തി. യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു ഈ സംഭവം. യവക്കൊയ്ത്തിന്റെ അവസാന ദിവസങ്ങളില്‍ ഒരു മഴയുടെ മുഴക്കം ഉണ്ടാകും എന്ന മുന്നറിവ് രിസ്പയ്ക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ജഡം മണ്ണില്‍ അലിയും, അസ്ഥികളെ എടുത്ത് പിതാക്കന്മാരുടെ കല്ലറയില്‍ കുഴിച്ചുമൂടാം. ഇതായിരുന്നു അവളുടെ പ്രത്യാശ.
ഭക്തന്റെ ഭാവി പ്രത്യാശ എന്നത് കര്‍ത്താവിന്റെ പുനരാഗമനമാണ്. അന്ന് മരിച്ച വിശുദ്ധന്മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവനോടെ ശേഷിക്കുന്നവര്‍ രൂപാന്തരം പ്രാപിക്കുകയും ചെയ്യും. കൃപയുഗത്തിന്റെ ആരംഭത്തില്‍ പത്രൊസിന്റെ പ്രസംഗത്തില്‍ മൂവായിരം പേര്‍ രക്ഷിക്കപ്പെട്ട് സഭയോടു ചേര്‍ന്നു. അന്ന് യവക്കൊയ്ത്തിന് ആരംഭം കുറിച്ചു. യവക്കൊയ്ത്തിന്റെ അവസാന കാലഘട്ടത്തില്‍ എത്തിയിരിക്കുന്ന നാം സന്ധ്യയ്ക്കു മുമ്പേ കൊയ്ത്തിനായി ഇറങ്ങണം.
ആകാശത്തിലെ പക്ഷികള്‍ ദുരാത്മാവിനെ കുറിക്കുന്നു. അബ്രഹാമിന്റെ യാഗം ശരിയാകാതെ വന്നപ്പോള്‍ യാഗവസ്തുവിന്മേല്‍ ആകാശത്തുനിന്നും റാഞ്ചന്‍ പക്ഷികള്‍ ഇറങ്ങിവന്നതുപോലെ (ഉല്പത്തി. 15:11) പരിശുദ്ധത്മാവിന് നമ്മെ വിധേയപ്പെടുത്തിയില്ല എങ്കില്‍ നമ്മില്‍ വ്യാപരിക്കുന്നത് ദുരാത്മാവാണ്. പക്ഷി വ്യക്തിയുടെ ജീവിതത്തെ കൊത്തിതിന്നും. അങ്ങനെ സംഭവിക്കാതെയിരിക്കണമെങ്കില്‍ രിസ്പയെപ്പോലെ നാം കാവല്‍ നില്‍ക്കണം. കാട്ടുമൃഗങ്ങള്‍ രാഷ്ട്രശക്തികളെ സൂചിപ്പിക്കുന്നു. വെളിപ്പാട്. 11:7-ല്‍ ആഴത്തില്‍ നിന്നും കയറി വരുന്ന മൃഗത്തെ രാഷ്ട്രശക്തികളോട് ഉപമിച്ചിരിക്കുന്നു. സുവിശേഷത്തിന്റെ വ്യാപ്തിക്കെതിരായി രാഷ്ട്ര ശക്തികള്‍ എഴുന്നേല്‍ക്കും. രാഷ്ട്രീയ
ശക്തികളോ ദുരാത്മാക്കളോ
സ്വാധീനിക്കുവാന്‍ സമ്മതിക്കാതെ നാം ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരും കാവല്‍ നില്‍ക്കുന്നവരുമായിത്തീരേണം. ''ഞാന്‍ മൂന്നു സംവല്‍സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തു കൊണ്ട് ഓരോരുത്തന് ബുദ്ധി പറഞ്ഞ് തന്നത് ഓര്‍ത്തു കൊള്‍വീന്‍ (അ: പ്ര 20:31) എന്ന് പൌലോസ് ഓര്‍മ്മിപ്പിക്കുന്നു. സുവിശേഷം അറിയിക്കുക മാത്രമല്ല ദീര്‍ഘക്ഷമയോടെ ആത്മാക്കള്‍ക്കുവേണ്ടി രാപ്പകല്‍ കരയേണ്ടതും
ആവശ്യമാണ്.
അഞ്ചുമക്കളുടെ അമ്മയ്ക്ക് ആത്മഭാരമില്ല. അംഗസംഖ്യ കൂടുതല്‍ ഉണ്ടെങ്കിലും ജീവപുസ്തകത്തില്‍ പേരെഴുതിക്കാണപ്പെടുവാന്‍ തക്കവണ്ണം അവള്‍ ജാഗരിക്കുന്നില്ല. നാമധേയ ക്രൈസ്തവ സഭയ്ക്കു നിദാനമാണ് അവള്‍. അംഗസംഖ്യകുറവെങ്കിലും വേര്‍പെട്ട് വചനപ്രകാരം ആരാധിക്കുന്ന ക്രിസ്തുവിന്റെ സഭയ്ക്ക് നിഴലാണ് രിസ്പാ. കാരണം, അവള്‍ നൊന്തു പ്രസവിച്ച മക്കള്‍ക്കുവേണ്ടി മാത്രമല്ല മറ്റേ അമ്മയുടെ മക്കള്‍ക്കുവേണ്ടിയും കാവല്‍ നില്‍ക്കുകയാണ്. ത്യാഗപൂര്‍ണ്ണയായ രിസ്പാ ആത്മഭാരമുള്ള സുവിശേഷകര്‍ക്ക് തുല്യയാണ്.
വിശ്വപ്രസിദ്ധ ചിത്രകാരന്മാര്‍ രിസ്പയുടെ ദുരിതാനുഭവം ക്യാന്‍വാസില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്. വിശ്വസാഹിത്യത്തില്‍ മാത്യസ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്ന അതുല്യമായ ഒരു ഉപാഖ്യാനമാണ് രിസ്പയുടെ കഥ. പകലിലെ കഴുകന്മാരോടും രാത്രിയിലെ വന്യമൃഗങ്ങളോടും പടവെട്ടി തന്റെ പ്രിയപ്പെട്ടവരുടെ ശവശരീരങ്ങള്‍ അവള്‍ സൂക്ഷിച്ചു.
ശൗലിന്റെ ഗൃഹത്തോടുള്ള യഹോവയുടെ ന്യായവിധിയുടെ കാലം അവസാനിച്ചു എന്നതിന്റെ അടയാളമായി ദേശത്തു മഴ പെയ്തു. ക്ഷാമത്താല്‍ വരണ്ട നിലം ചൈതന്യം പ്രാപിച്ചു. രിസ്പയുടെ കഷ്ടതയും അവസാനിച്ചു. പരിശുദ്ധാത്മാവിന്റെ മഴ ഒരുവന്റെ മേല്‍ പെയ്തുകഴിയുമ്പോള്‍ അവന്റെ കഷ്ടതകള്‍ക്കും അറുതിയുണ്ടാകും. രിസ്പ ചെയ്തത് ദാവീദ് കേട്ടിട്ട് അസ്ഥികളെ പിതാക്കന്മാരുടെ കല്ലറയില്‍ കുഴിച്ചിടുവാന്‍ അനുമതി നല്‍കി (2 ശമുവേല്‍ 21:12)
ഗില്‍ബോവ പര്‍വ്വതത്തില്‍ വച്ച് ഫെലിസ്ത്യന്‍ ശൗലിനെയും മകന്‍ യോനാഥാനെയും കൊന്നപ്പോള്‍ ഗിലെയാഗിലെ യബേശ് നിവാസികള്‍ അവിടെനിന്നും മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. അസ്ഥികള്‍ ദാവീദ് അവിടെനിന്നും വരുത്തി തുക്കിക്കൊന്ന ഏഴുപേരുടെ അസ്ഥികളും ശേഖരിച്ച് ബെന്യാമീന്‍ദേശത്ത് സേലയില്‍ ശൗലിന്റെ അപ്പനായ കീശിന്റെ കുടുംബകല്ലറയില്‍ സംസ്‌ക്കരിച്ചു. അങ്ങനെ രിസ്പയുടെ അനേക മാസക്കാലത്തെ ദൃഢചിത്തതയുടെയും അതുല്യമാതൃസ്‌നേഹത്തിന്റെയും ഫലമായി അവളുടെ പ്രിയപ്പെട്ടവരുടെ അസ്ഥികള്‍ രാജയോഗ്യമായ രീതിയില്‍ സംസ്‌ക്കരിയ്ക്കപ്പെട്ടു.
നാം ആത്മാക്കളുടെ വിടുതലിനുവേണ്ടി അദ്ധ്വാനിക്കുന്നത്, ഉപവസിക്കുന്നത്, പ്രാര്‍ത്ഥിയ്ക്കുന്നത് നല്ല ദാവീദായ കര്‍ത്താവ് കേട്ടിട്ട് നമ്മെ കൈ കൊള്ളണം.
ദാവീദ് വര്‍ത്തമാനം കേട്ടിട്ട് മരിച്ചവരുടെ അസ്ഥികളെ അവരുടെ പിതാക്കന്മാരുടെ കല്ലറയില്‍ ചേര്‍ത്തു. നാം കണ്ണുനീരോട്, ത്യാഗത്തോടെ, സമര്‍പ്പണത്തോടെ നേടിയ ആത്മാക്കളെ കര്‍ത്താവ് തന്റെ വരവിങ്കല്‍ ചേര്‍ത്തുകൊള്ളും.
രിസ്പയുടെ മക്കളോ മീഖളിന്റെ മക്കളോ ചെയ്ത പാപം നിമിത്തമല്ല അവര്‍ കൊല്ലപ്പെട്ടത്. ആദിമനുഷ്യനായ ആദാം പാപം ചെയ്തതു നിമിത്തം നാം ശാപഗ്രസ്തരായി. ശാപഗ്രസ്ഥരെ വിടുവിക്കുവാന്‍ സുവിശേഷം അറിയിയ്ക്കണം. അതിന് രിസ്പയെപ്പോലെ ത്യാഗവും സമര്‍പ്പണവും ആവശ്യമാണ്.
യേശുപറഞ്ഞു ''എന്നെ അയച്ചവന്റെ പ്രവര്‍ത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചു കൂടാത്ത രാത്രി വരുന്നു'' യോഹന്നാന്‍ 9:4. ദേശത്തിന്റെ,
സഭയുടെ, കുടുംബത്തിലെ ആത്മാക്കളുടെ കാവല്‍ക്കാരായി ദൈവം നമ്മെ ആക്കി വച്ചിരിക്കുന്നു.
കാവല്‍ക്കാര രാത്രി എന്തായി എന്ന് ദൈവം നമ്മോടു ചോദിക്കുമ്പോള്‍ ധൈര്യത്തോടെ ഉത്തരം പറയുവാന്‍ നമുക്കു കഴിയുമോ?
No comments:
Post a Comment
please make the cooments and share