Showing posts with label Kauthakam. Show all posts
Showing posts with label Kauthakam. Show all posts

Saturday, 11 February 2012

ചാരിറ്റി ബോക്‌സില്‍ 1 കിലോ സ്വര്‍ണം!






ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവനകള്‍ നല്‍കുന്നത്‌ വളരെ നല്ല കാര്യമാണ്‌. ചിലര്‍ സംഭാവന നല്‍കുന്ന രീതിയും സംഭാവനകളുടെ വലുപ്പവും മറ്റുളളവരെ ചിലപ്പോള്‍ അത്ഭുതത്താല്‍ ഞെട്ടിച്ചുകളയും. അത്തരത്തിലൊരു സംഭാവന കൊടുക്കലാണ്‌ ബലാറഷ്യന്‍ നഗരമായ ബ്രെസ്‌റ്റിലും നടന്നത്‌.

ബ്രെസ്‌റ്റിലെ ഒരു പലചരക്കുകടയില്‍ സ്‌ഥാപിച്ചിരുന്ന പളളിയുടെ ചാരിറ്റി ബോക്‌സില്‍ അജ്‌ഞാതനായ ഒരാള്‍ നിക്ഷേപിച്ചത്‌ ഒരു കിലോഗ്രാം ഭാരം വരുന്ന ഒരു സ്വര്‍ണക്കട്ടിയാണ്‌! സ്വര്‍ണക്കട്ടി മാത്രമല്ല അത്‌ ശുദ്ധമാണെന്ന്‌ തെളിയിക്കുന്ന സാക്ഷ്യപത്രവും അജ്‌ഞാതന്‍ ബോക്‌സില്‍ നിക്ഷേപിച്ചിരുന്നു!

മധ്യവയസ്‌കനായ ഒരാളാണ്‌ സ്വര്‍ണക്കട്ടി സംഭാവനയായി നിക്ഷേപിച്ചത്‌ എന്നാണ്‌ കടയുടെ കാവല്‍ക്കാര്‍ പറയുന്നത്‌. ഇയാള്‍ നേരത്തെ സമീപത്തുളള ഒരു പളളിയുടെ കാവല്‍ക്കാരന്റെ കൈവശം സ്വര്‍ണക്കട്ടി സംഭാവനയായി കൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അയാള്‍ അത്‌ വാങ്ങാന്‍ തയാറായിരുന്നില്ല. സ്വര്‍ണ്ണക്കട്ടിക്ക്‌ 50,000 ഡോളര്‍ വിലമതിക്കും.

Monday, 23 January 2012

ഖുറാന്‌ ഭാരം 500 കിലോഗ്രാം!



 
മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത്‌ പ്രതി നിര്‍മ്മിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ്‌ സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്‌. ഖേദ്രിയും ഒന്‍പത്‌ സഹായികളും ചേര്‍ന്ന്‌ അഞ്ച്‌ വര്‍ഷംകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്‌. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത്‌ പ്രദര്‍ശിപ്പിച്ച ഖുറാനാണ്‌ ലോകത്തില്‍ ഏറ്റവും വലുത്‌ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്‌. എന്നാല്‍, ഖേദ്രി ഇത്‌ പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 500 കിലോഗ്രാം ഭാരമാണുളളത്‌. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച്‌ കൂടുതലാണ്‌ - 465,000 ഡോളര്‍!

2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത്‌ പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത്‌ കാരണം രണ്ട്‌ വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്‌.

Monday, 16 January 2012

മകനെ വില്‍ക്കാന്‍ ഫേസ്‌ബുക്കില്‍!

http://kerugmas.blogspot.com/2012/01/blog-post_16.html

  
സൗദി സ്വദേശിയായ സൗദ്‌ ബിന്‍ നാസ്സര്‍ അല്‍ ഷാഹ്രി തന്റെ മകനെ ഫേസ്‌ബുക്കില്‍ വില്‍ക്കാന്‍ വച്ചു. രണ്ട്‌ കോടി ഡോളര്‍ നല്‍കുന്നവര്‍ക്ക്‌ മകനെ വില്‍ക്കാമെന്നായിരുന്നു വാഗ്‌ദാനം. കുട്ടിയെ വാങ്ങുന്നവര്‍ അവനെ ഏതു നഗരത്തിലേക്കാണ്‌ കൊണ്ടുപോകുന്നത്‌ എന്ന്‌ പറയണമെന്ന്‌ മാത്രം.

എന്നാല്‍, കടുത്ത ഇസ്ലാമിക നിയമം നിലവിലുളള രാജ്യത്ത്‌ അല്‍ ഷാഹ്രിയുടെ പരസ്യം മതനേതാക്കളുടെ അപ്രീതിക്ക്‌ പാത്രമായത്‌ സ്വാഭാവികം മാത്രം. മതനേതാക്കള്‍ കടുത്ത നിലപാടിലേക്ക്‌ നീങ്ങിയതോടെ ഷാഹ്രി തന്റെ നിലപാടിന്‌ വിശദീകരണം നല്‍കി, താന്‍ മകനെ വില്‍ക്കാനല്ല പരസ്യം നല്‍കിയത്‌. കടബാധ്യതകള്‍ ഏറി ആഹാരത്തിനും വസ്‌ത്രത്തിനുമായി ഇരക്കേണ്ട അവസ്‌ഥ വന്നപ്പോള്‍ അബ്‌ദുളള രാജാവിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ്‌ പരസ്യം നല്‍കിയത്‌ എന്നും ഷാഹ്രി വ്യക്‌തമാക്കി. തന്റെ ഉപജീവന മാര്‍ഗ്ഗമായ വ്യാപാരം തകര്‍ന്നതോടെ ജീവിതം മുന്നോട്ട്‌ നീക്കാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി. പ്രായം കൂടിയതിനാല്‍ തൊഴിലില്ലായ്‌മ വേതനം പോലും ലഭിച്ചില്ല എന്നും ഇയാള്‍ പറയുന്നു.

എന്നാല്‍, സ്വന്തം മകനെ വില്‍ക്കാന്‍ വച്ച കുറ്റത്തെ ഇതൊന്നും ന്യായീകരിക്കില്ല എന്നാണ്‌ മത നേതാക്കളുടെ പക്ഷം.

Saturday, 14 January 2012

ഇരട്ടക്കുട്ടികള്‍ രണ്ടു വര്‍ഗ്ഗക്കാര്‍



ബര്‍ലിന്‍: ഇരട്ടക്കുട്ടികള്‍ തമ്മിലുള്ള സാമ്യം പലരെയും ചുറ്റിക്കാറുണ്ട്‌. എന്നാല്‍ ആരെയും കണ്‍ഫ്യുഷന്‍ അടിപ്പിക്കാത്ത ഒരു അപൂര്‍വ്വ ഇരട്ടകളുടെ ജനനം ജര്‍മ്മനിയില്‍ നടന്നു. കിഴക്കന്‍ ജര്‍മനിയില്‍ ജനിച്ച ഇരട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ കറുത്ത വര്‍ഗക്കാരിയും മറ്റൊരാള്‍ വെളുത്ത വര്‍ഗക്കാരിയും. പത്തുലക്ഷത്തിലൊന്നു മാത്രം സംഭവിക്കുന്ന അത്യപൂര്‍വ പ്രതിഭാസമാണിതെന്നു ഗവേഷകര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ സങ്കരയിനമായതാണ്‌ ഈ പ്രതിഭാസത്തിനു കാരണം.

ഡെന്റിസ്‌റ്റ് അസിസ്‌റ്റന്റായ ഗ്രിറ്റ്‌ ഫുങ്കെ എന്ന നാല്‍പ്പതുകാരിക്കും അവരുടെ നൈജീരിയക്കാരനായ പാര്‍ട്‌ണര്‍ക്കുമാണ്‌ അപൂര്‍വ ഇരട്ടകള്‍ ജനിച്ചത്‌. വെള്ളനിറമുള്ള പെണ്‍കുട്ടിയാണ്‌ ആദ്യം ജനിച്ചത്‌. പിന്നാലെ കറുത്ത പെണ്‍കുട്ടിയും.

ഇവര്‍ക്കു നേരത്തേ തന്നെ ഒരു ആണ്‍കുട്ടിയുണ്ട്. വീണ്ടും കുട്ടികളെ ആഗ്രഹിക്കാതിരുന്നപ്പോഴാണ്‌ ഗര്‍ഭം ധരിക്കുന്നത്‌. അതില്‍ അപൂര്‍വ ഇരട്ടകളും ജനിച്ചു. വെളുത്ത കുട്ടിയ്‌ക്ക് ലിയോണി എന്നും കറുത്തയാള്‍ക്ക്‌ ലൂയിസ എന്നുമാണ്‌ പേരിട്ടിരിക്കുന്നത്‌.

ആഫ്രിക്കന്‍ കുട്ടികളില്‍ കാണുന്ന സ്വഭാവ സവിശേഷതകളാണ്‌ ലൂയിസയിലുള്ളത്‌. കൂടുതല്‍ നേരം ഉറങ്ങുന്നു, വലിയ ബഹളം വയ്‌ക്കുന്നില്ല. ലിയോണി നേരേ തിരിച്ചുമാണ്‌.

ജര്‍മനിയില്‍ ഇതുപോലെയുള്ള ജനനം മുന്‍പും നടന്നിട്ടുണ്ട്. ഒന്ന്‌ 2005 ല്‍ ലൈപ്‌സിഗിലും 2008 ല്‍ ബര്‍ലിനിലുമാണ്‌ സംഭവിച്ചത്‌.പോയ വര്‍ഷം ബ്രിട്ടനിലും ഇതുപോലൊരു ജന്മം നടന്നിരുന്നു.ഇരട്ടക്കുട്ടികളുണ്ടായതില്‍ കറുപ്പുകാരിയും വെളുപ്പുകാരനും.

ഇരട്ട സഹോദരിക്ക്‌ 5 വയസ്സ്‌ ഇളപ്പം!


   
ഇരട്ടകള്‍ തമ്മിലുളള പ്രായ വ്യത്യാസം എത്രത്തോളമാകാം? സാധാരണഗതിയില്‍ മിനിറ്റുകള്‍ എന്ന്‌ നമുക്ക്‌ സംശയലേശമന്യേ പറയാം. എന്നാല്‍, സസെക്‌സിലെ ഫ്‌ളോറന്‍ ബ്ലേക്ക്‌, റൂബേന്‍ എന്നീ ഇരട്ടകളുടെ പ്രായ വ്യത്യാസം ആര്‍ക്കും അങ്ങനെ എളുപ്പത്തില്‍ പറയാനാവില്ല. കാരണം, ഇവര്‍ ജനിച്ചത്‌ അഞ്ച്‌ വര്‍ഷത്തെ ഇടവേളയിലാണ്‌!

കുട്ടികളില്ലാതിരുന്ന ഈ അപൂര്‍വ ഇരട്ടകളുടെ മാതാപിതാക്കള്‍ 2005-ല്‍ 'ബ്രിസ്‌റ്റോള്‍ സെന്റര്‍ ഫോര്‍ റിപ്രൊഡക്‌റ്റീവ്‌ മെഡിസിനി'ലെ വിദഗ്‌ധരെ സമീപിച്ച്‌ ഐവിഎഫ്‌ രീതി പരീക്ഷിക്കുകയായിരുന്നു. അന്ന്‌ അഞ്ച്‌ ഭ്രൂണങ്ങള്‍ തയ്യാറാക്കി എങ്കിലും രണ്ടെണ്ണം മാത്രമാണ്‌ മാതാവില്‍ നിക്ഷേപിച്ചത്‌. അങ്ങനെ അവര്‍ക്ക്‌ 2006 ഡിസംബറില്‍ റൂബേന്‍ എന്ന പുത്രന്‍ ജനിച്ചു.

കഴിഞ്ഞ വര്‍ഷമാണ്‌ റൂബേന്‌ ഒരു കൂട്ട്‌ വേണമെന്ന്‌ മാതാപിതാക്കള്‍ തീരുമാനിക്കുന്നത്‌. അങ്ങനെ അവര്‍ വീണ്ടും ആശുപത്രിലെത്തി. 2005 മുതല്‍ ശീതീകരിച്ച്‌ വച്ചിരുന്ന മൂന്ന്‌ ഭ്രൂണങ്ങളിലൊന്നില്‍ നിന്ന്‌ റൂബേന്റെ മാതാവ്‌ ഫ്‌ളോറന്‍ ബ്ലേക്ക്‌ എന്ന സുന്ദരിക്കുട്ടിയെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്‌തു. അതായത്‌, അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം റൂബേന്റെ ഇരട്ട സഹോദരി പിറന്നു!

പളളിയില്‍ പച്ചകുത്തിക്കൊടുക്കും!


മിഷിഗണിലെ ഒരു പളളിയില്‍ ടാറ്റൂ സെന്റര്‍ തുടങ്ങി. ഇക്കാലത്ത്‌ വിശ്വാസികളെ ആരാധനാലയത്തില്‍ എത്തിക്കണമെങ്കില്‍ ഇത്തരം പൊടിക്കൈകള്‍ സ്വീകരിക്കണമെന്നാണ്‌ വികാരി സ്‌റ്റീവ്‌ ബെന്റ്‌ലി പറയുന്നത്‌. എന്നാല്‍, വികാരിയുടെ ചിന്താഗതിക്ക്‌ വിശ്വാസികളുടെ സമൂഹത്തില്‍ നിന്ന്‌ കടുത്ത എതിര്‍പ്പും നേരിടേണ്ടി വരുന്നുണ്ട്‌.

ഫ്‌ളിന്റ്‌ ടൗണ്‍ഷിപ്പിലെ ഒരു ഷോപ്പിംഗ്‌ മാളിലാണ്‌ വാര്‍ത്തകളില്‍ സ്‌ഥാനം പിടിച്ച ബ്രിഡ്‌ജ് പളളിയുടെ സ്‌ഥാനം. പളളിയോട്‌ ചേര്‍ന്ന്‌ 'സെറിനിറ്റി ടാറ്റൂ' എന്ന പേരിലാണ്‌ പച്ചകുത്ത്‌ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. ആളുകള്‍ പരമ്പതാഗതമായ ആരാധനാ സ്‌ഥലങ്ങളില്‍ വരുന്നതിന്‌ മടികാണിക്കുന്നു. ഇത്തരത്തില്‍ മതത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെ മറികടക്കുന്നതിനാണ്‌ വേറിട്ട ചിന്ത പ്രാവര്‍ത്തികമാക്കുന്നതെന്ന്‌ ബെന്റ്‌ലി പറയുന്നു.

ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി എട്ട്‌ വരെ പളളിയിലെ ടാറ്റൂ സെന്റര്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. തന്റെ ആശയം വിജയിച്ചു എന്നും വിശ്വാസികളെ ആകര്‍ഷിക്കുന്നതിന്‌ തനിക്ക്‌ സാധിച്ചു എന്നും സ്‌റ്റീവ്‌ ബെന്റ്‌ലി അവകാശപ്പെടുന്നു. ഇതുകൊണ്ട്‌ മാത്രം ബെന്റ്‌ലി അവസാനിപ്പിക്കുന്നില്ല. ഇനി രണ്ട്‌ റസ്ലിംഗ്‌ മത്സരങ്ങള്‍ കൂടി നടത്തുന്നതിനാണ്‌ ബെന്റ്‌ലിയുടെ തീരുമാനം.

പരസ്യം പതിക്കാന്‍ നിതംബം!‍




പരസ്യം പതിക്കാന്‍ നിതംബം!‍
   
കടം കയറി വലഞ്ഞപ്പോള്‍ ന്യൂസിലന്‍ഡിലെ വെല്ലിംഗ്‌ടണ്‍ സ്വദേശിനിയായ ടിന ബെസ്‌നെകിന്‌ ഒരു ആശയം തോന്നി - സ്വന്തം നിതംബം പരസ്യം പതിക്കാന്‍ നല്‍കുക! ഇതിനായി പരസ്യം നല്‍കിയ ടിന ശരിക്കും ഞെട്ടിപ്പോയി, ഓണ്‍ലൈന്‍ പരസ്യം പ്രസിദ്ധീകരിച്ച്‌ മണിക്കൂറുകള്‍ക്കുളളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ്‌ പരസ്യം വായിച്ചത്‌! പരസ്യത്തിനായുളള ലേലത്തുക 11,000 ന്യൂസിലന്‍ഡ്‌ ഡോളര്‍ വരെ ഉയരുകയും ചെയ്‌തു.

ജനുവരി 20 ന്‌ ആണ്‌ ലേലം അവസാനിക്കുക. അതിനടുത്ത ദിവസം പരസ്യം പച്ചകുത്തുന്നത്‌ ലേലത്തില്‍ വിജയിക്കുന്ന ആള്‍ക്ക്‌ ലൈവായി കാണുകയും ചെയ്യാം! എന്തായാലും തനിക്ക്‌ ലഭിക്കുന്ന ലേലത്തുക ഒറ്റയ്‌ക്ക് ചെലവാക്കാന്‍ ടിന ഇഷ്‌ടപ്പെടുന്നില്ല. തുകയുടെ 20 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടും. ബാക്കി തുക ഉപയോഗിച്ച്‌ കടം തീര്‍ക്കുമെന്നും സാധിക്കുമെങ്കില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അമ്മയെ സന്ദര്‍ശിക്കുമെന്നും ടിന പറയുന്നു.